
തലസ്ഥാനത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിമാന സ്ഥാപനങ്ങളിലൊന്നാണ് ട്രാവൻകൂർ ടൈറ്റാനിയം.ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദനം വഴി വൻ ലാഭം നേടിക്കൊണ്ടിരിക്കുന്ന വ്യവസായ ശാലകളിലൊന്നുമാണ് .പലപ്പോഴായി പലവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമ വാർത്തകളിൽ ഇടം പിടിക്കാൻ ഈ സ്ഥാപനത്തിന് ഭാഗ്യവും ലഭിച്ചിട്ടുണ്ട്. അടുത്ത സമയത്ത് ഫർണസ് ഓയിൽ പൈപ്പിൽ ചോർച്ചയുണ്ടായതാണ് വാർത്തകളിൽ വീണ്ടും നിറഞ്ഞു നിൽക്കാൻ ട്രാവൻകൂർ ടൈറ്റാനിയം എന്ന സ്ഥാപനത്തിന് അവസരം നൽകിയത്.
5000 ലിറ്റർ ഫർണസ് ഓയിലാണ് ഗ്ളാസ് പൈപ്പ് ലൈൻ പൊട്ടി ചോർന്നത്.വേളി മുതൽ പുതുക്കുറുച്ചി വരെയുള്ള തീരഭാഗത്തേക്കാണ് ചോർന്ന ഫർണസ് ഓയിൽ വ്യാപിച്ചത്. മലിനീകരണ നിയന്ത്റണ ബോർഡിന്റെ നിർദ്ദേശത്തെത്തുടർന്ന് ടൈറ്റാനിയത്തിന്റെ പ്രവർത്തനവും നിറുത്തിവയ്ക്കേണ്ടി വന്നു.
പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഫർണസ് ഓയിൽ ബോയിലറിലേക്ക് പമ്പ് ചെയ്തപ്പോൾ പൈപ്പ് പൊട്ടി പുറത്തേക്ക് ഒഴുകുകയായിരുന്നു. ഫാക്ടറിയിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടാനായി നിർമ്മിച്ച ചാലിലൂടെ തീരത്തേക്ക് ഓയിൽ ഒഴുകിവരുന്നത് കണ്ട് മത്സ്യത്തൊഴിലാളികളാണ് കമ്പനി അധികൃതരെ വിവരം അറിയിച്ചത്. മണിക്കൂറുകൾക്ക് ശേഷമാണ് പമ്പിംഗ് നിറുത്തി വയ്ക്കാനായത്. തീരക്കടലിൽ പടർന്ന ഓയിൽ തിരമാലകളിലൂടെ തീരത്ത് അടിഞ്ഞു. വെട്ടുകാട് മുതൽ വേളി വരെയുള്ള ഭാഗത്തെ മണ്ണ് കമ്പനിയുടെതന്നെ സ്ഥലത്തേക്ക് ജെ.സി.ബി ഉപയോഗിച്ച് കൊണ്ടുപോയശേഷം ഓയിൽ ന്യൂട്രിലൈസർ ഉപയോഗിച്ച് നിർവീര്യമാക്കിയാണ് പ്രതിസന്ധി വേഗത്തിൽ പരിഹരിച്ചത്.
പരിസര വാസികൾക്ക് പെട്ടെന്ന് വലിയ ദുരന്തമൊന്നും നേരിടേണ്ടി വന്നില്ലെങ്കിലും ഓയിൽ ചോർച്ച നല്ല പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരാണ് പ്രദേശ വാസികളിലേറെയും. ഇതിൽ നല്ലൊരു കൂട്ടർക്കും മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത അവസ്ഥയുമായി. ഓയിൽ കടലിൽ പരന്നതോടെ മുട്ടയിടാനായി കരയിലേക്കെത്തിയ കടലാമകൾ ചത്തു. നൂറ് കണക്കിന് ആമകൾ മുട്ടയിടാനായി എത്തുന്ന ഭാഗമാണ് വെട്ടുകാടിനും വേളിക്കുമിടയിലുള്ള തീരം. തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വലകളിലും എണ്ണ പടർന്നു. ഇത് വൃത്തിയാക്കാതെ മത്സ്യബന്ധനത്തിന് പോകാനാകില്ലെന്നത് മത്സ്യത്തൊഴിലാളികളെയും സങ്കടത്തിലാക്കി.
നാട്ടുകാർ സ്ഥിരം മോഹഭംഗക്കാർ
ഏഴര പതിറ്റാണ്ടിന് മുമ്പ് തുടങ്ങിയ സ്ഥാപനമാണ് ട്രാവൻകൂർ ടൈറ്റാനിയം. സ്ഥാപനം ആരംഭിക്കും മുമ്പ് തന്നെ നാട്ടുകാർക്ക് ഇതേക്കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നതാണ്. എന്നാൽ സ്ഥാപനം പൂർണ്ണാർത്ഥത്തിൽ പ്രവർത്തിച്ചു തുടങ്ങുമ്പോൾ പ്രദേശവാസികൾക്ക് 20 ശതമാനം തൊഴിൽ സംവരണം നടപ്പാക്കുമെന്ന് ആദ്യം തന്നെ മാനേജ്മെന്റ് ഉറപ്പു നൽകിയിരുന്നു.നാട്ടുകാരാവട്ടെ കിട്ടാൻ പോകുന്ന തൊഴിലവസരത്തെക്കുറിച്ചോർത്ത് പുളകിതരായി നാളുകൾ കഴിച്ചു കൂട്ടി.സ്ഥാപനത്തിൽ ജോലിക്കാരുടെ എണ്ണം കൂടി വരുന്നതും, മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവർ ഇവിടുത്തെ ജോലിവഴി പ്രദേശവാസികളാവുന്നതും കാലക്രമത്തിൽ നാട്ടുകാർ തിരിച്ചറിഞ്ഞു.തങ്ങൾ അവഗണിക്കപ്പെടുന്ന കാര്യം പലപ്പോഴായി അധികാരികളെ നാട്ടുകാർ അറിയിച്ചെങ്കിലും പ്രത്യേക ഫലമൊന്നുമുണ്ടായില്ല. മുന്നണിഭരണം മാറുന്നതനുസരിച്ച് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടികൾക്കും മാറ്റമുണ്ടാവാറുണ്ട്. പക്ഷെ അവരും തങ്ങളുടെ ഊഴമെത്തുമ്പോൾ പ്രദേശ വാസികളെ മറക്കുന്നതാണ് കണ്ടു വരുന്നത്. ഇപ്പോൾ സ്ഥാപനത്തിൽ നിന്നും ഒരു അത്യാഹിതം സംഭവിച്ചപ്പോൾ അതിന്റെ ദുരിതം പേറേണ്ടി വന്നതും പാവങ്ങളായ ഇവിടുത്തെ ജനങ്ങളാണ്. പക്ഷെ തങ്ങളോടു കാട്ടുന്ന അവഗണനയിൽ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ഉള്ള അവസരമായൊന്നും അവർ ഫർണസ് ഓയിൽ ചോർച്ചയെ കണ്ടില്ല. തീരത്തു നിന്ന് ഓയിലിന്റെ അംശം നീക്കം ചെയ്യാനും മണ്ണുമാറ്റാനുമുള്ള യത്നങ്ങളിൽ അവർ ആത്മാർത്ഥമായി സഹകരിച്ചു. ഇത്രയും ഉദാരമനസോടെ പ്രവർത്തിച്ച പ്രദേശവാസികൾക്ക് ഇനിയെങ്കിലും ചില്ലറ തൊഴിലവസരം കൊടുക്കാൻ ബന്ധപ്പെട്ടവർ സന്മനസ് കാട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.
ഒരു ബുദ്ധിജീവിയെ കണ്ടിരുന്നെങ്കിൽ ആദരിക്കാമായിരുന്നു
കഴിഞ്ഞ 25 വർഷമായി തലസ്ഥാനത്ത് പതിവ് തെറ്റാതെ നടക്കുന്ന ഒരു ചലച്ചിത്ര മാമാങ്കമാണ് ഐ.എഫ്.എഫ്.കെ. വിദേശത്തു നിന്നുള്ളവയടക്കം കലാമേന്മയും വ്യത്യസ്തതയുമുള്ള നിരവധി ചലച്ചിത്രങ്ങൾ ഇവിടുത്തെ ചലച്ചിത്ര പ്രേമികൾക്ക് കാണാൻ അവസരം കിട്ടിത്തുടങ്ങിയത് ഈ മേള വഴിയാണ്. ചലച്ചിത്ര മേള നടക്കുന്ന സമയങ്ങളിൽ തലസ്ഥാനത്തെ പതിവ് കാഴ്ചയായിരുന്നു ബുദ്ധിജീവികൾ. അയഞ്ഞു തൂങ്ങിയ വസ്ത്രങ്ങളും ധരിച്ച് തോളിൽ തുണി സഞ്ചിയും തൂക്കി കുറ്റിത്താടിയും വളർത്തി എത്തുന്ന ചില രൂപങ്ങൾ. ജീൻസും ടീ ഷർട്ടും ധരിച്ച് ചുണ്ടിൽ വിദേശ സിഗരറ്റും തിരുകി എത്താറുള്ള മറ്റു ചില രൂപങ്ങൾ... ഇങ്ങനെ പലകോലങ്ങളിലായിരുന്നു 'ബുജി' കൾ എത്തിക്കൊണ്ടിരുന്നത്.
എന്നാൽ ഇക്കുറി കൊവിഡ് എല്ലാം തകിടംമറിച്ചു. ഏതു ബുദ്ധിജീവി ആയാലും ജീവനിൽ കൊതിയില്ലാതിരിക്കില്ലല്ലോ. ചലച്ചിത്ര മേള നടന്ന ആറു തീയറ്ററുകളുടെയും പരിസരത്ത് മരുന്നിന് പോലും ഒരു ബുജിയെ കാണാൻ കഴിഞ്ഞില്ല.കൃത്യമായി ചലച്ചിത്രങ്ങൾ കാണാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവർ മാത്രം തീയറ്ററിലെ കസേരകളിൽ ഇരിപ്പുറപ്പിച്ചപ്പോൾ ന്യായമായും സംശയം തോന്നി- ബുദ്ധിജീവികൾക്കും വംശനാശമോ?
ഇതുകൂടി കേൾക്കണേ
പുറമെ ഗൗരവവും ധൈര്യവുമൊക്കെ നടിക്കാമെങ്കിലും കാര്യത്തോടടുക്കുമ്പോൾ കളി മാറും.വെറുമൊരു വൈറസാണെങ്കിലും കൊവിഡിനെ പേടിക്കാതിരിക്കാൻ പറ്റുമോ.