
നെയ്യാറ്റിൻകര: ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ മനം നൊന്ത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. പെരുങ്കടവിള തോട്ടവാരം അനുജിത് ഭവനിൽ സനിൽ കുമാറാണ് (39) മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച സനിൽ കുമാറിനെ ഗുരുതര പൊള്ളലോടെ നെയ്യാറ്റിൻകര ജനറലാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണം സംഭവിച്ചു.സംഭവത്തിന് പിന്നിൽ പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രന്റെ ഇടപെടലാണെന്നാണ് സനിൽകുമാറിന്റെ മരണമൊഴി. കൂലിപ്പണിക്കാരനായിരുന്ന സനിൽകുമാർ ജോലിക്കു പോയിരുന്ന സമയത്താണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി അധികൃതരെത്തിയത്. ഫോണിലൂടെ വിവരം അറിയിച്ച ജീവനക്കാരോട് സനിൽകുമാർ ഒരു ദിവസത്തെ സാവകാശം ചോദിച്ചപ്പോൾ ,അത് നൽകാൻ അവർ തയ്യാറായിരുന്നു. എന്നാൽ, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സനിൽകുമാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നതാണ് കണ്ടത്. വിവരം തിരക്കിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരമാണ് ചെയ്തതെന്നാണ് അറിയാൻ കഴിഞ്ഞതത്രെ. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സുരേന്ദ്രനെതിരെ പെരുങ്കടവിള വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിലുള്ള വിരോധം കൊണ്ടാണ് വൈദ്യുതി വിച്ഛേദിക്കാൻ അധികൃതർക്ക് പ്രേരണ നൽകിയതെന്നും മരണമൊഴിയിൽ പറയുന്നു. പെരുങ്കടവിള വാർഡിൽ മത്സരിച്ച സനിൽകുമാർ മൂന്നാം സ്ഥാനത്തായിരുന്നു.
ഇവിടെ വിജയിച്ചത് എൽ.ഡി.എഫിലെ സുരേന്ദ്രനാണ്.
രാത്രിയിൽ തന്നെ സനിൽകുമാർ പ്രസിഡന്റിനെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കറണ്ടില്ലാത്തതിനാൽ വീട്ടിൽ കൊളുത്തിവച്ചിരുന്ന മണ്ണെണ്ണ വിളക്കെടുത്താണ് ദേഹത്ത് തീകത്തിച്ചത്. ഭാര്യയും മക്കളും തടയാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വെള്ളമൊഴിച്ച് തീ അണയ്ക്കുമ്പോഴേക്ക് സാരമായി പൊള്ളലേറ്റിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിന്തുണ നൽകിയ പ്രാദേശിക കോൺഗ്രസ് നേതാവ് എം.എസ്. അനിലും മറ്റുമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഭാര്യ- സതി എസ്.എൽ, മക്കൾ- പ്ലസ് വൺ വിദ്യാർത്ഥി അഭിജിത്, ഒൻപതാം ക്ലാസ് വിദ്യാർത്ഥി അനുജിത്.
''സനിൽകുമാറിന്റെ മരണവുമായി എനിക്ക് ഒരു ബന്ധവുമില്ല. ഇലക്ട്രിസിറ്റി ബോർഡ് ചട്ടങ്ങൾ പാലിച്ചാണ് വൈദ്യുതി വിച്ഛേദിച്ചത്.
- എസ്.സുരേന്ദ്രൻ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
''നാല് ബില്ലുകൾ കുടിശ്ശികയുണ്ടായിരുന്നു. തവണ വ്യവസ്ഥയായി ബിൽ അടയ്ക്കാനുള്ള സാവകാശം നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും ഓഫീസിലെത്താൻ സനിൽകുമാർ തയ്യാറായിരുന്നില്ല. 15 ദിവസത്തെ മുൻകൂർ നോട്ടീസ് കൊടുത്ത ശേഷമാണ് വൈദ്യുതി വിച്ഛേദിക്കാൻ ജീവനക്കാർ പോയത്.
-ദീപ്തി.ആർ.ദാസ്,
എ.ഇ.ഇ,കെ.എസ്.ഇ.ബി