1

നെയ്യാറ്റിൻകര: വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്തം. കൂലിപ്പണിക്കാരനായ സനിൽകുമാറും തൊഴിലുറപ്പ് പണികൾക്കു പോകുന്ന ഭിന്നശേഷിക്കാരിയായ ഭാര്യ സതിയും മക്കളായ അഭിജിത്തും അനുജിത്തും പഞ്ചായത്തിൽ നിന്നും അനുവദിച്ച പണി പൂർത്തിയാകാത്ത വീട്ടിലാണ് താമസിക്കുന്നത്. സനൽകുമാറിന്റെ വരുമാനമായിരുന്നു മക്കളുടെ പഠനത്തിനുള്ള ചെലവിനു പോലും കഷ്ടപ്പെടുന്ന നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയം. നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്ന സനിൽകുമാർ പെരുമ്പഴുതൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ - ഓപ്പറേറ്റീവ് ഡയറക്ട‌ർ മെമ്പറായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് എസ്. സുരേന്ദ്രനെതിരെ പെരുങ്കടവിള വാ‌ർഡിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു. സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തയ്യാറാകാത്തതിനെ തുടർന്ന് സുരേന്ദ്രന് വിരോധമുണ്ടായിരുന്നെന്നാണ് വീട്ടുകാരുടെ ആരോപണം. തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നപ്പോൾ ഫോണിൽ ആളുകൾ വിളിച്ച് അച്ഛനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മക്കളായ അഭിജിത്തും അനുജിത്തും പറഞ്ഞു. മരണത്തിന് കാരണക്കാരായവരെ അറസ്റ്റുചെയ്യണമെന്നും കുടുംബത്തെ സാമ്പത്തികമായി സഹായിക്കണമെന്നും കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.എസ്. അനിൽ ആവശ്യപ്പെട്ടു.