തിരുവനന്തപുരം: തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും പുറമെ ദരിദ്രരുടെയും നിരാലംബരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മാദ്ധ്യമമായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടർ ബോർഡ് ചെയർമാൻ മാധവൻ നമ്പ്യാർ പറഞ്ഞു. കേരള ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ, ടെക്‌നോളജിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി മംഗലപുരം ടെക്‌നോസിറ്റി കാമ്പസിൽ സംഘടിപ്പിച്ച ദ്വിദിന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഡി എക്സ് 21: ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സമ്മിറ്റിൽ" ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്‌ദ്ധർ ഓൺലൈനായാണ് സെഷനുകളിൽ പങ്കെടുക്കുന്നത്. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്) ചെയർമാൻ ഡോ. കെ.എം. എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സ്വാഗതം പറഞ്ഞു.

ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടർ ഡോ. എലിസബത്ത് ഷെർലി, ജിടെക് ചെയർമാൻ സുനിൽ ജോസ്, ജി.ടെക് സെക്രട്ടറി ബിനു ജേക്കബ് എന്നിവർ സംസാരിച്ചു. 'ഡിജിറ്റൽ ഇന്നൊവേഷൻ ഡേ' എന്ന ഉച്ചകോടിയുടെ ആദ്യ ദിവസത്തിൽ അന്താരാഷ്ട്ര സെലിബ്രിറ്റി ടെക്‌നോളജിസ്റ്റ് ഡോൺ ടാപ്സ്‌കോട്ട് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സി. മോഹൻ, ഡോ. ജെയ്ൻ തോമാസൺ, പ്രസന്ന ലോഹർ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ പ്രമുഖ ഐ.ടി കമ്പനികൾ 14 നൂതന സാങ്കേതിക വിദ്യകൾ പ്രദർശിപ്പിച്ചു.