
സ്ഥലകാലബോധം ഇല്ലെങ്കിൽ സംഗതി പോക്കാ. എപ്പോൾ എവിടെ എന്ത് പറയണമെന്ന് ഒരു ബോധവും കാണില്ല. നാവിന് ഒരു ലൈസൻസും കാണില്ല. സ്ഥലകാല ബോധം എന്നത് ചിലർക്ക് ഒരു തടസമേയാവില്ല. മറ്റുള്ളവർ കേൾക്കുമെന്ന വിചാരമേ കാണില്ല. അഥവാ ഉണ്ടായാൽത്തന്നെ അതൊരു ക്രെഡിറ്റായി കാണുകയാണിവർ. തൻെറ ശക്തിയും യുക്തിയും നാലാൾ കേൾക്കട്ടെ എന്ന് വിചാരിക്കുന്നവർ. അതറിയിക്കാൻ വേണ്ടി എന്തും വിളിച്ചു പറയുന്നവർ. കേൾക്കുന്നവർക്ക് അത് അരോചകമാണെന്ന ബോധം ലവലേശമില്ലാത്തവർ. അവരാണ് പൊതുമര്യാദയുടെ കടയ്ക്കൽ കത്തിവയ്ക്കുന്നത്.
ഗുരുവായൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള ഇൻറർസിറ്റി എക്‌സ്‌പ്രസ് ഓടിക്കൊണ്ടിരിക്കുകയാണ്. കൊവിഡ്‌കാലമായതിനാൽ റിസർവ് ചെയ്താണ് എല്ലാവരുടെയും യാത്ര. ആരൊക്കെ യാത്ര ചെയ്തിട്ടുണ്ടെന്ന് റെയിൽവേയ്ക്ക് കിറുകൃത്യം അറിയാം. ജനറൽ കോച്ചും എ.സി കോച്ചുമെല്ലാം ഫുള്ളാണ്. യാത്ര തുടരുമ്പോൾ തൂവെള്ളയിൽ, കാലിന് മേൽ കാലും കയറ്റി വച്ച് ഒരു നേതാവ് എന്ന് തോന്നിക്കുന്ന മാന്യൻ മൊബൈലിൽ തകർക്കുകയാണ്. അങ്ങേതലയ്ക്കൽ ആരാണാവോ ആവോ. ഞാൻ ഡി.ജി.പി ഓഫീസിലേക്ക് പോവുകയാ. എന്നാലെ ശരിയാകൂ. അങ്ങനെ വിട്ടാൽ കൊള്ളില്ലല്ലോ. നമ്മൾ സ്ട്രോങ്ങായി നിന്നേ പറ്റൂ. നാട്ടിലെ വഴക്കും വഴക്കാണവും അത് തീർക്കാൻ തനിക്കുള്ള സ്വാധീനവുമാണ് മാന്യൻ വച്ച് തട്ടുന്നത്. ഉച്ചത്തിലുള്ള സംസാരം കേട്ട് മറ്റ് യാത്രക്കാരെല്ലാം അസ്വസ്ഥരാവുകയാണ്. ചിലർ ആ മാന്യനെ എത്തി നോക്കുന്നു. അദ്ദേഹത്തിന് ഒരു കൂസലുമില്ല. എ.സി കോച്ചായതിനാൽ നിശബ്ദതയിൽ തള്ളി വരുന്ന വാക്കിന് മൂർച്ഛയുടെ കരുത്താണ്. ഒരു കോൾ തീരുമ്പോൾ അടുത്തയാളിനെ വിളിക്കുകയാണ്. അങ്ങനെ ആ വിളി നിലച്ചത് യാത്ര തീരുന്നതു വരെ.
ഇവിടെ സ്ഥലകാലബോധം പൊട്ടി വീണു. ഇവിടെ മാത്രമല്ല, ബസിലും ട്രെയിനിലുമെല്ലാം ഇത്തരം അതിർത്തി ലംഘനങ്ങൾ ഉണ്ടാവുന്നു. മറ്റുള്ളവർ കേൾക്കുമെന്ന ഒരു വിചാരവുമില്ല. രഹസ്യമായി പറയേണ്ട കാര്യങ്ങൾ പോലും പരസ്യമായി വച്ച് കസറുകയാണ്. പലർക്കും മൊബൈലിൽ എങ്ങനെ സംസാരിക്കണമെന്നുപോലും അറിയില്ല. സ്ഥലകാലം മറന്നുകൊണ്ട് മൊബൈലിലൂടെ എല്ലാം തട്ടിവിടുമ്പോൾ ഓർക്കുക രഹസ്യങ്ങൾ പരസ്യമാകരുത്.