summer-disease

കാലാവസ്ഥയ്ക്ക് അനുസൃതമായി ശീലങ്ങൾ മാറ്റിയാൽ മാത്രമേ കാലാവസ്ഥാജന്യ രോഗങ്ങളെ അകറ്റിനിർത്താൻ കഴിയൂ. അന്തരീക്ഷത്തിലെ ചൂടിനനുസരിച്ച് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികം.

അതുകൊണ്ടാണ്, നമ്മുടെ ശരീരത്തിലും വേനൽക്കാലത്ത് നിരവധി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത്.

 തണുപ്പ് നൽകുന്ന ആഹാരവിഹാരങ്ങൾ ശീലിച്ചാൽ ശരീരത്തിനും മനസിനും ഉണ്ടാകുന്ന ചൂട് കുറയ്ക്കാനും ചൂട് കാരണമുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനും കഴിയും. എരിവ്, പുളി, ഉപ്പ്,ചൂട്, മസാല കൂടുതലുള്ളവ, മാംസാഹാരങ്ങൾ പ്രത്യേകിച്ചും കോഴിയിറച്ചി, കാഷ്യൂനട്ട്, വറുത്തതും പൊരിച്ചതുമായവ, കോഴിമുട്ട തുടങ്ങിയവയുടെ ഉപയോഗം വേനൽക്കാലത്ത് നല്ലതല്ല.

 ആഹാരത്തിനൊപ്പം കുറഞ്ഞ അളവിൽ മാത്രം വെള്ളം കുടിക്കുകയും അല്ലാത്തപ്പോൾ കുറേശ്ശെയായി ആവശ്യത്തിന് വെള്ളം കുടിക്കുകയുമാണ് വേണ്ടത്. മധുരം, കയ്പ്,ചവർപ്പ് എന്നീ രുചികളുള്ളതും തണുണ്ടാക്കുന്നതുമായ ഭക്ഷണമാണ് വേനൽക്കാലത്ത് കൂടുതൽ ശീലിക്കേണ്ടത്.


 പുളിയും ഉപ്പും മുളകും കൂടുതലുള്ള ആഹാരം, ബിരിയാണി, അച്ചാറുകൾ, ചൂടുവെള്ളത്തിലെ കുളി, ചൂടും വെയിലും വകവയ്ക്കാതെയുള്ള ജോലി തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്.

 ചൂടുകാരണം കൂടുതൽ വിയർക്കുകയും അതുകാരണം ത്വക്ക് രോഗങ്ങൾ, നീരിറക്കം, ജലദോഷം, സൈനസൈറ്റിസ് തുടങ്ങിയവ ബാധിക്കുകയും ചെയ്യും. പൊടി കൂടുതലായതിനാൽ അലർജി രോഗങ്ങളും വർദ്ധിക്കാം. ദുർമേദസുള്ളവരിൽ ത്വക്ക് സംബന്ധമായി പൊന്നി എന്നറിയപ്പെടുന്ന സിസ്റ്റുകൾ ഉണ്ടാകാനുമിടയുണ്ട്.

 വേനൽക്കാലത്തെ ശുദ്ധ ജലക്ഷാമവും ഗുണമില്ലായ്‌മയും

ഹെപ്പറ്റൈറ്റിസ് എ എന്ന രോഗം പകരുന്നതിന് കാരണമാകും. അതിന്റെ ഒരു ലക്ഷണമാണ് മഞ്ഞപ്പിത്തം. മലിനജലത്തിലൂടെയും വിയർപ്പിലൂടേെയും ഇത് പകരാവുന്നതുമാണ്.

 ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണം കഴിക്കുന്നതുകാരണമുണ്ടാകുന്ന അമിത ദാഹം തീർക്കാൻ ധാരാളം വെള്ളം കുടിക്കുന്നതും ശുദ്ധജലത്തിന്റെ ദൗർലഭ്യവും വയറിളക്കരോഗങ്ങളും ഉണ്ടാക്കാം.

 ശരീരത്തിൽ അമിതമായി വർദ്ധിക്കുന്ന ചൂടും അന്തരീക്ഷത്തിലെ പൊടിയും വൃത്തിക്കുറവും ചെങ്കണ്ണ് പോലുള്ള നേത്രരോഗങ്ങൾ ഉണ്ടാക്കും.

പൊടി വർദ്ധിക്കുമെന്നതിനാൽ അലർജി കാരണമുള്ള തുമ്മൽ, ജലദോഷം, ശ്വാസംമുട്ട് എന്നീ രോഗങ്ങൾ വർദ്ധിക്കും.

 അമിതമായി ചൂടുണ്ടാക്കുന്ന ഭക്ഷണങ്ങളായ കാഷ്യൂനട്ട്, കോഴിമുട്ട, കോഴിയിറച്ചി തുടങ്ങിയവ അധികമായി കഴിച്ചാൽ ചിക്കൻപോക്സ് പോലുള്ള രോഗങ്ങളുടെ അണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതിന് അനുകൂലസാഹചര്യമുണ്ടാകുകയും ഇവയ്ക്കെതിരെയുള്ള സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞു പോകുകയുംചെയ്യും.

 രോഗമുള്ളവർ വീട്ടിലിരിക്കുകയും മറ്റുള്ളവർക്ക് പകരാതിരിക്കാനുള്ള സുരക്ഷിത മാർഗ്ഗങ്ങൾ സ്വീകരിക്കുകയും വേണം.

പരുത്തി വസ്ത്രങ്ങളും അയഞ്ഞ വസ്ത്രങ്ങളും വേണം ഉപയോഗിക്കാൻ. കട്ടിയുള്ളതും കടുത്ത നിറമുള്ളതും ചൂട് വർദ്ധിപ്പിക്കുന്നതുമായ വസ്ത്രങ്ങൾ ഒഴിവാക്കുക. ഉപയോഗിച്ച് വിയർപ്പ് പിടിച്ച വസ്ത്രങ്ങൾ ഒരു കാരണവശാലും കഴുകി ഉണക്കാതെ വീണ്ടും ഉപയോഗിക്കരുത്. വാഴപ്പിണ്ടി, വാഴക്കൂമ്പ്, കുമ്പളങ്ങ, വെള്ളരിക്ക, കോവയ്ക്ക, പാവയ്ക്ക, പടവലം, ചെറിയ ഉള്ളി, സവാള, ഉപ്പും എരിവും ചേർക്കാത്ത സാലഡ്, ചൂടാറ്റിയ പായസം പ്രത്യേകിച്ച്, പാൽപ്പായസം, നെയ്യ്, പാൽ പ്രത്യേകിച്ച് എരുമപ്പാൽ, മധുരമുള്ള പഴവർഗ്ഗങ്ങൾ എന്നിവ ആവശ്യാനുസരണം കഴിക്കേണ്ട കാലമാണിത്.

 ഉറക്കകുറവ് പരിഹരിക്കാനും ശരീരത്തിന്റെ ചൂട് നിയന്ത്രിക്കാനും ആവശ്യമായ എണ്ണകളും ആയുർവേദ മരുന്നുകളും കൂടി ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിച്ചാൽ വേനൽക്കാല രോഗങ്ങൾ വരാതെ സംരക്ഷിക്കാം. ഇത്തരം നിസാരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ തന്നെ കാലാവസ്ഥാജന്യമായ നിരവധി രോഗങ്ങളെ പ്രതിരോധിക്കാനാകും.

ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ.ആയുർവേദ ഡിസ്പെൻസറി,നേമം
ഫോൺ : 9447963481.