
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്ക് ലിസ്റ്റ് സർക്കാർ പുനഃപരിശോധിക്കണമെന്ന് സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.സെക്രട്ടേറിയറ്റിന് മുന്നിൽ സമരം 11 ദിവസം പിന്നിട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതൊരു രാഷ്ട്രീയ സമരമല്ല, ജീവിതത്തിന് വേണ്ടിയുള്ള സമരമാണ്. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടണം. കാലാവധി നീട്ടാൻ പി.എസ്.സി ശുപാർശ ചെയ്ത റാങ്ക് ലിസ്റ്റാണിത്. 2497 പേരാണ് ലിസ്റ്റിലുള്ളത്. വിവിധ ബറ്റാലിയനുകളിലായി 3200 ത്തോളം ഒഴിവുകളുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം കിട്ടിയ വിവരം. 2020 ജൂൺ 25 വരെയുള്ള പുതിയ ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് സർക്കാർ പറയുന്നു. എന്നാൽ ലിസ്റ്റിൽ നിന്ന് അവസാനം അഡ്വൈസ് അയച്ചത് 2020 ജൂലായ് ആറിനാണ്.
2015-ൽ യു.ഡി.എഫ് കാലത്ത് വിജ്ഞാപനമിറക്കി 2017-ൽ പരീക്ഷ നടത്തിയ റാങ്ക് ലിസ്റ്റിൽ നിന്ന് ഇടതു സർക്കാരാണ് നിയമനം നടത്തിയത്. 17 ദിവസം സമരം നടത്തിയ ശേഷമാണ് ആ ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകിയത്. 5500 പേരെ അതിൽ നിന്ന് നിയമിച്ചു. ഇപ്പോഴത്തെ ലിസ്റ്റ് 2019 ജൂലായിലാണ് നിലവിൽ വന്നത്. രണ്ട് ബാച്ചുകളിലായി 4646 പേരെ നിയമിച്ചു. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് പുതിയ തസ്തിക സൃഷ്ടിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെങ്കിലും സി.പി.ഒ ലിസ്റ്റ് മാത്രം കാലാവധി നീട്ടിയില്ല.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും യു.ഡി.എഫിന്റെ കാലത്തും മെയിൻ ലിസ്റ്റിൽ നിന്നും ഒരാൾ പോലും പുറത്തായിരുന്നില്ല.ഭക്ഷണം കഴിക്കാൻ പോലും മാർഗമില്ലാതെയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്നത്. കുടിവെള്ളം വിറ്റോ മാസ്ക് വില്പന നടത്തിയോ ഒക്കെ നിത്യചെലവിന് വഴി കണ്ടെത്തേണ്ട അവസ്ഥയിലാണ്. തങ്ങൾക്ക് പറയാനുള്ളത് അഞ്ചു നിമിഷമെങ്കിലും കേൾക്കാൻ സർക്കാർ സൗമനസ്യം കാട്ടണമെന്നും സംഘടനാ പ്രസിഡന്റ് അഫ്സലും സെക്രട്ടറി അശോകും ആവശ്യപ്പെട്ടു.
മന്ത്രിതല ചർച്ചയില്ലാതെ സമരം തീരില്ല: റാങ്ക് ഹോൾഡേഴ്സ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായോ മന്ത്രിതലത്തിലോ ചർച്ചയ്ക്കുള്ള അവസരം കിട്ടാതെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കില്ലെന്ന് എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർതാസമ്മേളനത്തിൽ പറഞ്ഞു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തത്കാലം നിറുത്തിവച്ച സർക്കാർ നടപടി സ്വാഗതാർഹമാണ്. പുതിയ തസ്തിക സൃഷ്ടിക്കാൻ ഇത് വഴിയൊരുക്കും. എന്നാൽ അതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ല.
തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്ന് അഞ്ചിലൊന്നു പേർക്കെങ്കിലും നിയമനം ലഭിക്കുമെന്ന് ഉറപ്പാക്കണം. താത്കാലിക നിയമനങ്ങൾ വേണ്ടിവരുമെന്നതിൽ അഭിപ്രായവ്യത്യാസമില്ല. എന്നാൽ അത്തരം നിയമനങ്ങൾ പത്തോ പന്ത്രണ്ടോ വർഷത്തേക്ക് നീട്ടിക്കൊണ്ടു പോയി സ്ഥിരപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. കഴിഞ്ഞ വർഷങ്ങളിൽ റെക്കാഡ് വിരമിക്കൽ ഉണ്ടായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷെ റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന കാര്യത്തിൽ ഇതിന് ആനുപാതികമായ പുരോഗതി ഉണ്ടായില്ല. അടുത്ത മൂന്ന് മാസത്തിനുള്ളിലും കാര്യമായ നിയമനങ്ങൾ നടക്കുമെന്ന പ്രതീക്ഷയില്ലെന്നും ലയ രാജേഷ്, ദിനേഷ് ചന്ദ്രൻ, റിജു, ജിഷ്ണു, വിനീഷ് എന്നിവർ അറിയിച്ചു. സ്ഥിര നിയമനങ്ങൾക്കു തുല്യമല്ല കരാർ നിയമനങ്ങൾ - ഹൈക്കോടതി കൊച്ചി: കോളേജുകളിലും സർവകലാശാലകളിലുമടക്കം നിയമന നടപടിയുടെ ഭാഗമായി അപേക്ഷ ക്ഷണിച്ചു നടത്തുന്ന സ്ഥിരം നിയമനങ്ങൾക്ക് തുല്യമായി കരാറടിസ്ഥാനത്തിലുള്ള നിയമനങ്ങളെ കാണാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു.. തിരുവനന്തപുരം പാപ്പനംകോട് കെ.എസ്.ആർ.ടി.സി ശ്രീചിത്ര തിരുനാൾ എൻജിനീയറിംഗ് കോളേജിൽ കരാറടിസ്ഥാനത്തിൽ പ്രിൻസിപ്പലായി നിയമിതനായ ഡോ. പ്രഭാകരൻ നായർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കരാറൊഴിവാക്കി, ചുമതല സ്ഥിരം സർവീസിലുള്ള ഡോ. ജയസുധക്ക് കൈമാറാൻ കോളേജിന്റെ ബോർഡ് ഒഫ് ഗവേണൻസ് ഹർജിക്കാരനോട് നിർദേശിച്ചിരുന്നു. ഇതിനെയാണ് ഹർജിയിൽ ചോദ്യം ചെയ്തത്. കരാറടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള വിജ്ഞാപനത്തിൽ കാലാവധി പറഞ്ഞിരുന്നില്ലെങ്കിലും, നിയമനത്തിന്റെ സ്വഭാവമറിയാവുന്ന ഹർജിക്കാരന് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടുവെന്ന് ആരോപിക്കാനാവില്ല. സ്ഥിരം സർവീസിലുള്ള ഒരാൾക്ക് ചുമതല കൈമാറാൻ നിർദേശിച്ചതിൽ അപാകതയില്ല. സ്ഥിരനിയമനം നടക്കുന്നതുവരെ പ്രിൻസിപ്പലില്ലാതെ കോളേജിന് പ്രവർത്തിക്കാനാവില്ലെന്ന് വിലയിരുത്തി ,ഹൈക്കോടതി ഹർജി തള്ളി.
ഈ സർക്കാരിന് മുട്ടിലിഴയേണ്ടി വരും: ശോഭാസുരേന്ദ്രൻ
തിരുവനന്തപുരം: സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ 48 മണിക്കൂർ ഉപവാസം ആരംഭിച്ചു. മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിച്ചാൽ ഈ സർക്കാരിന് ഭാവിയിൽ മുട്ടിലിഴയേണ്ടിവരുമെന്ന് ശോഭസുരേന്ദ്രൻ പറഞ്ഞു. സമരത്തെ പിന്തുണയ്ക്കാൻ പലരും വരും, അതിനെ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നത്. സമരത്തെ ഭീഷണികൊണ്ട് അടിച്ചമർത്താനാവില്ല. ഉദ്യോഗാർത്ഥികളുടേത് ധാർമിക സമരമാണ്. ആ സമരത്തിന് പിന്തുണ നൽകാനാണ് താൻ 48 മണിക്കൂർ ഉപവാസസമരം നടത്തുന്നത്. എല്ലാം ശരിയാക്കിത്തരുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാരാണിത്. എന്നാൽ തെറ്റുകൾ ആവർത്തിച്ചാൽ അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അഴിമതി നിറഞ്ഞ പിൻവാതിൽ നിയമനങ്ങൾ അന്വേഷിക്കണമെന്നും ശോഭ പറഞ്ഞു.