tennis-club-

തിരുവനന്തപുരം: പാട്ടക്കുടിശിക വരുത്തിയതിന് സർക്കാർ തിരിച്ചെടുക്കാൻ തീരുമാനിച്ച തിരുവനന്തപുരം ടെന്നീസ് ക്ലബിന്റെ പാട്ടക്കുടിശിക എഴുതിത്തള്ളാൻ ചീഫ് സെക്രട്ടറിയുടെ നീക്കം. വിഷയം ഇന്നു കായിക വകുപ്പ് വഴി മന്ത്രിസഭയുടെ മുമ്പാകെ വയ്ക്കാനാണ് ശ്രമം. അതേ സമയം റവന്യൂ മന്ത്രി അതിനെ എതിർക്കാനാണ് സാദ്ധ്യത.

പാട്ടക്കുടിശിക വരുത്തിയ സ്ഥാപനങ്ങൾക്ക് നൽകിയ ഭൂമി തിരിച്ചെടുക്കാൻ നേരത്തെ റവന്യൂ മന്ത്രി ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് 11 കോടിയോളം പാട്ടക്കുടിശിക വരുത്തിയ ക്ലബിന് നൽകിയ 4.27 ഏക്കർ ഭൂമി തിരിച്ചെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് ഉത്തരവിറക്കിയില്ല. അതിന് മുമ്പ് ക്ലബിനെ കൂടി കേൾക്കണമെന്ന് തീരുമാനമെടുപ്പിക്കുകയായിരുന്നു. തുടർന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പി.എച്ച് കുര്യൻ ക്ലബിനെ ഹിയറിംഗ് നടത്തിയെങ്കിലും തീരുമാനമെടുത്തില്ല. പിന്നീട് ഈ ഫയൽ മുഖ്യമന്ത്രി ഇടപെട്ട് കായിക വകുപ്പിന് കൈമാറുകയായിരുന്നു.

 ചീഫ് സെക്രട്ടറിയുടെ നിർദ്ദേശങ്ങൾ

1.വിപണി വിലയുടെ അഞ്ച് ശതമാനം പാട്ടത്തുകയെന്നതിന് പകരം 9 ടെന്നിസ് കോർട്ടുകൾക്കും സെന്റിന് 1000 രൂപ രക്കിൽ പാട്ടം നിശ്ചയിക്കുക.

2.കുടിശികയായ 11 കോടിയിൽ നിന്ന് ഒരു കോടി മാത്രം ക്ലബ് അടച്ചാൽ മതി.

3.ടെന്നിസ് ക്ലബ് കമ്മിറ്റിയുടെ അംഗ സംഖ്യ 11ൽ നിന്ന് എട്ടാക്കുക.

4.സെക്രട്ടറി റാങ്കിൽ കുറയാത്ത മൂന്ന് സർക്കാർ പ്രതിനിധികളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുക.

5 .ഇരുപത് ശതമാനം അംഗത്വം ഐ.എ.എസുകാർക്ക് നൽകുക.

6 .മറ്റംഗങ്ങൾ നൽകുന്ന വരിസംഖ്യയുടെ 25 ശതമാനം മാത്രം ഇവർ നൽകിയാൽ മതി.