
മുണ്ടക്കയം: കുടുംബവഴക്ക് ഒത്തു തീർക്കാൻ അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ മുണ്ടക്കയം സി.ഐയും ഇടനിലക്കാരനായ യുവാവും വിജിലൻസിന്റെ പിടിയിൽ. മുണ്ടക്കയം സി.ഐ വി. ഷിബുകുമാറും ഇടനിലക്കാരനായി പ്രവർത്തിച്ച മുണ്ടക്കയം, ചെളിക്കുഴി സ്വദേശി സുധീപുമാണ് അറസ്റ്റിലായത്. സി.ഐയുടെ ക്വാർട്ടേഴസിൽ നിന്നാണ് വിജിലൻസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇളങ്കാട് വയലിൽ ജസ്റ്റിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുടുംബ വഴക്കിനെ തുടർന്ന് പിതാവ് വർക്കി നൽകിയ മൊഴിയെ തുടർന്ന് എടുത്ത കേസ് ഒത്തു തീർക്കാൻ ജസ്റ്റിനോട് സി.ഐ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപെട്ടു. ഇതിന്റെ ആദ്യ ഘട്ടമായി 50,000 രൂപ നൽകിയപ്പോഴായിരുന്നു അറസ്റ്റ്. ഡിസംബറിലുണ്ടായ സംഭവത്തിൽ 60 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ജസ്റ്റിൻ ജോർജ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയം ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം നൽകിയത്. ഇതേതുടർന്ന് എല്ലാ ദിവസവും സ്റ്റേഷനിൽ വിളിപ്പിച്ചു സി.ഐ ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്ന് ജസ്റ്റിൻ പറഞ്ഞു. ഇതിനിടയിൽ ജനുവരിയിൽ ജസ്റ്റിന്റെ മാതാവിനെ പിതാവ് മുറിയിൽ പൂട്ടിയിട്ട സംഭവവുമുണ്ടായി.
സി.ഐക്കെതിരെ നിരവധി പരാതി ലഭിച്ചിരുന്നുവെന്നും ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്നും വിജിലൻസ് എസ്.പി വിനോദ് കുമാർ പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി. വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാർ, യൂണിറ്റ് ഡിവൈ.എസ്.പി പി.ജി. രവീന്ദ്രനാഥൻ, റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥൻ, ഇൻസ്പെക്ടർമാരായ രാജേഷ്, രാജീവ്, സജുദാസ്, എസ്.ഐമാരായ വിൻസെന്റ്, സ്റ്റാൻലി, തുളസീധരക്കുറുപ്പ്, അനിൽകുമാർ ടി.കെ, പ്രസന്നകുമാർ ടി.കെ, സന്തോഷ്കുമാർ കെ, സന്തോഷ്, എ.എസ്.ഐമാരായ വി.എൻ. സുരേഷ് കുമാർ, കൃഷ്ണകുമാർ, സുരേഷ്, സജിമോൻ, ബിജു പി.എ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനൂപ്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, സുരാജ്, കുര്യാക്കോസ് എബ്രഹാം, ബി.ജു കെ.എം, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശോഭൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സി.ഐയെ അറസ്റ്റ് ചെയ്തത്.
മുൻപും പ്രതി
2014ൽ ഒരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ കഴക്കൂട്ടത്തു വച്ചു അറസ്റ്റിലാവുകയും ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. ഈ കേസിൽ സസ്പെൻഷനായിരുന്ന സി.ഐയെ മുണ്ടക്കയത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു.