aa

തിരുവനന്തപുരം: സാന്ത്വന സ്‌പർശം അദാലത്തിന്റെ വേദിയിൽ സാമൂഹ്യ അകലം പാലിക്കപ്പെട്ടില്ല. ഇന്നലെ രാവിലെ ഒമ്പതിന് മുമ്പേ ആളുകൾ എസ്.എം.വി സ്‌കൂളിൽ എത്തിത്തുടങ്ങിയിരുന്നു. സാനിറ്റൈസർ നൽകിയും ശരീര ഊഷ്‌മാവ് പരിശോധിച്ചുമാണ് എല്ലാവരെയും അകത്തേക്ക് പ്രവേശിപ്പിച്ചതെങ്കിലും കോമ്പൗണ്ടിനുള്ളിൽ ചെറിയ കൂട്ടങ്ങളായി അപേക്ഷകർ കൂടിനിന്നു. മുഖ്യവേദിയിലും ആൾത്തിരക്കുണ്ടായിരുന്നു. മന്ത്രിസഭായോഗം നടക്കുന്നതിനാൽ മന്ത്രിമാർ അദാലത്തിലെത്താൻ വൈകിയതും തിരക്ക് വർദ്ധിപ്പിച്ചു. മന്ത്രിമാർ നേരിട്ട് പരിഹരിക്കേണ്ട പരാതികളുമായി ആളുകൾ കാത്തുനിന്നതാണ് തിരക്കിന് കാരണമായത്. നെടുമങ്ങാട് താലൂക്കിന്റെ അദാലത്ത് നടക്കുമ്പോൾ കളക്ടർ ഡോ. നവ്ജ്യോത് ഖോസ മാത്രമാണ് കൂടുതൽ സമയവും വേദിയിലുണ്ടായിരുന്നത്. മുൻ അദാലത്തുകളെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണവും കൂടുതലായിരുന്നു. ഉച്ചയ്‌ക്ക് ഒന്നിന് ശേഷം തിരുവനന്തപുരം താലൂക്കിലെ ആളുകളും സ്‌കൂളിലെത്തിയതോടെ കൊവിഡ് മാനദണ്ഡങ്ങൾ വെറുംവാക്കായി.

മന്ത്രിമാർ എത്തിയില്ല,

കാത്തിരുന്നത് മണിക്കൂറുകൾ

അനുവദിച്ച് കിട്ടിയ പട്ടയം അദാലത്ത് വേദിയിലെത്തി വാങ്ങണമെന്ന നിർദ്ദേശത്തെ തുടർ‌ന്ന് അതിരാവിലെ നെടുമങ്ങാട് താലൂക്കിലെ വീട്ടിൽ നിന്നിറങ്ങിയവർ എസ്.എം.വി സ്‌കൂളിലെത്തിയി. ഇതിൽ ഭൂരിഭാഗവും രോഗികളും 60 വയസ് പിന്നിട്ടവരുമാണ്. പട്ടയം തയ്യാറായിരുന്നെങ്കിലും മന്ത്രിമാർ വന്നതിന് ശേഷം നേരിട്ട് തരുമെന്നും അതുവരെ വേദിയിൽ കാത്തിരിക്കാനും നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് രാവിലെ ഒമ്പത് മുതൽ മണിക്കൂറുകളോളമാണ് ഇവർ കാത്തിരുന്നത്. 120ലധികം പേർക്ക് പട്ടയം അനുവദിച്ചതിൽ 11 പേർക്കാണ് മന്ത്രിയുടെ കൈയിൽ നിന്ന് പട്ടയം നേരിട്ട് വാങ്ങാൻ കുറി വീണത്. ഉച്ചയ്ക്ക് ഒന്നു കഴിഞ്ഞാണ് മന്ത്രിമാർ വേദിയിലെത്തിയത്. മന്ത്രിമാർ എപ്പോഴെത്തുമെന്ന് അറിയിപ്പ് ലഭിക്കാതിരുന്നതിനാൽ ഭക്ഷണം കഴിക്കാൻ പോലും പലർക്കും കഴിഞ്ഞില്ല. ഭക്ഷണം കഴിക്കണമെങ്കിൽ പുറത്ത് പോകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടും തങ്ങളുടെ അവസരം നഷ്ടമാകുമോയെന്ന പേടിയിൽ പലരും പുറത്തിറങ്ങിയില്ല. വൈകിട്ട് മൂന്നിന് ശേഷമാണ് ഇവർക്ക് വീട്ടിൽ പോകാനായത്.