തിരുവനന്തപുരം: താത്‌കാലികക്കാരുടെ സ്ഥിരപ്പെടുത്തലുമായി സർക്കാർ അതിവേഗം മുന്നേറുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലെ റാങ്ക് ഹോൾഡേഴ്സ് സമരത്തിന് പുതിയ മുഖം രൂപപ്പെടുന്നു. കൂടുതൽ സംഘടനകളെത്തിയതോടെ 22 ദിവസം പിന്നിടുന്ന സമരം കൂടുതൽ ശക്തമായി. സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡർമാർ സമരത്തിന്റെ 10-ാം ദിവസമായ ഇന്നലെ തോളിൽ ശവമഞ്ചമേന്തി പ്രതീകാത്മക വിലാപ യാത്ര സംഘടിപ്പിച്ചു. പ്രവർത്തകരെ തോളിലേറ്റി സമരപ്പന്തലിൽ നിന്ന് സ്റ്റാച്യു റോഡിലൂടെ വിലാപ യാത്ര നടത്തി. ഒരു തലയ്‌ക്കൽ മഞ്ചത്തിലുള്ള ആളിന്റെ ചിത്രവും കത്തിച്ച സാമ്പ്രാണി തിരിയും ഏന്തിയായിരുന്നു വിലാപ യാത്ര. ഇന്ന് എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് വിഭിന്നമായ സമരരീതി അവലംബിക്കുമെന്നാണ് വിവരം.

ഇന്നലെ രാവിലെ 11 മുതൽ രണ്ട് വരെ സെക്രട്ടേറിയറ്റിന്റെ വടക്കേ ഗേറ്ര് പരിസരം സംഘർഷഭരിതമായിരുന്നു. സമരത്തെ പിന്തുണച്ച് എം.എൽ.എമാരുമായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥും നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും എം. വിൻസന്റ് എം.എൽ.എയും സമരക്കാരെ സന്ദർശിച്ചു.

ഡൽഹിയിൽ നിന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അഭിവാദ്യം അറിയിച്ചു. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ, നോൺ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ, എക്‌സ് സർവീസുകാരുടെ കൂട്ടായ്മ തുടങ്ങിയ സംഘടനകളും അഭിവാദ്യമർപ്പിപ്പിച്ചു. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 100 ബൈക്കുകളിൽ റാലിയായി എത്തിയാണ് പ്രവർത്തകർ സമരത്തിന് പിന്തുണ അറിയിച്ചത്.