jalam

പെരുമ്പാവൂർ: മണ്ഡലത്തിലെ മറ്റൊരു പ്രധാന പദ്ധതിയായ രായമംഗലം വെങ്ങോല കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു. ജലമിഷൻ വഴിയാണ് പദ്ധതിക്കുള്ള തുക ലഭ്യമാക്കുന്നത്. വെങ്ങോല, രായമംഗലം ഗ്രാമ പഞ്ചായത്തുകൾക്കും ഒപ്പം പെരുമ്പാവൂർ നഗരസഭ പരിധിയിലുള്ള കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 160 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്ന ചെലവ്.

2050 വരെയുള്ള ജനസംഖ്യ കണക്കിലെടുത്ത് അവർക്ക് കൂടി കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്. പെരുമ്പാവൂർ നഗരസഭ പരിധിയിലെ കാഞ്ഞിരക്കാട് നിലവിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിനോട് ചേർന്നാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. 25 ദശലക്ഷം ലിറ്റർ വെള്ളം ഓരോ ദിവസവും ശുദ്ധികരിച്ചു വിതരണം ചെയ്യുന്നതിന് ഇതിലൂടെ സാധിക്കും. ഏറെ കാലപ്പഴക്കമുള്ള നിലവിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് 10 ദശലക്ഷം ലിറ്റർ സംഭരണ ശേഷി ഉള്ളതാണ്. വല്ലം പ്രദേശത്ത് നിലവിലുള്ള പമ്പ് ഹൗസിനോട് ചേർന്ന് പുതിയ പമ്പ് ഹൗസ് സ്ഥാപിക്കും. 9 മീറ്റർ വ്യാസമുള്ള കിണറും ഇതിനൊപ്പം നിർമ്മിക്കും. ശുദ്ധികരണ ശാലയിൽ വെങ്ങോല, രായമംഗലം പഞ്ചായത്തുകൾക്കായി 2 വീതം ആകെ 4 പമ്പ് ഹൗസുകൾ സ്ഥാപിക്കും.

കാഞ്ഞിരക്കാട് നിന്നും രായമംഗലം പഞ്ചായത്തിലെ പീച്ചനമുകൾ ഭാഗത്തേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കും. 6 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള സംഭരണി ഇവിടെ നിലവിൽ ഉണ്ട്. ഇതിനൊപ്പം 3 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉപരിതല സംഭരണി കൂടി നിർമ്മിച്ചു ജലവിതരണം നടത്തും. കുറുപ്പംപടി, വായ്ക്കര, 606 എന്നി ഭാഗങ്ങളിലൂടെ കുടിവെള്ളം എത്തിക്കും. വെങ്ങോല പഞ്ചായത്തിലെ ചുണ്ടമലയിൽ 20 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി നിലവിലുണ്ട്. ഇതോടൊപ്പം പെരുമാനിയിൽ 10 ലക്ഷം സംഭരണ ശേഷിയുള്ള സംഭരണി നിർമ്മിക്കും. 2 മേഖലകളിലായി ശുദ്ധജലം വിതരണം ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ പഴകിയ ശുദ്ധജല വിതരണ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കും.

നിലവിൽ വായ്ക്കരയിൽ ജലസംഭരണി ഉണ്ട്. 606 പ്രദേശത്ത് ജലസംഭരണിക്കായി സ്ഥലം ലഭ്യമാണ്. കുറുപ്പംപടി ഭാഗത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ള കണക്ഷൻ ആവശ്യമുള്ള കുടുംബങ്ങൾക്ക് അവ കൂടി നൽകുന്നതിനും പദ്ധതിയിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്.

എൽദോസ് കുന്നപ്പിള്ളി

എം.എൽ.എ