
നാഗർകോവിൽ: വാക്കുതർക്കത്തിനിടെ ഭാര്യയെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ വിമുക്തഭടനായ ഭർത്താവിനെ അറസ്റ്റുചെയ്‌തു. നാഗർകോവിൽ നേശമണിനഗർ സ്വദേശി ജയന്തിയെ (49) കൊലപ്പെടുത്തിയ കേസിൽ അശോകനാണ് (58) പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : വീട്ടിലും അശോകൻ പട്ടാളച്ചിട്ട പുലർത്തിയിരുന്നു. ഇതേച്ചൊല്ലി ഭാര്യയുമായി വാക്കുതർക്കം പതിവാണ്. ഞായറാഴ്ച വീട്ടിലെത്തിയ ബന്ധുക്കളുടെ മുന്നിൽ വച്ച് ജയന്തി ജോലി ചെയ്‌തില്ലെന്ന് പറഞ്ഞതിനെച്ചൊല്ലി വാക്കുതർക്കമായി. ഇതിനിടെ അശോകൻ ജയന്തിയെ മർദ്ദിക്കുകയായിരുന്നു. നിലവിളി കേട്ട് മകളെത്തിയപ്പോൾ ജയന്തി അബോധാവസ്ഥയിൽ നിലത്തുകിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജയന്തി മരിച്ചത്. അശോകൻ - ജയന്തി ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണുള്ളത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നേശമണി നഗർ പൊലീസ് ഇൻസ്‌പെക്ടർ സായിലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി. ഇയാളെ റിമാൻഡ് ചെയ്‌തു.