
തിരുവനന്തപുരം: 2021 ലെ സർക്കാർ കലണ്ടറും ഡയറിയും അച്ചടിച്ച് വിതരണം ചെയ്തതിലെ ക്രമക്കേട് അന്വേഷിക്കാൻ വീണ്ടും പുതിയ സമിതിയെ നിയോഗിച്ച് അച്ചടി വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. ആദ്യ അന്വേഷണം ഇതുവരെ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് പുതിയ സമിതിയെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ പ്രസുകളുടെ സൂപ്രണ്ട് എ.സലീം, തിരുവനന്തപുരം സെൻട്രൽ പ്രസിലെ അസിസ്റ്റന്റ് സൂപ്രണ്ടുമാരായ എം. അബ്ദുൾ സലാം, ജെ.യു. കൃഷ്ണകുമാർ എന്നിവരാണ് പുതിയ സമിതിയിലുള്ളത്. ഇവരോട് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ കലണ്ടറും ഡയറിയും അച്ചടിച്ച് വിതരണം ചെയ്യുന്നതിലെ ക്രമക്കേടിനെപ്പറ്റി കേരളകൗമുദി ഫെബ്രുവരി ഒന്നിന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട് അച്ചടി വകുപ്പ് ഡയറക്ടറോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. മണ്ണന്തല പ്രസിലെ സ്റ്റോക്ക് ആൻഡ് സ്റ്റോർ കീപ്പർ ഡെപ്യൂട്ടി സൂപ്രണ്ടിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ ഡെപ്യൂട്ടി സൂപ്രണ്ട് ആവശ്യപ്പെട്ട രേഖകൾ മണ്ണന്തല,സെൻട്രൽ പ്രസിൽ നിന്നും ലഭിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടി.