ശ്രീകാര്യം: ശ്രീനാരായണ ഗുരുദേവനും ഗുരുദർശനങ്ങൾക്കും ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സർക്കാർ ഐക്യകേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചെമ്പഴന്തിയിൽ ടൂറിസം വകുപ്പ് നിർമ്മിച്ച ശ്രീനാരായണ ഗുരുകുലം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യമാണ് ഗുരുവിന്റെ സമാധിയുടെ തൊണ്ണൂറ്റി മൂന്നാം വർഷം തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാൻ വഴിയൊരുക്കിയത്.
കേരളത്തിൽ ഇനിയൊരു യൂണിവേഴ്സിറ്റി വരുന്നെങ്കിൽ അത് ഗുരുവിന്റെ നാമധേയത്തിലായിരിക്കണമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യമായിരുന്നുവെന്ന് കടകംപള്ളി ഓർമ്മിപ്പിച്ചു.
മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. ടൂറിസം ഡയറക്ടർ ബാലകിരൺ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിദ്യാനന്ദ, കൗൺസിലർ ചെമ്പഴന്തി ഉദയൻ തുടങ്ങിയവർ സംസാരിച്ചു. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ഷൈജു പവിത്രൻ നന്ദിയും പറഞ്ഞു.
ഗുരുകുലത്തിൽ 18 കോടിയിലധികം രൂപ ചെലവഴിച്ചാണ് ആധുനിക കൺവെൻഷൻ സെന്ററും ഡിജിറ്റൽ മ്യൂസിയവും സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. ഒഡിഷയിലെ സ്തൂപക്ഷേത്ര മാതൃകയിൽ രൂപകല്‍പന ചെയ്ത സെന്ററിന് രണ്ടു നിലകളിലായി 23,622 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ഒന്നാംനില 1200 പേർക്ക് ഇരിക്കാവുന്ന ഹാളാണ്. ഗ്രീൻ റൂമുകൾ, ഓഫീസ്, കിച്ചൺ, സ്റ്റോർ റൂം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയിൽ 8,000 ചതുരശ്രയടി വിസ്തൃതിയിൽ ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുള്ള രാജ്യത്തെ ആദ്യ ഡിജിറ്റൽ മ്യൂസിയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഗുരുദേവന്റെ ബാല്യവും കൗമാരവും യൗവനവും ജ്ഞാനവേളകളും സാങ്കേതിക സഹായത്തോടെ ഓരോ ഹാളിലും വിവരിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളാണ് മ്യുസിയത്തിലെ പ്രത്യേകത.