തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം നടത്തുന്ന യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിൽ ആഹ്ലാദപ്രകടനം നടത്തിയ സി.ഐ.ടി.യു പ്രവർത്തകരും സെക്രട്ടേറിയറ്റിന് മുന്നിൽ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പൊലീസ് ഇടപെട്ടു ലാത്തിവീശിയതോടെ പ്രവർത്തകർ പിരിഞ്ഞുപോയി. ലാത്തിയടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. നടൻ സലിംകുമാറിനെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടനചടങ്ങിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് സമീപം സ്ഥാപിച്ചിരുന്ന മേളയുടെ ഫ്ളക്‌സിലെ മുഖ്യമന്ത്രിയുടെ ചിത്രത്തിൽ കരിഓയിൽ ഒഴിക്കാൻ ശ്രമിച്ചു. ഇതിനെതിരെ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രവർത്തകർ രംഗത്തെത്തി. തുടർന്നാണ് ഉന്തുംതള്ളും കല്ലേറും ഉണ്ടായത്. എന്നാൽ പൊലീസ് യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെ മാത്രം വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.