
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ ഭദ്രതാനിയമമനുസരിച്ചുള്ള ജി.പി.എസ് വാഹന ട്രാക്കിംഗ് മാനേജ്‌മെന്റ് സംവിധാനം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് വലിയതുറ സപ്ലൈകോ ഗോഡൗണിൽ മന്ത്രി പി. തിലോത്തമൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യധാന്യത്തിന്റെ കൃത്യമായി വിതരണവും സുതാര്യതയും ഉറപ്പാക്കാൻ ജി.പി.എസ് വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം സഹായിക്കും.
വാഹനത്തിന്റെ കൃത്യമായ അവസ്ഥയും സ്ഥാനവുമറിയാൻ വകുപ്പിന് തത്സമയ എസ്.എം.എസ് ലഭിക്കും. സിവിൽ സപ്ലൈസ് വകുപ്പ് മേധാവികൾ, കേന്ദ്ര കാര്യാലയത്തിലെ മേധാവികൾ, മേഖലാ മാനേജർമാർ, സപ്ലൈ ഓഫീസർമാർ എന്നിവർക്ക് വാഹനങ്ങളുടെ ചലനം നിരീക്ഷിക്കാനുള്ള സംവിധാനവും സംവിധാനത്തിലുണ്ട്. സിഡാക്കിനാണ് നടത്തിപ്പ് ചുമതല.