
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രണയ ജോഡികളാരെന്ന ചോദ്യത്തിന് നയൻതാരയും വിഘ്നേശ് ശിവനുമെന്നാണ് ഉത്തരം. ആഘോഷദിനങ്ങളിലെല്ലാം ഒരുമിച്ച ുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാൻ ഇരുവരും മറക്കാറില്ല. പ്രണയദിനത്തിൽ ഇരുവരും പങ്കുവച്ച ചിത്രം സൃഷ്ടിച്ച ഒാളം നാളുകൾ നാല് കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല.പരമ്പരാഗത വേഷങ്ങളണിഞ്ഞാണ് നയൻസും വിഘ്നേശ് ശിവനും പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓഫ് വൈറ്റ് സിൽക്ക് ഷർട്ടും മുണ്ടുമണിഞ്ഞ് വിഘ്നേശ് ശിവനും സ്വർണ്ണക്കസവ് ബോർഡറുള്ള മഞ്ഞ പട്ടുസാരിയുടുത്ത് നയൻതാരയും.തങ്കമേ... വിഘ്നേശ് ശിവൻ തന്റെ പ്രിയപ്പെട്ടവളെ പ്രണയപൂർവ്വം വിളിക്കുന്ന പേരാണിത്. ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായ നാനും റൗഡി താനിലെ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ ആദ്യ വരിതന്നെ തങ്കമേയെന്നാണ്. നയൻസ് വിഘ്നേശിനെ വിക്കിയെന്ന് വിളിക്കും.
ആറ് വർഷം മുമ്പ് ആ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം മുതൽ അന്യോന്യം പ്രണയിച്ച് തുടങ്ങിയവരാണ് നയൻസും വിഘ്നേശ് ശിവനും. പ്രണയത്തിന്റെ ആദ്യ നാളുകളിൽത്തന്നെ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവും ഇരുവരും കൈക്കൊണ്ടിരുന്നു.
ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ച് കഴിഞ്ഞെങ്കിലും ഒൗദ്യോഗികമായി വിവാഹിതരാകാനുള്ള തീരുമാനം ഇരുവരും ഇനിയുമെടുത്തിട്ടില്ല. കല്യാണത്തെക്കുറിച്ച് ചോദിച്ചാൽ രണ്ടുപേരും ഒന്നും മിണ്ടുകയുമില്ല.
പ്രണയിച്ച് കൊതിതീരാത്തവരാണ് നയൻതാരയും വിഘ്നേശ് ശിവനും. ജീവതത്തെയും സിനിമയെയും ഒരുപോലെ പ്രണയിക്കുന്നവർ. തങ്ങളെ ഒന്നിപ്പിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ ഓർമ്മയ്ക്കായി തങ്കവും തങ്കത്തിന്റെ വിക്കിയും ചേർന്ന് തുടങ്ങിയ സിനിമാ നിർമ്മാണ - വിതരണക്കമ്പനിയാണ് റൗഡി പിക്ചേഴ്സ്.തങ്ങളുടെ സിനിമകൾ ചെയ്യുന്നതിനൊപ്പം സിനിമാ രംഗത്തെ പുതിയ വാഗ്ദാനങ്ങൾക്ക് കൈ കൊടുക്കാനും റൗഡി പിക്ച്ചേഴ്സ് മുന്നോട്ട് വരുന്നത് കൈയടിയർഹിക്കുന്ന കാര്യമാണ്.
ഏറെക്കാലമായി വിഘ്നേശ് ശിവന്റെ അടുത്ത സുഹൃത്തായ അരുൺ മഹേശ്വരൻ സംവിധാനം ചെയ്യുന്ന റോക്കിയാണ് ഏറ്റവും ഒടുവിലായി റൗഡി പിക്ചേഴ്സ് ഏറ്റെടുത്ത ചിത്രം.വസന്ത് രവിയും ഭാരതി രാജയും ഡബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ രവീണാ രവിയുമാണ് റോക്കിയിലെ പ്രധാന താരങ്ങൾ. റൗഡി പിക്ച്ചേഴ്സിനുവേണ്ടി വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതൽ എന്ന ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്. വിജയ് സേതുപതിയാണ് നായകൻ. നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിഘ്നേശ് ശിവനും നയൻതാരയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിലെ മറ്റൊരു നായിക സാമന്തയാണ്. തമിഴിൽ രജനീകാന്തിനൊപ്പമഭിനയിക്കുന്ന അണ്ണാത്തെയാണ് നയൻസിന് പൂർത്തിയാക്കാനുള്ള മറ്റൊരു ചിത്രം. മലയാളത്തിൽ കുഞ്ചാക്കോ ബോബനോടൊപ്പം അപ്പു എൻ. ഭട്ടതിരിയുടെ നിഴൽ പൂർത്തിയാക്കിയ നയൻസ് അൽഫോൺസ് പുത്രന്റെ ഫഹദ് ഫാസിൽ ചിത്രമായ പാട്ടിലഭിനയിക്കാനും കരാറൊപ്പിട്ടു കഴിഞ്ഞു.