fg

വർക്കല: വർക്കല താലൂക്ക് ആശുപത്രിയെ ഹെഡ് ക്വാർട്ടേഴ്സ് പദവിയിലേക്ക് ഉയർത്തി സ്മാർട്ടാക്കുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു. വർക്കലയിലെ സാധാരണക്കാരുടെ പ്രധാന ആതുരാലയം പരാതികൾക്കും പരാധീനതകൾക്കും നടുവിൽ കഴിയുകയാണ്. താലൂക്ക് ആശുപത്രിക്ക് വേണ്ട ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം വർദ്ധിപ്പിക്കുന്നതിൽ നടപടികളുണ്ടാകുന്നില്ല.

പണി പൂർത്തിയാക്കിയ കെട്ടിടങ്ങളിൽ ലിഫ്റ്റ് സംവിധാനമില്ലാത്തത് ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 3.91 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 10 ഡയാലിസിസ് യൂണിറ്റുകളോടു കൂടിയ സംവിധാനം സജ്ജമായിട്ടുണ്ട്. രണ്ടാം നിലയിൽ 30 കിടക്കകൾ സജ്ജമാക്കി കിടത്തി ചികിത്സാ സംവിധാനം ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇവിടേക്ക് രോഗികളെ എത്തിക്കണമെങ്കിൽ ലിഫ്റ്റ് അനിവാര്യമാണ്. ഫിഷറീസ് വകുപ്പിന്റെ തീരദേശ വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പാലിയേറ്റീവ് കെട്ടിടത്തിലും ലിഫ്റ്റില്ല.

ആശുപത്രിയുടെ മുൻവശത്തുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നടപടികളായിട്ടുണ്ട്. കിഫ്ബിയുടെ 39 കോടി രൂപ ചെലവഴിച്ച് അഞ്ച് നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഒ.പി ബ്ലോക്ക്, ഓപ്പറേഷൻ തിയേറ്റർ ബ്ലോക്ക് എന്നിവ ഇവിടെ ഉണ്ടാകും. ഇതിന്റെ ശിലാസ്ഥാപനം ഉടനുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

2006ൽ - താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയർത്തിയത്.

ഉള്ളത് - 2 ഡോക്ടർമാർ എൻ.ആർ.എച്ച്.എം വഴി പോസ്റ്റ് ചെയ്തത് ഉൾപ്പെടെ 23 പേരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്.

സൈക്കാട്രി, സ്കിൻ സ്പെഷ്യലിസ്റ്റ് എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ഇപ്പോൾ ലഭ്യമല്ല.

വേണ്ടത് - മിനിമം 40 ഓളം ഡോക്ടർമാരെങ്കിലും

മറ്റു ജീവനക്കാർ - 150 ഓളം

ദിനംപ്രതി വരുന്ന രോഗികൾ - 2000 ത്തോളം

64 കിടക്കകൾ മാത്രമാണ് ഇപ്പോൾ താലൂക്കാശുപത്രിയിലുള്ളത്.100 കിടക്കകൾ എങ്കിലും സജ്ജമാക്കേണ്ടതുണ്ട്.

വൈദ്യുതി മുടക്കവും പതിവ്

ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസം. വൈദ്യുതി തടസം മൂലം എക്സ്-റേ, ലാബ്, ഓപ്പറേഷൻ തിയേറ്റർ എന്നീ വിഭാഗങ്ങൾക്ക് തടസം നേരിടുന്നുണ്ട്. ഹൈടെൻഷൻ ട്രാൻസ്ഫോമർ ആശുപത്രിക്കായി മാത്രം സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. കൂടുതൽ ശേഷിയുള്ള ജനറേറ്റർ സ്ഥാപിക്കാനും അധികൃതർ തയ്യാറായിട്ടില്ല.

അത്യാവശ്യങ്ങൾ

ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കും താമസിക്കുന്നതിനുള്ള ക്വർട്ടേഴ്സുകൾ, കുട്ടികളുടെ വാർഡ്, പാർക്കിംഗ്, ആശുപത്രി പരിസരം ഇന്റർലോക്കിംഗ്, ഡയാലിസിസ് യൂണിറ്റിന് കുഴൽകിണർ, വാഷിംഗ് മെഷീൻ, ജനന - മരണ രജിസ്ട്രേഷൻ കിയോസ്ക്, സി.സി ടി.വി കണക്‌ഷൻ, ആശുപത്രി വളപ്പിൽ ഔഷധ തോട്ടം, സ്വീവേജ് പ്ലാന്റ്, ആധുനിക രീതിയിലുള്ള മോർച്ചറി യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.

വർക്കല താലൂക്കാശുപത്രിയെ ഹെഡ് ക്വാർട്ടേഴ്സാക്കി ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുതുതായി പണികഴിപ്പിച്ച കെട്ടിടങ്ങളിൽ രോഗികൾക്ക് കുറ്റമറ്റ രീതിയിലുളള ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആശുപത്രിയെ സംസ്ഥാനത്തെ നമ്പർ വൺ ആക്കുന്നതിനുള്ള ശ്രമത്തിലാണ്.

അഡ്വ. വി. ജോയി എം.എൽ.എ