
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ നിയമിക്കാതെ പിൻവാതിൽ നിയമനം നടത്തുന്നതിൽ പ്രതിഷേധിച്ചുള്ള സമരത്തിൽ തലസ്ഥാനം സംഘർഷഭരിതം. യുവജന സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ പ്രകടനങ്ങൾ സംഘർഷത്തിൽ കലാശിച്ചു. റാങ്ക് ഹോൾഡേഴ്‌സിന് ഐക്യദാർഢ്യവുമായി സെക്രട്ടേറിയറ്റിലേക്ക് എത്തിയ യുവമോർച്ചയുടെ പ്രകടനത്തിന് നേരെ പൊലീസ് ഏഴുതവണയാണ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ മൂന്ന് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു. സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റിന് മുന്നിലാണ് യുവമോർച്ച പ്രതിഷേധവുമായെത്തിയത്. പ്രവർത്തകർ ആദ്യം റോഡ് ഉപരോധിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഭുൽ കൃഷ്‌ണ മാർച്ച് ഉദ്ഘാടനം ചെയ്‌തു. ഇതിനുശേഷം സെക്രട്ടേറിയറ്റിന്റെ ഗേറ്റിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. ബാരിക്കേഡുകൾ തള്ളിനീക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഗ്രനേഡ് പ്രയോഗത്തിൽ ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, ബിനുകൃഷ്‌ണ, അനീഷ്, ആര്യൻ തുടങ്ങിയവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബലംപ്രയോഗിച്ച് പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമായി. മടങ്ങിപ്പോയ പ്രവർത്തകർ അല്പനേരത്തിന് ശേഷം വീണ്ടും തിരിച്ചെത്തി ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഏറെ നേരത്തേ പ്രതിഷേധത്തിന് ശേഷമാണ് ഇവർ മടങ്ങിപ്പോയത്. സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോൺഗ്രസ് നിരാഹാരസമരത്തിന് അഭിവാദ്യവുമായി കൊല്ലത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് റാലിക്ക് ശേഷം പ്രകടനവുമായി എത്തിയതോടെ വീണ്ടും സംഘർഷം ആരംഭിച്ചു. പൊലീസിന്റെ ബാരിക്കേഡ് മറിച്ചിടാനും സെക്രട്ടേറിയറ്റിന് അകത്തേക്ക് തള്ളിക്കയറാനും ശ്രമിച്ചതോടെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവർ പിരിഞ്ഞുപോയതോടെയാണ് ഏകദേശം രണ്ടുമണിക്കൂർ നീണ്ടുനിന്ന സംഘർഷാവസ്ഥ അവസാനിച്ചത്. വൻ പൊലീസ് സന്നാഹമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നിലയുറപ്പിച്ചിരുന്നത്.