
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. റിലീസിനു മുന്നോടിയായി ഇന്ന് വൈകിട്ട് 6ന് പ്രൈമിൽ പ്രത്യേക ഫാൻ - മീറ്റ് ഇവന്റ് സംഘടിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, മീന, എസ്തർ, അൻസിബ എന്നിവർ പ്രേക്ഷകരുമായി സംവദിക്കും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്.ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയിൽ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാകുമെന്ന പ്രഖ്യാപനം വന്നത് പുതുവർഷ പുലരിയിലായിരുന്നു. " ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം.ദൃശ്യം 2 സ്‌നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ" എന്നാണ് മോഹൻലാൽ സിനിമയെക്കുറിച്ച് പറഞ്ഞത്.