photo

 പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകി

പാലോട്: നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ പത്തുലക്ഷം രൂപയോളം ചെലവഴിച്ച് നിർമ്മിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഓഡിറ്റോറിയം അധികൃതർ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്രിയതിനിതിരെ പഞ്ചായത്ത് അധികൃതർ പാലോട് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഇവിടെ ഫസ്റ്ര് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കിയത്. എന്നാൽ നാളിതുവരെയും ഒരു രോഗിക്കുപോലും സ്ഥാപനത്തിന്റെ സേവനം ലഭ്യമായിരുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിന്റെ ഭരണം യു.ഡി.എഫിനാണ് ലഭിച്ചത്. പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പൊളിച്ചുമാറ്റിയത് രാഷ്ട്രീയപേരിതമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

എന്നാൽ കഴിഞ്ഞ പത്തുമാസത്തോളം ഓഡിറ്റോറിയം സൗജന്യമായി വിട്ടുനൽകിയതിലൂടെ വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടായതെന്ന് സ്ഥാപന ഉടമകളായ നന്ദിയോട് സർവീസ് സഹകരണ ബാങ്ക് അധികൃതർ പറയുന്നു. വിഷയത്തിൽ കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് സെന്റർ പൊളിച്ചുമാറ്റുന്നതിന് അനുമതി ലഭിച്ചിരുന്നു. പൊളിച്ച സാധനങ്ങൾ സുരക്ഷിതമായി ബാങ്ക് ഹാളിൽ സൂക്ഷിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ചാൽ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് പ്രസിഡന്റ് പേരയം ശശി അറിയിച്ചു.