തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ധന വിലയിലെ അമിത നികുതി കുറയ്ക്കുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
അമിത നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന ഇന്ധനവിലയുടെ മൂന്നിരട്ടി നികുതി സർക്കാരുകൾ ഈടാക്കുന്നതാണ് ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് വില വർദ്ധിക്കാൻ കാരണം. അമിത നികുതി ചുമത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളെ പരമാവധി പിഴിയുകയാണ്. ജനങ്ങളുടെ ദുരിതം ഭരിക്കുന്നവർ കാണുന്നില്ല.
യു.ഡി.എഫ് സർക്കാർ അധിക നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമെത്തിച്ചപ്പോൾ അതിനെ മണ്ടത്തരമെന്നാണ് ഇപ്പോഴത്തെ ധനമന്ത്രി പരിഹസിച്ചത്. യു.ഡി.എഫ് സർക്കാരെത്തിയാൽ തുടർന്നും അതുതന്നെ ചെയ്യും. ജനവികാരം മനസ്സിലാക്കി പ്രവർത്തിക്കുന്ന ഭരണാധികാരികൾ മണ്ടന്മാരാണെന്ന ധാരണ സി.പി.എമ്മും ധനമന്ത്രിയും തിരുത്തണം.
കോൺഗ്രസ് പ്രവർത്തക സമതി അംഗം എ.കെ. ആന്റണി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുല്ലപ്പള്ളിക്ക് ഫോണിലൂടെ ഐക്യദാർഢ്യമർപ്പിച്ചു. ജില്ലാതലങ്ങളിൽ ഡി.സി.സികളുടെ നേതൃത്വത്തിലും സത്യഗ്രഹം നടന്നു. കെ.പി.സി.സി. ഭാരവാഹികളും പ്രമുഖ നേതാക്കളും പങ്കെടുത്തു.
മോദിയും പിണറായിയും
ചൂഷകർക്കൊപ്പം: മുല്ലപ്പള്ളി
ഇന്ധനവിലയും പാചകവാതക വിലയും വർദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചൂഷകവർഗത്തിന്റെ പ്രതിനിധികളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. .
കൊവിഡ് മഹാമാരിയെ തുടർന്ന് വരുമാനം കുറയുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ജനത്തിന്റെ നടുവൊടിക്കുന്നതാണ് പ്രെട്രോളിയം ഉത്പന്നങ്ങളുടെ അമിത നികുതി. മോദിയും പിണറായിയും ജനങ്ങളുടെ ദുഃഖം തിരിച്ചറിയുന്നില്ല. ഇന്ധനവിലയുടെ നികുതി ഉപേക്ഷിച്ച വകയിൽ ഉമ്മൻചാണ്ടി സർക്കാർ 619 കോടി രൂപയുടെയും യു.പി.എ സർക്കാർ സബ്‌സിഡി നൽകിയ വകയിൽ 1.25 ലക്ഷം കോടി രൂപയുടെയും ആശ്വാസസഹായം ജനങ്ങൾക്ക് നൽകിയെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ക്യാഫ്ഷൻ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധനവിലയിൽ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ രാജ്ഭവന് മുന്നിൽ നടത്തിയ സത്യാഗ്രഹത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുല്ലപ്പളളി രാമചന്ദ്രനെ ഷാൾ അണിയിച്ച് അഭിനന്ദിച്ചപ്പോൾ