
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ജില്ലയിൽ ഒരുക്കങ്ങൾ തകൃതി. വോട്ടർപട്ടികയിൽ പേരുള്ള 80 ന് മുകളിൽ പ്രായമുളളവർ, അംഗപരിമിതർ, കൊവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിലുള്ളവർ തുടങ്ങിയ വിഭാഗങ്ങളിലെ 8000 ത്തോളം പേർക്ക് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റിലൂടെ വോട്ടു ചെയ്യാം. നിലവിലെ വോട്ടർ പട്ടികയിൽ 613 അംഗപരിമിതരും 80 വയസിന് മുകളിൽ പ്രായമുള്ള 13255 ആളുകളുമാണുള്ളത്. സ്പെഷ്യൽ പോസൽ ബാലറ്റ് നൽകുന്നത് സംബന്ധിച്ച് മുഴുവൻ നടപടിക്രമങ്ങളും വീഡിയോയിൽ ഷൂട്ട് ചെയ്ത് സൂക്ഷിക്കും. വോട്ടർപട്ടികയിൽ പേരുള്ള ആബ്സെന്റീസ് വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ( 12 ഡി ഫോം) ബി.എൽ.ഒമാർ മുഖേന വീടുകളിൽ എത്തിച്ചുനൽകും. 1048 പോളിംഗ് ഓഫീസർമാരെയാണ് ഇതിനായി നിയോഗിക്കും.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് ഗ്രൗണ്ടുകൾ വീതം അനുവദിക്കും. പൊതുപരിപാടികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ ഗ്രൗണ്ടുകളിൽ മാത്രമേ പ്രചാരണം നടത്താൻ അനുവദിക്കു. നോമിനേഷൻ സമർപ്പിക്കാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ പാടുള്ളൂ. കലാശക്കൊട്ട് വേണമോ എന്നത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കലാശക്കൊട്ട് അനുവദിച്ചിരുന്നില്ല. ജില്ലയിൽ ആകെ 44 ക്രിട്ടിക്കൽ ബൂത്തുകളും 45 വൾനറബിൾ ലൊക്കേഷനുകളുമാണുള്ളത് 983 ബൂത്തുകളും 608 ആക്സിലറി ബൂത്തുകളുമുൾപ്പെടെ ആകെ1591 ബൂത്തുകളാണുള്ളത്. ഓരോ നിയോജക മണ്ഡലത്തിലും ഓരോ കൗണ്ടിംഗ്
സെന്ററും വിതരണ കേന്ദ്രവും ഒരുക്കും. തിരഞ്ഞെടുപ്പിനായി 2119 കൺട്രോൾ യൂണിറ്റുകളും 2174 ബാലറ്റ് യൂണിറ്റുകളും 2141 വി.വി. പാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ 70 കൺട്രോൾ യൂണിറ്റുകളും 110 വി.വി. പാറ്റുകളും കണ്ണൂരിൽ നിന്ന്
കൊണ്ടു വരും,
കൺട്രോൾ റൂം തുറക്കും
തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന ദിവസം തന്നെ കളക്ടറേറ്റിൽ കൺട്രോൾറും തുറക്കും. 1950 ൽ വിളിച്ച് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ വരണാധികാരികളുടെ കീഴിൽ പ്രത്യേകം കമ്പ്യൂട്ടർ അധിഷ്ഠിത കൺട്രോൾ റൂം തുറക്കും. മാതൃകാ പെരുമാറ്റ ചട്ടം വന്നാൽ പൊതുസ്ഥലങ്ങളിലെ എല്ലാ പരസ്യബോർഡുകളും നീക്കം ചെയ്യും. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഫ്ലക്സുകൾ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കും. ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകിയിട്ടുണ്ട്.
ബൈറ്റ്
ജില്ലയിലെ 17 അതിർത്തികളിൽ നിരീക്ഷണത്തിനായി 51 ടീമുകളെ നിയോഗിക്കും. മദ്യം, സമ്മാനം, പണം എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ അനുവദിക്കില്ല. 86 ബൂത്തുകളിൽ പ്രത്യേക നിരീക്ഷണമുണ്ടാകും. കൂടുതൽ ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് വേണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങളൊന്നും ഇല്ലാതെ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു തിരഞ്ഞെടുപ്പ് നടത്താൻ ജില്ലയിലെ രാഷ്ട്രീയ പാർട്ടിക്കാർ സഹായിച്ചിട്ടുണ്ട്. അതിന് അവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു .
ഡോ. ഡി. സജിത്ത് ബാബു
( കാസർകോട് ജില്ലാ കളക്ടർ )