
പോത്തൻകോട്: 25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മഹാകവി കുമാരനാശാന്റെ പ്രതിമ തോന്നയ്‌ക്കലിലെ കുമാരനാശാൻ ദേശിയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യുട്ടിൽ സ്ഥാപിച്ചു. ശില്പി കാനായി കുഞ്ഞുരാമൻ നിർമ്മിച്ച കുമാരനാശാന്റെ പൂർണകായ വെങ്കല പ്രതിമയുടെ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. കുമാരനാശാൻ തോന്നയ്‌ക്കലിൽ താമസമാക്കിയതിന്റെ ശതാബ്ദി വർഷത്തിൽ തന്നെ പ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ. ബാലൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. സംവിധായകൻ അടൂർ ഗോപലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യുട്ടി സ്പീക്കർ വി. ശശി, ഡോ.പി. വേണുഗോപാലൻ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഹരിപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. തോന്നയ്ക്കൽ ആശാൻ സ്മാരക ചെയർമാൻ പ്രൊഫ.വി. മധുസൂദനൻ നായർ സ്വാഗതവും സെക്രട്ടറി പ്രൊഫ. സഹൃദയൻ തമ്പി നന്ദിയും പറഞ്ഞു. കാനായിയുടെ വാസവദത്ത എന്ന വിഖ്യാത ശില്പത്തിന്റെ നിർമ്മാണവും ആശാൻ സ്‌മാരകത്തിൽ പുനരാരംഭിച്ചിട്ടുണ്ട്.