തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിനു പിന്നാലെ പച്ചക്കറി വിലയും കുതിച്ചുയരുന്നു. രണ്ടു ദിവസം മുമ്പ് കിലോയ്ക്ക്

85 രൂപയായിരുന്ന ചെറിയ ഉള്ളിക്ക് ഇന്നലത്തെ വില 130 രൂപ ! ചില്ലറ വിപണിയിൽ 150 വരെ കൊടുക്കണം. നാലു നാൾ മുമ്പ് 40 രൂപയായിരുന്ന സവാളയ്ക്ക് ചില്ലറ വിപണിയിൽ 55- 60 രൂപയായി. തക്കാളി,​പാവയ്ക്ക,​പടവലം തുടങ്ങിയവയുടെ വിലയും വർദ്ധിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നുവരുന്ന പച്ചക്കറികൾക്കാണ് കൂടുതൽ വിലക്കയറ്റം. ഇന്ധനവില പ്രതിദിനം ഉയരുന്നതിനാൽ അരിക്കും പലവ്യഞ്ജനത്തിനുമടക്കം വില വർദ്ധിക്കുമെന്നും വ്യാപാരികൾ പറയുന്നു.

സീസണായിട്ടുപോലും ഉള്ളിവില കൂടാൻ കാരണമായി ഇടനിലക്കാർ പറയുന്നത് ഉത്തരേന്ത്യയിലെ കർഷകസമരവും ഇന്ധന വിലവർദ്ധനവുമാണ്.

എന്നാൽ ഇന്ധനവില വർദ്ധനവിനെത്തുടർന്ന് ചരക്കുലോറി ഉടമകൾ കൂടുതൽ കൂലി ചോദിക്കുന്നുവെങ്കിലും വ്യാപാര സംഘടനകൾ ഇതുവരെ സമ്മതിച്ചിട്ടില്ല. ചരക്കുകൂലി വർദ്ധിപ്പിച്ചാൽ വില ഇനിയും ഉയരും. സർക്കാർ അടിയന്തരമായി ഇടപെട്ട് വിലക്കയറ്റത്തിന് പരിഹാരം കാണണമെന്ന് വ്യാപാരികൾ പറയുന്നു.

വില താരതമ്യം

(ചാല മാർക്കറ്റിലെ മൊത്തവില)

ഇനം --------- ഇപ്പോൾ ------ഒരുമാസംമുമ്പ്

ചെറിയ ഉള്ളി------ 130 ----------------- 60

സവാള -------------52 ------------------40

വെണ്ടയ്ക്ക -----------70 ------------------14

മുരിങ്ങയ്ക്ക --------140 ----------------- 70

ബീറ്റ്‌റൂട്ട് -----------40 ------------------17

തക്കാളി -----------40 ------------------18

കത്തിരിക്ക -------30 ---------------- -18

പടവലം ----------- 40 -------------------20

പാവയ്ക്ക ------------- 51--------------------22

വെളുത്തുള്ളി -----140 -------------------100

'ഒട്ടും പ്രതീക്ഷിക്കാത്ത വിലവർദ്ധനവാണ് ഇപ്പോൾ. ചരക്ക് കൊണ്ടുവരുന്നതിന് ലോറി ഉടമകൾ കൂടുതൽ കൂലി ചോദിക്കുന്നുണ്ടെങ്കിലും വ്യാപാരി സംഘടനകൾ സമ്മതിച്ചിട്ടില്ല.സമ്മതിച്ചാൽ വില ഇനിയും കൂടും.

- പാളയം അശോക്, പ്രസിഡന്റ്, കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ്