
കൊയിലാണ്ടി: പാലത്തിന്റെ ഉപരിതലം പൊട്ടിപൊളിയുകയും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും പാലത്തിന് ബലക്ഷയം ഉണ്ടോ എന്ന് ആശങ്കപ്പെടുകയും ചെയ്ത കാലത്താണ് സർക്കാർ പുതിയ പാലം പണിയാൻ തീരുമാനമെടുത്തത്. എൽ.ഡി.എഫ്. സർക്കാർ കിഫ് ബിയുടെ സഹായത്തോടെ നിർമ്മിച്ച കോരപ്പുഴ പാലം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി ജി. സുധാകരൻ നാട്ടിന് സമർപ്പിക്കും. നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി 2018 ഡിസംബർ 18നാണ് പഴയ പാലം പൊളിക്കാൻ തുടങ്ങിയത്. മഹാ പ്രളയം നിർമ്മാണത്തെ തടസപ്പെടുത്തിയെങ്കിലും അതെല്ലാം മറി കടന്നാണ് നിർമ്മാണം പുരോഗമിച്ചത്. കൊയിലാണ്ടി-എലത്തൂർ അസംബ്ളി മണ്ഡലത്തെ ബന്ധിപ്പിക്കുന്ന പാലമാണിത്.
നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും കൊയിലാണ്ടി എം.എൽ.എ കെ. ദാസനും ചേമഞ്ചേരി പഞ്ചായത്ത് പ്രസിസന്റ് അശോകൻ കോട്ടും ഇടപെട്ടത് നിർമ്മാണം സമയബന്ധിതമായി പൂർത്തികരിക്കാൻ സഹായകമായി. പഴയ പാലത്തിന്റെ മാതൃകയിൽ ദൃശ്യ ഭംഗി ഒട്ടും ചോരാതെയാണ് പാലം നിർമ്മിച്ചത്. പന്ത്രണ്ട് മീറ്റർ വീതിയിലാണ് പാലം. പുഴയിലും കരയിലുമായി ഏഴ് സ്പാനുകൾ. കോരപ്പുഴ ഭാഗത്തേക്ക് 150 മീറ്ററും എലത്തൂർ ഭാഗത്തേക്ക് 182 മീറ്റർ റോഡ് മടങ്ങുന്നതാണ് കോരപ്പുഴ പാലം. വടക്കൻ മലബാറിനേയും ദക്ഷിണ മലബാറിനേയും ബന്ധിപ്പിക്കുന്ന പാലം 1918ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ തീരുമാനപ്രകാരമാണ് നിർമ്മിക്കുന്നത്. കെ. കേളപ്പനായിരുന്നു അന്നത്തെ പ്രസിഡന്റ്. മദ്രാസിലെ കാനൺ ഡൺ കർലി ആന്റ് കമ്പനി 1940ൽ നിർമ്മാണം പൂർത്തീകരിച്ചു. 2,84,600 രൂപയാണ് ചെലവ്. കേളപ്പജി കാളവണ്ടി കടത്തിവിട്ടാണ് പാലം ഉദ്ഘാടനം ചെയ്തത്. പുതുക്കിപണിത പാലത്തിന് കേളപ്പജിയുടെ പേരിടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.