
ഇടതുമുന്നണിയിലെ ഷാർപ്പ് ഷൂട്ടറാണ് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ അദ്ദേഹം സംസാരിക്കുന്നു.
പ്രതീക്ഷ എത്രത്തോളമാണ് ?
കേരളത്തിൽ ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയമുറപ്പാക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
തിരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തൊഴിലില്ലായ്മ സമരം രൂക്ഷമാകുന്നത് ബാധിക്കുമോ ?
രാജ്യത്താകെ തൊഴിലില്ലായ്‌മ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പത്തുവർഷത്തെ ഇന്ത്യയിലെ കണക്ക് നോക്കിയാൽ അത് ബോദ്ധ്യമാകും. സ്ഥിരംതൊഴിലെന്ന സങ്കല്പം തന്നെ മാറ്റിയെഴുതുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേത്. ആ സംവിധാനത്തിൽ ജീവിക്കുമ്പോൾ കേരളത്തിലും തൊഴിലിന്റെ അളവിൽ കുറവ് വരും. അതിനാൽ തൊഴിലിനായുള്ള സമരം ഏത് സർക്കാർ വിചാരിച്ചാലും ഉടനെയൊന്നും അവസാനിക്കാൻ പോകുന്നില്ല.
പക്ഷേ പ്രതിപക്ഷം അതേറ്റെടുക്കുമ്പോൾ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ക്ഷീണമാകില്ലേ ?
ഞങ്ങളങ്ങനെ കണക്കാക്കുന്നില്ല. ജനങ്ങൾക്കായി ഈ സർക്കാർ ചെയ്തിട്ടുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഞങ്ങൾ ജനങ്ങളിലേക്ക് പോവുകയാണ്. ഞങ്ങളാർക്കും തൊഴിൽ കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ല. സാദ്ധ്യതകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ടത് നീട്ടി. കഴിഞ്ഞ അഞ്ച് വർഷത്തെ അനുഭവത്തിൽ രണ്ട് സർക്കാരുകളെ തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾ വളരെ മുന്നിലാണെന്ന് തെളിയിക്കാനാവും.
സമരം വൈകാരികതലത്തിലേക്ക് മാറുകയാണ് ?
മാദ്ധ്യമങ്ങളാണ് അതിന്റെ പ്രധാന കാരണം. ഇപ്പോൾ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടാൽ, കേരള സെക്രട്ടേറിയറ്റ് വന്ന ശേഷം ആദ്യമായി നടക്കുന്ന സമരമാണെന്ന് തോന്നും. എത്രയോ സമരങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നിട്ടുണ്ട്. തൊഴിലിനു വേണ്ടി എത്ര സമരം നടത്തിയിട്ടുണ്ട്. ആ സമരങ്ങൾക്കൊന്നും നൽകാത്ത പിന്തുണ ഇപ്പോൾ നൽകുമ്പോൾ അതിന് പിന്നിലൊരു രാഷ്ട്രീയമുണ്ട്.
ഇനിയുമൊരു ഒത്തുതീർപ്പ് ചർച്ചയ്ക്ക് സർക്കാരിന് നേരിട്ട് മുൻകൈയെടുത്തു കൂടേ?
നിലവിലുള്ള ഒഴിവുകളിൽ നിയമിക്കുക എന്നതിനപ്പുറം പുതിയ ഒത്തുതീർപ്പെന്താണ് ? കാലാവധി അവസാനിച്ച റാങ്ക് പട്ടികകൾ ആറുമാസം നീട്ടാൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവുമധികം വിരമിക്കൽ വരുന്നതെന്നതിനാൽ ഇപ്പോഴത്തെ ലിസ്റ്റ് അവസാനിച്ചാൽ അടുത്തൊരു ലിസ്റ്റില്ല. അതുകൊണ്ട് ആഗസ്റ്റ് വരെ നീട്ടിക്കൊടുത്തു. അത് തൊഴിലന്വേഷിക്കുന്നവരുടെ താത്‌പര്യം സംരക്ഷിക്കാനാണല്ലോ. ഞങ്ങൾ അധികാരത്തിലെത്തുമ്പോൾ 2016 ൽ ഇവിടെ നിയമന നിരോധനമായിരുന്നു എന്ന കാര്യവും ആരും മറന്നുപോകരുത്.
ശബരിമല വിഷയം പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരുന്നതിൽ ആശങ്കയുണ്ടോ ?
ശബരിമലയിൽ കുറച്ചു കാലമായി എന്ത് പ്രശ്നമാണുള്ളത് ? ആകെയുള്ള പ്രശ്നം ഭക്തരുടെ വരവ് കുറഞ്ഞതിനാൽ ദേവസ്വം ബോർഡിന്റെ വരുമാനം കുറഞ്ഞു. ബോർഡിന് വരുമാനം കുറഞ്ഞാൽ 1800ഓളം ക്ഷേത്രങ്ങളിൽ ശമ്പളം മുടങ്ങും. അതിനിപ്പോൾ അവർ സർക്കാരിനോട് സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. അത് പ്രതിപക്ഷത്തെ ബാധിക്കുന്ന പ്രശ്നമാണോ, അല്ലല്ലോ? അവിടെ ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നമുണ്ടോ? ഇല്ല.
ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം ഈ സർക്കാർ തിരുത്തിയതിനാൽ, സുപ്രീംകോടതി വിശാലബെഞ്ചിന് മുന്നിലിരിക്കുന്ന സത്യവാങ്മൂലം തിരുത്തി പഴയത് നൽകണമെന്നാണ് കോൺഗ്രസ് ആവശ്യം ?
2007ൽ അച്യുതാനന്ദൻ സർക്കാർ കൊടുത്ത സത്യവാങ്മൂലം തിരുത്തിയിട്ടാണ് ഉമ്മൻ ചാണ്ടി വേറെ സത്യവാങ്മൂലം കൊടുത്തത്. ഞങ്ങൾ ഉമ്മൻ ചാണ്ടിയുടെ സത്യവാങ്മൂലം തിരുത്തിയില്ല. അച്യുതാനന്ദൻ കൊടുത്ത സത്യവാങ്മൂലമാണ് ഈ സർക്കാരിന്റെ നിലപാടെന്ന് എൽ.ഡി.എഫ് സർക്കാർ കോടതിയിൽ പറഞ്ഞു. അവരുണ്ടാക്കിയ തെറ്റ് ഞങ്ങൾ തിരുത്തിയെന്നേയുള്ളൂ. 2007ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ കൊടുത്ത അഫിഡവിറ്റാണ് ദേവസ്വം ബോർഡിന്റേത്. അത് ഞങ്ങൾ മാറ്റിയിട്ടില്ല.
സർക്കാർ സത്യവാങ്മൂലം വിശ്വാസികൾക്കെതിരാണെന്നാണല്ലോ ഉമ്മൻ ചാണ്ടിയുടെ ആക്ഷേപം?
അതെങ്ങനെയാണ് വിശ്വാസികൾക്കെതിരാവുന്നത്. സത്യവാങ്മൂലം എന്താണെന്ന് മനസിലാക്കിയാലല്ലേ പറ്റൂ. ഒരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ നിശ്ചയിക്കുന്നത് സർക്കാരല്ല. അതുകൊണ്ട് സർക്കാർ ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. അത് വിശ്വാസികൾക്കെതിരാണോ, അല്ലല്ലോ. ഹിന്ദുമതത്തിലെ പരിണിതപ്രജ്ഞരായ വിദഗ്ദ്ധരടങ്ങിയ സമിതി രൂപീകരിച്ച് ഇതിനെക്കുറിച്ച് പരിശോധിക്കണമെന്ന് പറഞ്ഞു. അതിലെന്താണ് തെറ്റ്? ഞങ്ങൾ അവിശ്വാസികളെ വച്ച് കമ്മിറ്റിയുണ്ടാക്കണമെന്ന് പറഞ്ഞില്ലല്ലോ? മന:പൂർവം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അതിന്റെ പേരിലെന്തെങ്കിലും ഗുണം കിട്ടുമെങ്കിൽ വാങ്ങിച്ചെടുക്കാമെന്ന ദുഷ്ടബുദ്ധിയോടെ, ഇല്ലാത്ത പ്രശ്നം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ്. അത് ചെലവാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
എൻ.എസ്.എസ് നേതൃത്വം ഈ വിഷയത്തിൽ ആദ്യം മൂന്ന് മുന്നണികളെയും തള്ളിപ്പറഞ്ഞു, ഇപ്പോൾ പക്ഷേ യു.ഡി.എഫ് ചെയ്തതിൽ സംതൃപ്തിയുണ്ടെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു ?
അദ്ദേഹം പറയുന്നത് സമദൂരമെന്നാണ്. എൻ.എസ്.എസ് പറയുന്നതാണോ സമദൂരമെന്ന് അവരാലോചിക്കട്ടെ. ഞങ്ങൾക്ക് അതുകൊണ്ടൊന്നും ഒരു പ്രശ്നവുമില്ല.
നാമജപ ഘോഷയാത്രാസമരം നടത്തിയവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം എൻ.എസ്.എസ് ഉയർത്തുന്നു, രമേശ് ചെന്നിത്തലയും അതേറ്റെടുക്കുന്നു ?
അവരുടെ സർക്കാർ വരുന്നുണ്ടെങ്കിൽ അവരത് പിൻവലിച്ചോട്ടെ. ഞങ്ങളെന്തിന് എതിർക്കണം. ഞങ്ങൾ ആ കേസുകൾ പിൻവലിക്കാനാലോചിച്ചിട്ടില്ല. കാരണം അങ്ങനെയാണെങ്കിൽ ആ കേസ് മാത്രമാക്കുന്നതെന്തിനാണ്? രാജ്യത്ത് നടന്ന എല്ലാ കേസുകളും പിൻവലിക്കേണ്ടേ? ഇതെന്ത് കേസാണ്? മാർഗതടസത്തിന്റെ കേസ് മാത്രമേ അതിനകത്തുള്ളൂ എന്നാണ് ഞാൻ മനസിലാക്കുന്നത്. അത് സാധാരണ പൊലീസെടുക്കുന്ന കേസാണ്. ഞങ്ങൾക്കൊക്കെ, സമരം നടത്തുന്ന ആളുകൾക്കൊക്കെ, എതിരായി കേസെടുക്കാറുണ്ട്. വിശ്വാസിക്ക് ഒരു കേസ്, അവിശ്വാസിക്ക് വേറൊരു കേസ് എന്നില്ല.
സി.പി.ഐ സ്ഥാനാർത്ഥികൾക്ക് മൂന്ന് ടേം നിബന്ധന കർശനമാക്കിയിരിക്കുന്നു. പാർലമെന്ററി അനുഭവപാരമ്പര്യം കൂടി കണക്കിലെടുത്തുള്ള പ്രായോഗികസമീപനം ആവാമായിരുന്നില്ലേ ?
ഞങ്ങൾ 2006ൽ ഈ നിലപാടെടുത്തതാണ്. അതിനകത്ത് ഇളവിന്റെ വ്യവസ്ഥയുണ്ടായിരുന്നു. അപ്പോൾത്തന്നെ ഈ ചോദ്യം ആളുകൾ ഞങ്ങളോട് ചോദിച്ചിരുന്നു. ഞങ്ങൾ 2011ൽ പക്ഷേ മൂന്നല്ല, രണ്ട് ടേം കർശനമായി നടപ്പാക്കി. രണ്ടു ടേം കർശനമാക്കിയപ്പോൾ പുതിയ ചില എം.എൽ.എമാർ വന്നു. 2016ൽ ഞങ്ങൾ ആറുപേർക്ക് മൂന്നാംതവണ മത്സരിക്കാൻ ഇളവ് നൽകി. ഇപ്പോൾ ഞങ്ങളാലോചിച്ചപ്പോൾ ഇളവ് വേണ്ട, മൂന്ന് ടേം ആക്കാമെന്ന് തീരുമാനിച്ചു. 15 വർഷം പാർലമെന്ററി ജീവിതം എന്നത് അത്യാവശ്യം കൊള്ളാവുന്ന കാലഘട്ടമാണ്. അതുകഴിഞ്ഞാൽ അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് പോകുന്നില്ല. ഇതൊരു ബൂർഷ്വാ പാർട്ടി പോലെയല്ല. ഞങ്ങൾക്ക് ധാരാളം ജോലിയുണ്ട്. സംഘടനാ പ്രവർത്തനമുണ്ട്, മറ്റ് കാര്യങ്ങളുണ്ട്. അതിനകത്ത് കാര്യശേഷിയുള്ള, ഭരണപരിചയമുള്ള ആൾ കൂടി സംഘടനാ പ്രവർത്തനത്തിലേക്ക് വരികയെന്നത് വലിയ കാര്യമാണ്. ഭരണപരിചയം ഇനി വരാൻ പോകുന്നവർക്കില്ലെന്ന് നിങ്ങളെവിടുന്ന് തീരുമാനിച്ചു? ഞങ്ങൾ സി. ദിവാകരനെയും മുല്ലക്കര രത്നാകരനെയും മന്ത്രിമാരാക്കുമ്പോൾ ഇരുവരും ആദ്യമായി ജയിച്ചുവന്നവരായിരുന്നു. മോശം മന്ത്രിമാരായിരുന്നുവെന്ന അഭിപ്രായമുണ്ടോ? ഇല്ല. ബിനോയ് വിശ്വവും കെ.പി. രാജേന്ദ്രനും മുമ്പ് എം.എൽ.എമാരായിരുന്നു. ആദ്യമായി മന്ത്രിമാരായവരാണ്. ഈ മന്ത്രിസഭയിൽ പഴയ മുഖങ്ങളെ ഒഴിവാക്കി പുതിയ മന്ത്രിമാരെ വച്ചു. ഇതിനേക്കാൾ മിടുക്കർ താഴെയില്ലെന്ന് നിങ്ങൾ തീരുമാനിക്കേണ്ട. ഓരോരുത്തർക്കും അവസരം കൊടുക്കുമ്പോഴാണ് അവരവരുടെ പ്രാഗല്‌ഭ്യം തെളിയിക്കുന്നത്. 90 കഴിഞ്ഞിട്ടും എങ്ങനെ മത്സരിക്കണം? വടികുത്തി പോകണോ? എന്നാലോചിക്കുന്ന പാർട്ടിയായി സി.പി.ഐയെ കാണേണ്ട.
സി.പി.എമ്മും കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അവർ രണ്ട് ടേം മാനദണ്ഡം പൊതുവായി പറയാറുണ്ടെങ്കിലും നാലും അഞ്ചും ടേം വരെ ഇളവ് നൽകുന്ന രീതിയാണ് അവരിലിപ്പോൾ കണ്ടുവരുന്നത് ?
മറ്റൊരു പാർട്ടി എടുക്കുന്ന നിലപാടിനെക്കുറിച്ച് ഞാൻ പ്രതികരിക്കുന്നത് ശരിയല്ല. ഞാനെന്റെ പാർട്ടിയുടെ കാര്യം പറഞ്ഞു. ഞങ്ങളിത് നടപ്പിലാക്കി കാണിച്ചതാണ്.
ചില മണ്ഡലങ്ങളിൽ ജനസ്വീകാര്യത ഒരു അനിവാര്യഘടകമല്ലേ ?
ജനസ്വീകാര്യത എന്നൊക്കെ പറയുന്നതെല്ലാം ആപേക്ഷികമാണ്. പൊതു രാഷ്ട്രീയ കാലാവസ്ഥ അനുകൂലമല്ലെങ്കിൽ എത്ര സ്വീകാര്യതയുള്ളവർ നിന്നാലും ജയിച്ചു കൊള്ളണമെന്നൊന്നുമില്ല. ഓരോരുത്തരുടെയും ചിന്തയ്ക്ക് അനുസൃതമാണ് കാര്യങ്ങൾ. നമ്മൾ ചിന്തിക്കുന്നത് പോലെയാവില്ല, വോട്ടർ ചിലപ്പോൾ ചിന്തിക്കുന്നത്. സ്വീകാര്യനാണെന്ന് നമുക്ക് തോന്നും, പക്ഷേ വോട്ടർക്ക് തോന്നിയില്ലെന്ന് വരും.
ഒരു ടേം കഴിഞ്ഞവർക്കും രണ്ട് ടേം കഴിഞ്ഞവർക്കും ഇനിയിപ്പോൾ ഒരേ മാനദണ്ഡമാണ്, വേണമെങ്കിൽ ഇളവാകാം?
ഒരു ടേം കഴിഞ്ഞാലും പാർട്ടി വേണ്ടാ എന്ന് തീരുമാനിച്ചാൽ വേണ്ടാ. പക്ഷേ, പൊതുമാനദണ്ഡം മൂന്നാകുമ്പോൾ എല്ലാവരും പോകണം എന്നതാണ്. സീറ്റ് ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ല.
2016ലെ ഇടതുതരംഗം ആവർത്തിക്കപ്പെടുമോ?
ഇടതുമുന്നണി കൂടുതൽ ശക്തമായി കേരളത്തിലെ ജനങ്ങളുടെ മനസിലുണ്ട്. അതിനെ ജനങ്ങളുടെ മനസിൽ നിന്ന് തൂത്തെറിയാൻ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും കഴിയില്ല. അതാണ് തദ്ദേശ തിരഞ്ഞെടുപ്പ് തെളിയിച്ചത്.