
കടയ്ക്കാവൂർ: മസ്തിഷ്കാഘാതം പിടിപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന നിർദ്ധനനായ ഷാജിയുടെ കുടുംബത്തിന് നാട്ടുകാർ കൈതാങ്ങുമായെത്തി. മേലാറ്റിങ്ങൽ ചെറുകരക്കോണത്ത് കാട്ടുവിള പുത്തൻവീട്ടിൽ പരേതനായ അബ്ദുൽവാഹിദിന്റെ മകൻ ഷാജിയുടെ കുടുംബത്തിനാണ്. നാട്ടുകാർ സഹായവുമായി എത്തിയത്. ഷാജി മത്സ്യക്കച്ചവടം നടത്തിയാണ് മൂന്ന് പെൺമക്കളടങ്ങിയ അഞ്ചംഗ കുടുംബം പോറ്റിയിരുന്നത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഷാജിക്ക് ഇതിനകം നാല് ഓപ്പറേഷനുകളാണ് നടത്തേണ്ടി വന്നത്. ചെറിയൊരു വീട് മാത്രം സ്വന്തമായുളള ഷാജിയുടെ ഭാര്യയുടെ കെട്ട് താലിയടക്കം വിറ്റാണ് ചികിത്സാ ചെലവുകൾ നോക്കി വന്നിരുന്നത്. അസുഖം മൂലം കുടുംബത്തിന്റെ ഭാവി ഇരുളടഞ്ഞ അവസ്ഥയിൽ നാട്ടുകാർ, വിവിധ സംഘടനാ പ്രവർത്തകർ, തൊഴിലുറപ്പ്തൊഴിലാളികൾ, യുവാക്കൾ തുടങ്ങിയവർ മുന്നിട്ടിറങ്ങി 1,11,111രൂപയുടെ ആദ്യഘട്ടസഹായം കുടുംബത്തിന് കൈമാറി. തുടർന്നും ഈ കുടുംബത്തിന് കൈത്താങ്ങാവുന്ന വിധത്തിൽ സഹായം സ്വരൂപിക്കുമെന്ന് നാട്ടുകാർ പറയുന്നു. വാർഡ് മെമ്പർ പെരുംകുളം അൻസറിന്റെ നേതൃത്വത്തിൽ അരുൺ, സുബിൻ, നിഷാദ്, സാജർ, സാഗർ, മുഹമ്മദ് നൗഫൽ തുടങ്ങിയവരാണ് മെഡിക്കൽ കോളേജിലെത്തി തുക കുടുംബത്തിന് കൈമാറിയത്. സന്മനസുളളവരുടെ സഹായം പ്രതീക്ഷിച്ചുകൊണ്ട് ഷാജിയുടെ ഭാര്യ സജീനയുടെ പേരിൽ കീഴാറ്റിങ്ങൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 077901000010348 എന്ന നമ്പരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.IFSC : IOBA0000779