arrest

മനുഷ്യവംശത്തോളം തന്നെ പഴക്കമുള്ള സംഗതികളാണ് കുറ്റവും ശിക്ഷയും. കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ സന്ദേശം സമൂഹത്തിന് നൽകുക എന്ന ലക്ഷ്യമായിരിക്കാം അപരിഷ്‌‌കൃതവും ക്രൂരവുമായ ശിക്ഷകൾക്കുണ്ടായിരുന്നത്. മനുഷ്യ സമൂഹം എല്ലാ രംഗത്തും പുരോഗമിച്ചതിലൂടെയാണ് അതെല്ലാം ഇല്ലാതായതും കുറ്റവാളികൾക്ക് ജയിൽശിക്ഷ നാട്ടുനടപ്പായി മാറിയതും. മനുഷ്യന്റെ ഏറ്റവും വലിയ അവകാശം സ്വാതന്ത്ര്യമാണ്. ബന്ധനത്തോളം പാരിൽ ദുസ്സഹമായ മറ്റൊന്നില്ല. ശിക്ഷിക്കപ്പെടുന്ന വ്യക്തി ജയിലിൽ അടയ്ക്കപ്പെടുന്നതോടെ അതുവരെ അയാൾ സ്വച്ഛന്തം അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. അതുതന്നെയാണ് നൽകാവുന്ന ഏറ്റവും പരിഷ്‌കൃതമായ ശിക്ഷ. അതേസമയം ജയിലിൽ കിടക്കുന്നവർക്കും അവരുടേതായ മനുഷ്യാവകാശങ്ങളുണ്ട്. വിചാരണ കൂടാതെ വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുള്ളവരും കിടക്കുന്നവരും ഇപ്പോഴുമുണ്ട്. ഇതൊക്കെ നിയമത്തിന്റെ ഏതു കോണിൽക്കൂടി നോക്കിയാലും നീതിപൂർവകമായ കാര്യങ്ങളല്ല. ശിക്ഷാ കാലയളവിൽ പല കാരണങ്ങളാൽ ഇളവ് നൽകാൻ വ്യവസ്ഥയുണ്ട്. മാരകമായ രോഗത്തിന് അടിമപ്പെട്ട് ദിവസങ്ങൾ എണ്ണിക്കഴിയുന്ന ഒരാൾക്ക് ഇളവ് നൽകുന്നതും നീതി തന്നെയാണ്. മിക്ക സംസ്ഥാനങ്ങളിലും ജയിൽ ഉപദേശക സമിതികളാണ് ശിക്ഷാ ഇളവ് ശുപാർശ ചെയ്യുന്നത്. ഇതാകട്ടെ രാഷ്ട്രീയക്കാർക്ക് ഭൂരിപക്ഷമുള്ള സമിതികളായിരിക്കും. ഇവർക്ക് യഥാർത്ഥത്തിൽ ശിക്ഷാ ഇളവ് ലഭിക്കേണ്ട പല അപേക്ഷകളും രാഷ്ട്രീയ കാരണങ്ങളാൽ നിരസിക്കാം. സ്വതന്ത്രമായ ഒരു സമിതിയാണ് ഇതിന് വേണ്ടത്. 2014ലെ കേരള പ്രിസണുകളും സംശുദ്ധീകരണ, സാന്മാർഗീകരണ സേവനങ്ങളും ചട്ടങ്ങൾ ഇടതുസർക്കാർ ഭേദഗതി ചെയ്ത് റിട്ട. ഹൈക്കോടതി ജഡ്‌ജി അദ്ധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ശിക്ഷായിളവിൽ തീരുമാനമെടുക്കാനുള്ള പരമാധികാരം ഇനി മുതൽ ഈ സമിതിക്കായിരിക്കും. മറ്റു സംസ്ഥാനങ്ങൾക്കും അനുകരിക്കാവുന്ന മാതൃകാപരമായ നടപടിയാണിത്. ആഭ്യന്തര, നിയമ, സാമൂഹ്യക്ഷേമ സെക്രട്ടറിമാരും സമിതി അംഗങ്ങളായിരിക്കും. ശിക്ഷായിളവിനോ വിടുതലിനോ ഉപദേശക സമിതി ശുപാർശ ചെയ്യാത്ത 146 ജീവപര്യന്തം തടവുകാർ ഇപ്പോഴുമുണ്ട്. ഇവരെല്ലാം 14 വർഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞവരാണ്. 28 വർഷമായി ശിക്ഷ അനുഭവിക്കുന്നവരും ഇവരിലുണ്ട്. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഭാവിയിൽ ഇതിലും മാറ്റം വരാൻ സാദ്ധ്യത ഇല്ലാതില്ല.

പൊലീസ്, ജയിൽ പരിഷ്കരണത്തിന് നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ സമിതിയുടെ ശുപാർശ പ്രകാരമാണ് സമിതി രൂപീകരിക്കുന്നത്. ജില്ലാതല സമിതിയുടെ ശുപാർശ പുന:പരിശോധിക്കാൻ മാത്രമല്ല, ഓരോ തടവുകാരെയും പരിഗണിച്ച് ശിക്ഷായിളവിനും വിട്ടയയ്ക്കാനും സമിതിക്ക് ശുപാർശ ചെയ്യാം.

നിലവിൽ ഉപദേശക സമിതി നിരസിച്ചാൽ തടവുകാരന് അപ്പീൽ നൽകാൻ സംവിധാനമില്ല. ഈ ന്യൂനത കൂടിയാണ് പുതിയ സമിതി നിലവിൽ വരുന്നതോടെ പരിഹരിക്കപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ തടവറയിൽ നീതിയുടെ കിരണം കടത്തിവിടുകയാണ് ഈ നടപടിയിലൂടെ സർക്കാർ ചെയ്തത്.