തിരുവനന്തപുരം: മാതൃസഹോദരീ പുത്രനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ചെറുവയ്ക്കൽ അലത്തറ കാരുണ്യഭവനിൽ ബിനു(34) നെ കോടതി ജീവപര്യന്തം കഠിന തടവിനും ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ബിനുവിന്റെ മാതൃസഹോദരി ലില്ലിയുടെ മകൻ ജോസ് എന്ന കുഞ്ഞുമോനെയാണ് ബിനു കൊലപ്പെടുത്തിയത്. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എൻ. അജിത് കുമാറാണ് പ്രതിയെ ശിക്ഷിച്ചത്.

പ്രതി പിഴതുക ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ നാല് മാസം അധികതടവ് അനുഭവിയ്ക്കണം. പിഴതുക ഒടുക്കിയാൽ അത് കൊല്ലപ്പെട്ട ജോസിന്റെ മാതാവ് ലില്ലിയ്ക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പ്രതിക്കെതിരെ ഭവനഭേദനം ,കൊലക്കുറ്റം എന്നിവയാണ് ചുമത്തിയിട്ടുളളത്. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഭവനഭേദനത്തിന് അഞ്ച് വർഷം കഠിന തടവും 25000 രൂപയുമാണ് പിഴ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതുകൊണ്ട് ജീവപര്യന്തം മാത്രം അനുഭവിച്ചാൽ മതി. കൊല്ലപ്പെട്ട ജോസ് ബിനുവിന്റെ സഹോദരിയുടെ ഉടമസ്ഥതയിലുളള ഒട്ടോറിക്ഷയാണ് ഒാടിച്ചിരുന്നത്. ഒാട്ടം കഴിഞ്ഞ് ഒട്ടോറിക്ഷ ഒതുക്കിയ ശേഷം വീണ്ടും ഒാട്ടോറിക്ഷയുടെ താക്കോൽ ജോസ് ആവശ്യപ്പെട്ടു. താക്കോൽ നൽകാൻ വിസമ്മതിച്ച ബിനുവിന്റെ അച്ഛൻ മോഹനനെ ജോസ് മർദ്ദിയ്ക്കുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് 2010 സെപ്തംബർ ആറിന് ഉച്ചയൂണ് കഴിച്ചു കൊണ്ടിരുന്ന ജോസിനെ ബിനു കുത്തി കൊലപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.