c

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് 19ന് തുടക്കമാകും. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടക്കുന്നത്. കാപ്പുകെട്ട്ചടങ്ങുമുതൽ പൊങ്കാലയും പുറത്തെഴുന്നള്ളത്തും ഉൾപ്പെടെയുള്ള എല്ലാ ചടങ്ങുകളും ആൾക്കൂട്ടത്തെ ഒഴിവാക്കിയാണ് നടത്തുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് 10 ദിവസത്തെ ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. 27ന് രാവിലെ 10.50നാണ് പൊങ്കാല.

ഉത്സവനാളുകളിലെ ദർശനം, വിളക്കുകെട്ട് എഴുന്നെള്ളത്ത്, പുറത്തെഴുന്നള്ളത്ത് എന്നിവയെല്ലാം മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ചടങ്ങുകൾ മാത്രമായി നടത്തും. ക്ഷേത്രത്തിൽ നടക്കുന്ന കാപ്പുകെട്ടിനും കാപ്പ് അഴിക്കുന്ന ചടങ്ങിനും പൂജാരിമാരും പാട്ട് നടത്തുന്ന കുടുംബത്തിന്റെ പ്രതിനിധിയും മാത്രം പങ്കെടുക്കും. ഒരു ദിവസം 5000 ത്തോളം ഭക്തർക്ക് സാമൂഹിക അകലം പാലിച്ച് ദർശനം നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ലോറിയിൽ പാർക്കിംഗ് ഗ്രൗണ്ടിൽ കൊണ്ടുവരുന്ന വിളക്കുകെട്ടുകൾ രാത്രി 12ന് ശേഷം ക്ഷേത്രത്തിൽ ഒരു പ്രദക്ഷിണം മാത്രം നടത്താനാണ് അനുമതിയുള്ളത്.

27ന് പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല. ഭക്തർക്ക് വീടുകളിൽ പൊങ്കാല അർപ്പിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു. രാവിലെ 10.50നാണ് അടുപ്പ്‌വെട്ട്, 3.40നാണ് പണ്ടാര അടുപ്പിലെ പൊങ്കാല നിവേദ്യം.പൊങ്കാല നിവേദിക്കാൻ ക്ഷേത്രത്തിൽ നിന്ന് പൂജാരിമാർ എത്തില്ല.

കുത്തിയോട്ടം ചടങ്ങിന്റെ ഭാഗമായി ദേവസ്വം നേർച്ചയായി പണ്ടാരഓട്ടം മാത്രമാണ് നടത്തുന്നത്. മണക്കാട് ക്ഷേത്രത്തിൽ ഇറക്കിപൂജയ്ക്ക് ശേഷം 10 മണിക്ക് തിരിച്ചെഴുന്നെള്ളും. മുൻകാലങ്ങളിൽ പിറ്റേന്ന് പുലർച്ചയ്ക്കാണ് ഇത് നടക്കുന്നത്.ഇതിനായി മണക്കാട് ക്ഷേത്രത്തിൽ 27ന് നടക്കുന്ന ആറാട്ട് രാത്രി 9.30ന് ശേഷമായി മാറ്റിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും ഹരിതചട്ടം പാലിക്കുന്നതിനും സർക്കാർ നിർദ്ദേശം പാലിച്ച് കൊവിഡ് വ്യാപനം തടയാൻ ഭക്തർ സഹകരിക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടു. ഭാരവാഹികളായ കെ. ശശിധരൻനായർ, ബി. അനിൽകുമാർ, കെ. ശിശുപാലൻനായർ, വി.ശോഭ, എം.എ. അജിത്കുമാർ, വി.കെ. കൃഷ്ണൻനായർ, അനിൽകുമാർ, ശോഭന, ചിത്രലേഖ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അറിയേണ്ടത്

ഭക്തർക്ക് വിശ്രമിക്കാൻ പാർക്കിംഗ് സ്ഥലത്ത് കൂടുതൽ സൗകര്യമേർപ്പെടുത്തും

അന്നദാനം ഇക്കുറിയില്ല.

ക്ഷേത്ര ജീവനക്കാർക്കും ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പ് ജീവനക്കാർ എന്നിവർക്കും മാത്രമായിരിക്കും പ്രസാദവിതരണം.

 ക്ഷേത്ര വളപ്പിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല പാടില്ല

 പൊങ്കാലദിവസം രാത്രി ആനപ്പുറത്ത് തിടമ്പ് എഴുന്നള്ളത്തിന് വാദ്യമേളങ്ങളോ ഫ്ളോട്ടുകളോ ഉണ്ടാവില്ല

 വഴിയിൽ പറയെടുപ്പ്, തട്ടം നിവേദ്യം, പുഷ്പാഭിഷേകം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.