
ഇടതുമുന്നണിയിലെ ഷാർപ്പ് ഷൂട്ടറാണ് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ അദ്ദേഹം സംസാരിക്കുന്നു.
തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇടതുമുന്നണിയുടെ തുടർഭരണ പ്രതീക്ഷകൾ വർദ്ധിച്ചിരുന്നു. ആത്മവിശ്വാസം ഇപ്പോഴുമുണ്ടോ?
കഴിഞ്ഞ അഞ്ച് വർഷക്കാലം സംസ്ഥാനസർക്കാർ നടപ്പാക്കിയ പരിപാടികൾ കേരളത്തിലെ സാധാരണ ജനങ്ങൾ അംഗീകരിക്കുന്നു എന്നതിന്റെ സൂചനയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ വർദ്ധിച്ച ആത്മവിശ്വാസത്തോടെ ഈ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽ.ഡി.എഫ് ഒറ്റക്കെട്ടായി മുമ്പോട്ട് പോകുകയാണ്.
പ്രതീക്ഷകളിപ്പോൾ എത്രത്തോളമാണ്?
കേരളത്തിൽ ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയമുറപ്പാക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
തിരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിലാണിപ്പോൾ. സെക്രട്ടേറിയറ്റിന് മുന്നിൽ തൊഴിലില്ലായ്മ സമരം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്?
രാജ്യത്താകെ തൊഴിലില്ലായ്മ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പത്ത് വർഷക്കാലത്തെ ഇന്ത്യയിലെ കണക്ക് നോക്കിയാൽ അത് ബോദ്ധ്യമാകും. സ്ഥിരം തൊഴിലെന്ന സങ്കല്പം തന്നെ മാറ്റിയെഴുതുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേത്. ആ ഒരു സംവിധാനത്തിൽ ജീവിക്കുമ്പോൾ കേരളത്തിലും തൊഴിലിന്റെ അളവിൽ കുറവ് വരുന്നുവെന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ട് തൊഴിലിനായുള്ള സമരം ഏത് സർക്കാർ വിചാരിച്ചാലും ഉടനെയൊന്നും അവസാനിക്കാൻ പോകുന്നില്ല.
ഇപ്പോഴത്തെ സർക്കാരാണ് ഏറ്റവുമധികം നിയമനം പി.എസ്.സി വഴി നടത്തിയത് എന്നൊക്കെയുള്ള വിശദീകരണം നിരത്തുമ്പോഴും സമരക്കാരെ വിശ്വാസത്തിലെടുക്കാൻ അത് പ്രാപ്തമാകുന്നില്ല?
സമരം ചെയ്യുന്നവരുടെ മാനസികാവസ്ഥയുടെ അടിസ്ഥാനത്തിൽ നമുക്ക് സംസാരിക്കാനാവില്ല. അവർക്ക് സ്വാഭാവികമായും അവരുടെ ന്യായീകരണങ്ങൾ കാണും. അതിനുള്ള ജനാധിപത്യപരമായ അവകാശവുമുണ്ട്. അവർ ചെയ്യട്ടെ.
പക്ഷേ പ്രതിപക്ഷം അതേറ്റെടുക്കുമ്പോൾ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അത് ക്ഷീണമാകില്ലേ?
ഞങ്ങളങ്ങനെ കണക്കാക്കുന്നില്ല. ജനങ്ങൾക്കായി ഈ സർക്കാർ ചെയ്തിട്ടുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഞങ്ങൾ ജനങ്ങളിലേക്ക് പോവുകയാണ്. ഞങ്ങളാർക്കും തൊഴിൽ കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ല. സാദ്ധ്യതകളുടെ അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ടത് നീട്ടി. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ അനുഭവം വച്ച് രണ്ട് സർക്കാരുകൾ തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾ വളരെ മുന്നിലാണെന്ന് തെളിയിക്കാനാവും. സർക്കാരിനെതിരെ നടക്കുന്ന ഏത് വിഷയത്തിലും പ്രക്ഷോഭവുമായി മുന്നോട്ട് പോകുകയെന്നത് പ്രതിപക്ഷത്തിന്റെ ജോലിയാണ്. അവരത് ചെയ്യട്ടെ.
സിവിൽ പൊലീസ് ഓഫീസർ റാങ്ക്ലിസ്റ്റിനെച്ചൊല്ലി സമരക്കാരുയർത്തുന്ന ആക്ഷേപം യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസ്, കൊവിഡ് ലോക്ക്ഡൗൺ എന്നിവ കാരണം സമയത്ത് നിയമനങ്ങൾ നടന്നില്ലെന്നും ലിസ്റ്റിന്റെ കാലാവധി തീർന്നതോടെ പലരും വഴിയാധാരമായി എന്നുമല്ലേ?
അവർ കാര്യങ്ങൾ മനസ്സിലാക്കാത്തതിനാലാണ്. വരുന്ന ജനുവരി മാസം വരെയുള്ള പ്രതീക്ഷിത ഒഴിവുകളിൽ ഇപ്പോൾ ആളുകൾ തൃശൂർ ക്യാമ്പിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. അത് ഇപ്പോഴുള്ള ഒഴിവുകളല്ല. ആന്റിസിപ്പേറ്റ് ചെയ്ത് ഈ ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ തന്നെ അത് ചെയ്യണമെന്ന് വിചാരിച്ച് സർക്കാർ ചെയ്തതാണ്. അതെന്താ അവർ കാണാത്തത്.
സമരം വൈകാരികതലത്തിലേക്ക് മാറുമ്പോൾ അതിന്റെ മാനം മാറുകയല്ലേ?
നിങ്ങളാണ് (മാദ്ധ്യമങ്ങൾ) അതിന്റെ പ്രധാന കാരണം. ഇപ്പോൾ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടാൽ, കേരള സെക്രട്ടേറിയറ്റ് വന്ന ശേഷം ആദ്യമായി നടക്കുന്ന സമരമാണെന്ന് തോന്നും. എത്രയോ സമരങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നിട്ടുണ്ട്. തൊഴിലിന് വേണ്ടി എത്ര സമരം നടത്തിയിട്ടുണ്ട്. ആ സമരങ്ങൾക്കൊന്നും അന്ന് നൽകാത്ത പിന്തുണയിപ്പോൾ നൽകുമ്പോൾ അതിന് പിന്നിലൊരു രാഷ്ട്രീയമുണ്ട്. മാദ്ധ്യമങ്ങൾക്കും ചിലപ്പോഴുണ്ടാകും.
സമരക്കാരെ പ്രകോപിപ്പിക്കുന്ന പ്രതികരണങ്ങൾ ചില മന്ത്രിമാരിൽ നിന്നെങ്കിലുമുണ്ടാകുന്നില്ലേ?
തൊഴിലിന് വേണ്ടി നടത്തിയ സമരത്തിലൂടെ മന്ത്രിമാരൊക്കെ ആയവരാണ് ഇവിടെയിരിക്കുന്നവരൊക്കെ. അവരാരും അവരെ പ്രകോപിപ്പിക്കാനൊന്നും പറഞ്ഞിട്ടില്ല.
ഇനിയുമൊരു ഒത്തുതീർപ്പ് ചർച്ചയ്ക്ക് സർക്കാരിന് നേരിട്ട് മുൻകൈയെടുത്തുകൂടേ?
എങ്ങനെയാണ്. നിലവിലുള്ള ഒഴിവുകളിൽ നിയമിക്കുകയെന്നതിനപ്പുറം പുതിയ ഒത്തുതീർപ്പെന്താണ്. കാലാവധിയവസാനിച്ച റാങ്ക് പട്ടികകൾ ആറ് മാസം നീട്ടാനിപ്പോൾ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവുമധികം വിരമിക്കൽ വരുന്നതെന്നതിനാൽ ഇപ്പോഴത്തെ ലിസ്റ്റ് അവസാനിച്ചാൽ അടുത്തൊരു ലിസ്റ്റില്ല. അതുകൊണ്ട് ആഗസ്റ്റ് വരെ നീട്ടിക്കൊടുത്തു. അത് തൊഴിലന്വേഷിക്കുന്നവരുടെ താല്പര്യം സംരക്ഷിക്കാനാണല്ലോ. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയാണ് സർക്കാർ അത് ചെയ്യുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓരോ വകുപ്പും കാലതാമസം വരുത്തുന്നത് തടയാനും കർശനനിർദ്ദേശം സർക്കാർ കൊടുത്തു. ഞങ്ങളധികാരത്തിലെത്തുമ്പോൾ 2016ൽ ഇവിടെ നിയമനനിരോധനമായിരുന്നുവെന്ന കാര്യവും ആരും മറന്ന് പോകരുത്. അത് മാറ്റി, 47000 തസ്തികകൾ പുതുതായി അനുവദിച്ച്, 4400 റാങ്ക്ലിസ്റ്റുകൾ ഇവിടെ പ്രസിദ്ധീകരിച്ച്, അതിൽ നിന്ന് 1,57,000 ആളുകൾക്ക് നിയമനം നടത്തിയ സർക്കാരാണിതെന്നും നമ്മളാരും മറക്കരുത്.
അപ്പോൾ ഈ സമരം ഇങ്ങനെ ചർച്ചയാവുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണോ?
നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് സർക്കാരിനെതിരായി വോട്ട് ചെയ്യണമെന്നോ പ്രതിഷേധിക്കണമെന്നോ ഉണ്ടെങ്കിൽ അവർക്ക് ചെയ്യാം. അതുകൊണ്ട് അവരുടെ പ്രശ്നം പരിഹരിക്കപ്പെടുമെങ്കിൽ. പക്ഷേ, അവരെ ഈ സമരത്തിലേക്ക് തള്ളി വിടുന്നവരാണ് കേരളത്തിലെ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിച്ചതെന്ന സത്യം ചരിത്രം നോക്കി അവർ മനസ്സിലാക്കുന്നത് അവർക്കും നല്ലതാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും തരത്തിൽ ബാധിക്കുമെന്ന് വച്ച് ശരിയുടെ പക്ഷത്ത് നിന്ന് ഒളിച്ചോടാൻ സർക്കാരിനാകുമോ? ഒരു സമരമുണ്ട്, അതുകൊണ്ട് 2000 വേക്കൻസികൾ നമുക്ക് കൊടുത്തേക്കാം എന്ന് തീരുമാനിക്കാനാകുമോ. നമ്മളൊരു കാരണവശാലും സമരത്തിനെതിരല്ല. അവസരമുണ്ടെങ്കിൽ അർഹതയുള്ളവർക്ക് കിട്ടേണ്ടതാണ്. അതിനായി പരമാവധി ശ്രമിക്കുന്ന സർക്കാരാണിത്.
ശബരിമല വിഷയം തിരഞ്ഞെടുപ്പുഘട്ടത്തിൽ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരുന്നത് ആശങ്കപ്പെടുത്തുന്നുണ്ടോ?
ശബരിമലയിൽ കഴിഞ്ഞ ഒരു വർഷമോ അല്ലെങ്കിൽ കുറച്ചുകാലമോ ആയി എന്ത് പ്രശ്നമാണുണ്ടായിട്ടുള്ളത്. ആകെയുള്ള പ്രശ്നം ഭക്തജനങ്ങൾ വരുന്നത് കുറഞ്ഞതിനാൽ ദേവസ്വംബോർഡിന്റെ വരുമാനം കുറഞ്ഞു. ദേവസ്വംബോർഡിന് വരുമാനം കുറഞ്ഞാൽ 1800ഓളം ക്ഷേത്രങ്ങളിൽ ശമ്പളം മുടങ്ങും. അതിനിപ്പോൾ അവർ സർക്കാരിനോട് സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. അത് പ്രതിപക്ഷത്തെ ബാധിക്കുന്ന പ്രശ്നമാണോ, അല്ലല്ലോ? അവിടെ ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നമുണ്ടോ? ഇല്ല.
ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം ഈ സർക്കാർ തിരുത്തിയതിനാൽ, ഇപ്പോൾ സുപ്രീംകോടതി വിശാലബെഞ്ചിന് മുന്നിലിരിക്കുന്ന സത്യവാങ്മൂലം തിരുത്തി പഴയത് നൽകണമെന്നാണ് കോൺഗ്രസ് ആവശ്യം?
2007ൽ അച്യുതാനന്ദൻ സർക്കാർ കൊടുത്ത സത്യവാങ്മൂലം തിരുത്തിയിട്ടാണ് ഉമ്മൻ ചാണ്ടി വേറെ സത്യവാങ്മൂലം കൊടുത്തത്. ഞങ്ങൾ ഉമ്മൻ ചാണ്ടിയുടെ സത്യവാങ്മൂലം തിരുത്തിയില്ല. അച്യുതാനന്ദൻ കൊടുത്ത സത്യവാങ്മൂലമാണ് ഈ സർക്കാരിന്റെ നിലപാട് എന്ന് എൽ.ഡി.എഫ് സർക്കാർ കോടതിയിൽ പറഞ്ഞു. അവരുണ്ടാക്കിയ തെറ്റ് ഞങ്ങൾ തിരുത്തിയെന്നേയുള്ളൂ. 2007ൽ അന്നത്തെ ദേവസ്വംബോർഡിന്റെ പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ കൊടുത്ത അഫിഡവിറ്റാണ് ദേവസ്വംബോർഡിന്റേത്. അത് ഞങ്ങൾ മാറ്റിയിട്ടില്ല.
സർക്കാർ സത്യവാങ്മൂലം വിശ്വാസികൾക്കെതിരാണെന്നാണല്ലോ ഉമ്മൻ ചാണ്ടിയുടെ ആക്ഷേപം?
അതെങ്ങനെയാണ് വിശ്വാസികൾക്കെതിരാവുന്നത്. സത്യവാങ്മൂലം എന്താണെന്ന് മനസ്സിലാക്കിയാലല്ലേ പറ്റൂ. ഒരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ നിശ്ചയിക്കുന്നത് സർക്കാരല്ല. സർക്കാർ അതുകൊണ്ട് ഇക്കാര്യത്തെക്കുറിച്ചൊരഭിപ്രായം പറയുന്നില്ല. അത് വിശ്വാസികൾക്കെതിരാണോ, അല്ലല്ലോ. ഹിന്ദുമതത്തിലെ പരിണിതപ്രജ്ഞരായ വിദഗ്ദ്ധരടങ്ങിയ സമിതി രൂപീകരിച്ച് ഇതിനെക്കുറിച്ച് പരിശോധിക്കണമെന്ന് പറഞ്ഞു. അതിലെന്താണ് തെറ്റ്? ഞങ്ങൾ അവിശ്വാസികളെ വച്ച് കമ്മിറ്റിയുണ്ടാക്കണമെന്ന് പറഞ്ഞില്ലല്ലോ? വിശ്വാസികളും പരിണിതപ്രജ്ഞരുമടങ്ങുന്ന സമിതിയുണ്ടാക്കി ഇത് പരിശോധിക്കണമെന്ന് പറഞ്ഞു. അതിലൊന്നും യാതൊരു തെറ്റുമില്ല. മന:പൂർവ്വം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അതിന്റെ പേരിലെന്തെങ്കിലും ഗുണം കിട്ടുമെങ്കിൽ വാങ്ങിച്ചെടുക്കാമെന്ന ദുഷ്ടബുദ്ധിയോടെ ഇല്ലാത്ത പ്രശ്നം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ്. അത് കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ചെലവാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
എൻ.എസ്.എസ് നേതൃത്വം ഈ വിഷയത്തിൽ ആദ്യം മൂന്ന് മുന്നണികളെയും തള്ളിപ്പറഞ്ഞു, ഇപ്പോൾ പക്ഷേ യു.ഡി.എഫ് ചെയ്തതിൽ സംതൃപ്തിയുണ്ടെന്ന് അതിന്റെ ജനറൽസെക്രട്ടറി പറഞ്ഞു?
അദ്ദേഹം പറയുന്നത് സമദൂരമെന്നാണ്. എൻ.എസ്.എസ് പറയുന്നതാണോ സമദൂരമെന്ന് അവരാലോചിക്കട്ടെ. ഞങ്ങൾക്ക് അതുകൊണ്ടൊന്നും ഒരു പ്രശ്നവുമില്ല.
നാമജപ ഘോഷയാത്രാസമരം നടത്തിയവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം എൻ.എസ്.എസ് ഉയർത്തുന്നു, രമേശ് ചെന്നിത്തലയും അതേറ്റെടുക്കുന്നു?
അവരുടെ സർക്കാർ വരുന്നുണ്ടെങ്കിൽ അവരത് പിൻവലിച്ചോട്ടെ. ഞങ്ങളെന്തിന് എതിർക്കണം. ഞങ്ങളാ കേസുകൾ പിൻവലിക്കാനാലോചിച്ചിട്ടില്ല. കാരണം അങ്ങനെയാണെങ്കിൽ ആ കേസ് മാത്രമാക്കുന്നതെന്തിനാണ്? രാജ്യത്ത് നടന്ന എല്ലാ കേസുകളും പിൻവലിക്കേണ്ടേ? ഇതെന്ത് കേസാണ്? മാർഗ്ഗതടസ്സത്തിന്റെ കേസ് മാത്രമേ അതിനകത്തുള്ളൂവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് സാധാരണ പൊലീസെടുക്കുന്ന കേസാണ്. ഞങ്ങൾക്കൊക്കെ, സമരം നടത്തുന്ന ആളുകൾക്കൊക്കെ, എതിരായി കേസെടുക്കാറുണ്ട്. വിശ്വാസിക്ക് ഒരു കേസ്, അവിശ്വാസിക്ക് വേറൊരു കേസ് എന്നില്ല. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്.
മാണി സി.കാപ്പന്റെ മുന്നണി മാറ്റം,തിരഞ്ഞെടുപ്പ് വേളയിൽ ക്ഷീണമല്ലേ?
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവർത്തകരുടെ പരിശ്രമഫലമായാണ് അദ്ദേഹം ജയിച്ചത്. അന്ന് ഞങ്ങളെതിർത്ത പാർട്ടിയുടെ പ്രതിനിധിയാണ് ഇപ്പോൾ ഞങ്ങളോടൊപ്പമുള്ളത്. അവർക്കെതിരായാണ് ഞങ്ങളെല്ലാം സജീവമായി പ്രവർത്തിച്ചത്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുജനാധിപത്യ മുന്നണി പാലായിൽ ജയിക്കുമെന്നതിൽ ഒരു സംശയവുമില്ല.
എങ്കിലും ഈയൊരു നിർണായകഘട്ടത്തിൽ അദ്ദേഹം പുറത്ത് പോകുന്നത് ഒഴിവാക്കാനുള്ള ഒരു അനുനയനീക്കമാകാമായിരുന്നില്ലേ?
അദ്ദേഹത്തിന്റെ പാർട്ടിയിലുള്ളവർക്ക് തോന്നിയില്ലല്ലോ. അതുകൊണ്ടല്ലേ എൻ.സി.പി ഈ മുന്നണി വിട്ടുപോവാത്തത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയോടൊപ്പം ഓരോ പാർട്ടിയും നിൽക്കുന്നത് അവരുടെ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിലാണ്. നമുക്കൊക്കെ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഈ സർക്കാരിലൊക്കെ ചിലപ്പോൾ നടക്കുന്നുണ്ടാവും. അതുകൊണ്ട് നമ്മളങ്ങ് ഇറങ്ങിപ്പോകാമെന്ന് പറയുന്നതല്ലല്ലോ ശരി. ഇടതുപക്ഷ ജനാധിപത്യമുന്നണി ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒരാവശ്യമാണെന്ന് വിശ്വസിക്കുന്നതിനാലാണ് അതിലേക്ക് ദേശീയ, സംസ്ഥാന പാർട്ടികൾ വരുന്നത്. അതുകൊണ്ട് അതിനുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കാനാവുന്ന കാര്യങ്ങൾ പരിഹരിച്ച് മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാഗ്രഹിക്കുമ്പോൾ ഒരു എം.എൽ.എ വിട്ടുപോയത് കൊണ്ട്വലിയ പ്രശ്നമുണ്ടായി എന്നൊന്നും ധരിക്കേണ്ട.
പുതിയ കക്ഷികൾ മുന്നണിയിലേക്ക് വരുമ്പോൾ എല്ലാവരും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നത് ശരിയാണ്. അപ്പോഴും പക്ഷേ തനിക്ക് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടുവെന്ന് കാപ്പൻ പറയുന്നു. സിറ്റിംഗ് എം.എൽ.എയ്ക്ക് സീറ്റ് വിട്ടുനൽകേണ്ടി വരുമെങ്കിൽ അത് സംസാരിക്കേണ്ടേ?
അതൊന്നും മുന്നണിക്ക് പുറത്ത് മാദ്ധ്യമങ്ങളോടല്ല ചർച്ച ചെയ്യേണ്ടത്. മുന്നണിക്കകത്ത് ഞങ്ങൾ ഇതുവരെ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ല. അതിന് മുമ്പുതന്നെ ഇത്തരമൊരു വിഷയമുണ്ടാക്കിയതാരാണോ അവർക്കാണതിന്റെ ഉത്തരവാദിത്വം. ഇതിന്റെ ചർച്ചകൾ മാദ്ധ്യമങ്ങളുടെ മുന്നിലേക്ക് കൊണ്ടുവന്നതും അതൊരു സംവാദമാക്കിയതും എന്റെ സുഹൃത്ത് കൂടിയായ മാണി സി.കാപ്പൻ തന്നെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് മുന്നണി വിട്ടുപോകേണ്ട സാഹചര്യത്തിലേക്കെത്തിയത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ ദേശീയനേതൃത്വം അത്തരമൊരു നിലപാടിന് തയാറാവാതിരുന്നതും വിട്ടുപോയ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും.
പാലാ കൈവിട്ട് പോകുമെന്നത് അദ്ദേഹത്തിന്റെ വെറും ആശങ്കയായിരുന്നോ?
എന്നൊന്നും ഞാൻ പറയുന്നില്ല. ഞങ്ങൾ മുന്നണിക്കുള്ളിൽ ഒരു സീറ്റിനെക്കുറിച്ചും അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിൽ പിന്നെ പാലായ്ക്ക് മാത്രമായിട്ടെന്താണ് പ്രസക്തി? ഞങ്ങൾ മത്സരിച്ചിരുന്ന സീറ്റുകളും ആവശ്യപ്പെടുന്നുണ്ട്. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റുകൾ ചില പുതുതായി വന്ന ഘടകകക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം ചർച്ച ചെയ്ത് പരിഹരിക്കുകയല്ലേ സാധാരണരീതി.
കാഞ്ഞിരപ്പള്ളി അടക്കമുള്ള സീറ്റുകൾ സി.പി.ഐയും വിട്ടുകൊടുക്കേണ്ടി വരില്ലേ?
ചർച്ച തുടങ്ങട്ടെ. ചർച്ച തുടങ്ങിക്കഴിയുമ്പോഴല്ലേ, അതിന്റെ സാഹചര്യം, എങ്ങനെയാണ് എന്നെല്ലാം വരുന്നത്.
സി.പി.ഐ സ്ഥാനാർത്ഥികൾക്ക് മൂന്ന് ടേം നിബന്ധന കർശനമാക്കിയിരിക്കുന്നു. പാർലമെന്ററി അനുഭവപാരമ്പര്യം കൂടി കണക്കിലെടുത്തുള്ള പ്രായോഗികസമീപനം ആവാമായിരുന്നില്ലേ?
ഞങ്ങൾ 2006ൽ ഈ നിലപാടെടുത്തതാണ്. അതിനകത്ത് ഇളവിന്റെ വ്യവസ്ഥയുണ്ടായിരുന്നു. അപ്പോൾ തന്നെ ഈ ചോദ്യം ആളുകൾ ഞങ്ങളോട് ചോദിച്ചിരുന്നു. ഞങ്ങൾ 2011ൽ പക്ഷേ മൂന്നല്ല, രണ്ട് ടേം കർശനമായി നടപ്പാക്കി. രണ്ട് ടേം കർശനമാക്കിയപ്പോൾ പുതിയ ചില എം.എൽ.എമാർ വന്നു. 2016ൽ ഞങ്ങൾ ആറു പേർക്ക് മൂന്നാം തവണ മത്സരിക്കാൻ ഇളവ് നൽകി. ഇപ്പോൾ ഞങ്ങളാലോചിച്ചപ്പോൾ ഇളവ് വേണ്ട, മൂന്ന് ടേം ആക്കാമെന്ന് തീരുമാനിച്ചു. 15 വർഷം പാർലമെന്ററിജീവിതം എന്നത് അത്യാവശ്യം കൊള്ളാവുന്ന കാലഘട്ടമാണ്. അതുകഴിഞ്ഞാലദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് പോകുന്നില്ല. ഇതൊരു ബൂർഷ്വാ പാർട്ടി പോലെയല്ല. ഞങ്ങൾക്ക് ധാരാളം ജോലിയുണ്ട്. സംഘടനാ പ്രവർത്തനമുണ്ട്, മറ്റ് കാര്യങ്ങളുണ്ട്. അതിനകത്ത് കാര്യശേഷിയുള്ള, ഭരണപരിചയമുള്ള ആൾ കൂടി സംഘടനാപ്രവർത്തനത്തിലേക്ക് വരികയെന്നത് വലിയ കാര്യമാണ്. ഭരണപരിചയം ഇനി വരാൻ പോകുന്നവർക്കില്ലെന്ന് നിങ്ങളെവിടുന്ന് തീരുമാനിച്ചു? ഞങ്ങൾ സി. ദിവാകരനെയും മുല്ലക്കര രത്നാകരനെയും മന്ത്രിയാക്കുമ്പോൾ ഇരുവരും ആദ്യമായി ജയിച്ചുവന്നവരായിരുന്നു. മോശം മന്ത്രിമാരായിരുന്നുവെന്ന അഭിപ്രായമുണ്ടോ? ഇല്ല. ബിനോയ് വിശ്വവും കെ.പി. രാജേന്ദ്രനും മുമ്പ് എം.എൽ.എ ആയിരുന്നു. ആദ്യമായി മന്ത്രിമാരായവരാണ്. ഈ മന്ത്രിസഭയിൽ പഴയ മുഖങ്ങളെ ഒഴിവാക്കി പുതി മന്ത്രിമാരെ വച്ചു. നാല് പേരും എൽ.ഡി.എഫിന്റെ പരിപാടികൾ നടപ്പാക്കുന്നതിന് ഒന്നിലൊന്ന് മെച്ചമായിട്ട് പ്രവർത്തിച്ചിട്ടുണ്ട്. ഇതിനേക്കാൾ മിടുക്കർ താഴെയില്ലെന്ന് നിങ്ങൾ തീരുമാനിക്കേണ്ട. ഓരോരുത്തർക്കും അവസരം കൊടുക്കുമ്പോഴാണ് അവരവരുടെ പ്രാഗൽഭ്യം തെളിയിക്കുന്നത്. 90 കഴിഞ്ഞിട്ടും എങ്ങനെ മത്സരിക്കണം, വടി കുത്തി പോണോ എന്നാലോചിക്കുന്ന പാർട്ടിയായി സി.പി.ഐയെ കാണേണ്ട.
സി.പി.എമ്മും കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അവർ രണ്ട് ടേം മാനദണ്ഡം പൊതുവായി പറയാറുണ്ടെങ്കിലും നാലും അഞ്ചും ടേം വരെ ഇളവ് നൽകുന്ന രീതിയാണ് അവരിലിപ്പോൾ കണ്ടുവരുന്നത്?
മറ്റൊരു പാർട്ടി എടുക്കുന്ന നിലപാടിനെക്കുറിച്ച് ഞാൻ പ്രതികരിക്കുന്നത് ശരിയല്ല. ഞാനെന്റെ പാർട്ടിയുടെ കാര്യം പറഞ്ഞു. ഞങ്ങളിത് നടപ്പിലാക്കി കാണിച്ചതാണ്. താങ്കളുയർത്തിയ ആശങ്ക ഇല്ല എന്നതിന് തെളിവാണ് ഞങ്ങളിത് നടപ്പാക്കി കാണിച്ചത്.
ചില മണ്ഡലങ്ങളിൽ ജനസ്വീകാര്യത ഒരു അനിവാര്യഘടകമല്ലേ?
ജനസ്വീകാര്യത എന്നൊക്കെ പറയുന്നതെല്ലാം ആപേക്ഷികമാണ്. പൊതു രാഷ്ട്രീയകാലാവസ്ഥ അനുകൂലമല്ലെങ്കിൽ എത്ര സ്വീകാര്യതയുള്ളവർ നിന്നാലും ജയിച്ചുകൊള്ളണമെന്നൊന്നുമില്ല. ഓരോരുത്തരുടെയും ചിന്തയ്ക്കനുസൃതമാണ് കാര്യങ്ങൾ. നമ്മൾ ചിന്തിക്കുന്നത് പോലെയാവില്ല, വോട്ടർ ചിലപ്പോൾ ചിന്തിക്കുന്നത്. സ്വീകാര്യനാണെന്ന് നമുക്ക് തോന്നും, പക്ഷേ വോട്ടർക്ക് തോന്നിയില്ലെന്ന് വരും. അങ്ങനെയൊക്കെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ട്. അതുകൊണ്ട് അതൊരു അനിവാര്യതയല്ല. രാഷ്ട്രീയമായി ഉള്ള സാഹചര്യങ്ങളെ സംഘടനാപരമായ കരുത്തുപയോഗിച്ച് പ്രവർത്തിച്ച് വിജയിപ്പിച്ചെടുക്കുക എന്നൊരു ദൗത്യമാണ് എൽ.ഡി.എഫിന് നിർവ്വഹിക്കാനുള്ളത്. എൽ.ഡി.എഫ് ആ ജോലി കൃത്യമായി നിർവ്വഹിക്കും.
സി.പി.ഐയിൽ രണ്ട് ടേം കഴിഞ്ഞവരിപ്പോൾ നിയമസഭയിലുണ്ട്, അവർ വീണ്ടും മത്സരിക്കുമോ?
അതൊന്നും ഞാനിപ്പോൾ പറയുന്നില്ല. സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ നിർദ്ദേശം വരുന്നത് അംഗീകരിച്ച ശേഷം പത്രസമ്മേളനത്തിൽ അതിനെ സംബന്ധിച്ച് കൃത്യമായി പറയാം.
ഒരു ടേം കഴിഞ്ഞവർക്കും രണ്ട് ടേം കഴിഞ്ഞവർക്കും ഇനിയിപ്പോൾ ഒരേ മാനദണ്ഡമാണ്, വേണമെങ്കിൽ ഇളവാകാം?
ഒരു ടേം കഴിഞ്ഞാലും പാർട്ടി വേണ്ടാ എന്ന് തീരുമാനിച്ചാൽ വേണ്ടാ. പക്ഷേ, പൊതുമാനദണ്ഡം മൂന്നാകുമ്പോൾ എല്ലാവരും പോകണം എന്നതാണ്. സീറ്റ് ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ല. ഇപ്പോൾ കേൾക്കുന്നതെല്ലാം മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങൾ മാത്രമാണ്.
2016ലെ ഇടതുതരംഗം ആവർത്തിക്കപ്പെടുമോ?
ഇടതുമുന്നണി കൂടുതൽ ശക്തമായി കേരളത്തിലെ ജനങ്ങളുടെ മനസ്സിലുണ്ട്. അതിനെ ജനങ്ങളുടെ മനസ്സിൽ നിന്ന് തൂത്തെറിയാൻ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും കഴിയില്ല. അതാണ് തദ്ദേശതിരഞ്ഞെടുപ്പ് തെളിയിച്ചത്. അതുകൊണ്ട് കൂടുതൽ ശക്തമായി ജനങ്ങളുടെ പിന്തുണ നേടുന്നതിന് വേണ്ടി എൽ.ഡി.എഫ് യോജിച്ച്, വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും ഇനിയവർ നേരിടാൻ പോകുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ച് മുന്നോട്ട് പോവുകയെന്നതാണ് ഞങ്ങളുടെ ധർമ്മം.