
കല്ലറ: കൊടും വളവിൽ പാർശ്വ ഭിത്തിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. കാരേറ്റ് പാലോട് റോഡിൽ മരുതമൺ കശുവണ്ടി ഫാക്ടറിക്ക് സമീപമുള്ള തോടിനു കുറുകെയുള്ള പാലത്തിലാണ് പാർശ്വ ഭിത്തിയില്ലാത്തത്. വർഷങ്ങൾക്ക് മുൻപ് ഇവിടെ പാർശ്വഭിത്തി ഉണ്ടായിരുന്നെങ്കിലും അപകടത്തിൽ ഇടിഞ്ഞു പോയി.
പല തവണ റോഡ് പണികൾ നടന്നെങ്കിലും പാർശ്വ ഭിത്തി പുനഃസ്ഥാപിക്കാൻ ആരും തയ്യാറായില്ല. ഇപ്പോൾ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 32 കോടി രൂപയ്ക്കാണ് ഈ റോഡ് പുനർ നിർമ്മിച്ചത്.
ഓട, കലുങ്ക്, കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവയൊക്കെ ഈ പണിയിൽ വരുമെങ്കിലും നിർമ്മാണം നടന്നിട്ടില്ല. കല്ലറ ഭാഗത്ത് നിന്നു കുത്തനെയുള്ള ഇറക്കം ഈ കൊടും വളവിലാണ് അവസാനിക്കുന്നത്. ഇതിന് മുൻപും ഇരു ചക്ര വാഹനങ്ങൾ തോട്ടിലേക്ക് വീണു പോയിട്ടുണ്ട്.
കാൽ നട യാത്രികരും ഇതുവഴി കടന്ന് പോകുമ്പോൾ ഭാരം കയറ്റിയ വാഹനങ്ങളോ ബസുകളോ വരുമ്പോൾ മാറിയില്ലെങ്കിൽ തോട്ടിൽ വീഴും. തൊട്ടടുത്തു തന്നെയുള്ള തോടിന്റെ പാർശ്വ ഭിത്തി പൊളിഞ്ഞു മാറിയത് ഈ അടുത്ത കാലത്തായി കെട്ടിയിരുന്നു. അടിയന്തരമായി പാർശ്വ ഭിത്തി കെട്ടാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.