
വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ ഇപ്പോഴും കടുത്ത വിവേചനം പുലർത്തുന്നതിന്റെ തെളിവാണ് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിൽ നിന്നുണ്ടായ സുപ്രധാനമായ ഒരു വിധി. വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ സഹായിക്കാൻ വേണ്ടി കൊണ്ടുവന്ന വിദ്യാഭ്യാസ വായ്‌പാ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിസ്‌മരിച്ചു കൊണ്ടാകരുത് ബാങ്കുകൾ പ്രശ്നത്തിൽ ഇടപെടേണ്ടതെന്നാണ് ജസ്റ്റിസ് പി.വി. ആശയുടെ ബെഞ്ച് നിർദ്ദേശിച്ചത്. വായ്‌പ അനുവദിക്കുന്നതിന് വിവിധ രേഖകൾ ആവശ്യമാകാം. എന്നാൽ ഹാജരാക്കാൻ കഴിയാത്ത രേഖകൾ ആവശ്യപ്പെടുന്നത് വായ്പ നിഷേധിക്കുന്നതിനു തുല്യമാണ്. ഏഴരലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്‌പയ്ക്ക് ഈടൊന്നും ആവശ്യപ്പെടരുതെന്നാണ് ചട്ടം. വായ്പയെടുത്ത് പഠിക്കുന്ന കുട്ടികളുടെ ഭാവിയിലെ തൊഴിൽ സാദ്ധ്യത മാത്രം പരിഗണിച്ചാണ് സാധാരണഗതിയിൽ ഏഴരലക്ഷം രൂപ വരെയുള്ള വായ്പ അനുവദിക്കുന്നത്. എന്നാൽ പല ബാങ്കുകളും ഈടും ആവശ്യപ്പെടാറുണ്ടെന്നതാണ് യാഥാർത്ഥ്യം. തിരുവനന്തപുരം സ്വദേശിയായ ഒരു വിദ്യാർത്ഥിനി എസ്.ബി.ഐയിൽ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിച്ചതിനൊപ്പം നൽകിയ പിതാവിന്റെ വസ്തുവുമായി ബന്ധപ്പെട്ട മുൻ ആധാരത്തിന്റെയും പവർ ഒഫ് അറ്റോർണിയുടെയും അസൽ രേഖകൾ ആവശ്യപ്പെട്ട് ബാങ്ക് വായ്പാ അപേക്ഷ നിരസിച്ചതിനെതിരെയാണ് അപേക്ഷക ഹൈക്കോടതിയെ സമീപിച്ചത്. 39 വർഷം മുൻപ് നടന്ന വസ്തു ഇടപാടിന്റെ മുൻ ആധാരത്തിന്റെ അസ്സൽ ഹാജരാക്കണമെന്നായിരുന്നു ബാങ്കിന്റെ ആവശ്യം. അതുപോലെ അപേക്ഷകയുടെ പിതാവ് ഈ വസ്തു വിലയാധാരം വാങ്ങിയത് 27 വർഷം മുൻപാണ്. ഇതിനായി അന്ന് ഉപയോഗിച്ച മുക്ത്യാർ പത്രത്തിന്റെ ഒറിജിനൽ വേണമെന്ന ആവശ്യവും അപേക്ഷകയെ വട്ടംചുറ്റിക്കാൻ വേണ്ടിയാണ്. ഇത്തരം സാങ്കേതിക നൂലാമാലകളിൽ കുടുക്കി വിദ്യാഭ്യാസ വായ്പ തടയുകയല്ല വേണ്ടത്. വായ്പയെടുത്ത് പഠിച്ച് ജോലി കരസ്ഥമാക്കി വായ്പ തിരിച്ചടയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് കേന്ദ്രവും ബാങ്കേഴ്സ് സമിതിയും അംഗീകരിച്ച വ്യക്തമായ നിബന്ധനകളുണ്ട്. എന്നാൽ അതു മാറ്റിവച്ച് മാനേജർമാർ സ്വന്തം നിലയ്ക്ക് പല നിബന്ധനകളും അപേക്ഷകർക്കു മുമ്പാകെ വയ്ക്കാറുണ്ട്. ഒട്ടേറെപ്പേർക്ക് വായ്പ നിഷേധിക്കാറുമുണ്ട്. സാങ്കേതിക ന്യൂനതകൾ നിരത്തി വായ്പാ അപേക്ഷ നിരസിക്കുന്നതിനു പകരം കുട്ടികളെ ഉപരിപഠനത്തിന് സഹായിക്കാനാണ് ബാങ്കുകൾ ശ്രമിക്കേണ്ടതെന്ന കോടതിയുടെ നിർദ്ദേശം സംസ്ഥാനത്തെ ബാങ്കുകൾക്ക് പൊതുവിൽ മാർഗദർശനമാകേണ്ടതാണ്.
ഓരോ അദ്ധ്യയന വർഷാരംഭത്തിലും വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കാൻ കുട്ടികളും രക്ഷാകർത്താക്കളും നെട്ടോട്ടമോടുന്നത് ഇപ്പോൾ പതിവാണ്. പൊതുവായ നിബന്ധനകളുണ്ടെങ്കിലും വിവേചനാധികാരം പ്രയോഗിച്ച് അപേക്ഷകൾ തള്ളിക്കളയുന്ന പ്രവണത പരക്കെയുണ്ട്. വായ്പ ലഭിക്കാതെ ഉപരിപഠനം മുടങ്ങിയതിൽ മനം നൊന്ത് ആത്മഹത്യയ്ക്കു മുതിർന്നവർ വരെയുണ്ട്. വായ്പ ഉപയോഗിച്ച് പഠനം പൂർത്തിയാക്കിയാലും തിരിച്ചടവ് വൈകിയതിന്റെ പേരിൽ കടക്കെണിയിലാകുന്ന കുടുംബങ്ങളും കുറവല്ല. ജോലി ലഭിക്കുന്നതിൽ വരുന്ന കാലതാമസവും ജോലി ലഭിച്ചാൽത്തന്നെ നേടുന്ന കുറഞ്ഞ ശമ്പളവും വായ്പാ തിരിച്ചടവിനെ ബാധിക്കാറുണ്ട്. ആയിരക്കണക്കിനു കോടിയുടെ ബാങ്ക് വായ്പയെടുത്ത് മുങ്ങുന്ന വമ്പന്മാരെ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പയെടുക്കുന്നവരിൽ ബഹുഭൂരിപക്ഷവും എടുത്ത പണം എങ്ങനെയും തിരിച്ചടയ്ക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ തന്നെയാകും. വിദ്യാഭ്യാസ വായ്പ സാങ്കേതികത്വം പറഞ്ഞ് നിഷേധിക്കുന്ന ബാങ്കുകൾ അവരുടെ ആത്മാർത്ഥതയെയും സത്യസന്ധതയെയും അംഗീകരിക്കുന്നില്ലെന്നു വേണം മനസിലാക്കാൻ.