shibu

തിരുവനന്തപുരം: വധശ്രമക്കേസ് ഒതുക്കിതീർക്കാൻ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്തെ മുണ്ടക്കയം ഇൻസ്‌പെക്ടർ ഷിബു കുമാറിനെയും സഹായി സുദീപ് ജോസിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. 2014 ൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരിക്കെ, രണ്ടുലക്ഷം കൈക്കൂലി വാങ്ങിയതിന് ഷിബുകുമാറിനെ

വിജിലൻസ് പിടികൂടിയിരുന്നു. മുണ്ടക്കയം ഇളംകാട് സ്വദേശിയായ ജസ്റ്റി​ൻ ജോർജും പിതാവ് വർക്കിയുമായുണ്ടായ കുടുംബ വഴക്കിനെ തുടർന്നുള്ള അടിപിടിയിൽ, വർക്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു.

60 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ജസ്റ്റിൻ ജോർജിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്​റ്റിന്റെ വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുന്ന സമയം ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. തുടർന്ന് എല്ലാ ദിവസവും സ്​റ്റേഷനിൽ വിളിച്ചു ഇൻസ്‌പെക്ടർ ഷിബുകുമാർ ജസ്​റ്റിനെ ബുദ്ധിമുട്ടിക്കുമായിരുന്നു. കോടതിയിൽ അനുകൂല റിപ്പോർട്ട് നൽകാനും പിടിച്ചെടുത്ത വാഹനം വിട്ടുനൽകാനുമായി ഷിബുകുമാർ കാന്റീൻ നടത്തിപ്പുകാരനും ഇടനിലക്കാരനുമായ സുദീപ് ജോസ് മുഖേന ഒരു ലക്ഷം രൂപ ജസ്​റ്റിനോട് ആവശ്യപ്പെട്ടു.

ജസ്​റ്റിൻ വിവരം വിജിലൻസിനെ അറിയിച്ചു. കോട്ടയം വിജിലൻസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം, ആദ്യ ഗഡുവായ 50,000രൂപ ഷിബുകുമാറിന്റെ ക്വാർട്ടേഴ്സിൽ വച്ച് കൈപ്പറ്റുന്നതിനിടെ ഇരുവരെയും പിടികൂടുകയായിരുന്നു.

ഡിവൈ.എസ്.പിമാരായ ജി. രവീന്ദ്രനാഥ്, വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ രാജേഷ്, രാജീവ്, സജുദാസ്, സബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ്, സ്​റ്റാൻലി, തുളസീധരക്കുറുപ്പ്, അനിൽകുമാർ എന്നിവരാണ് കെണിയൊരുക്കിയത്.