
വെള്ളറട: വേനൽകടുത്തതോടെ തീപിടിത്തം വ്യാപകമായിട്ടും വെള്ളറടയിൽ ഫയർ സ്റ്റേഷനെന്ന ആവശ്യത്തിന് ഇനിയും പരിഹാരമില്ല. ഈ ആവശ്യവുമായി പഞ്ചായത്ത് കമ്മിറ്റി നൽകിയ നിവേദനമടക്കം ഫയലിൽ വിശ്രമിക്കുകയാണ്.
വെള്ളറടയിലും പരിസര പ്രദേശങ്ങളിലും തീപിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ഫയർ സ്റ്റേഷനുകളുടെ സഹായം തേടുകമാത്രമാണ് നിലവിലുള്ള വഴി. പലപ്പോഴും ചെറിയ തീപിടിത്തങ്ങൾ പോലും നിയന്ത്രണവിധേയമാക്കുന്നതിന് കഴിയാത്ത അവസ്ഥയാണ്. തീ പടർന്നുപിടിച്ചതിന് ശേഷമാണ് പലപ്പോഴും പാറശാല, നെയ്യാറ്രിൻകര, നെയ്യാർഡാം ഫയർഫോഴ്സുകളുടെ സഹായം ലഭിക്കുന്നത്.
നെയ്യാറ്റിൻകരയിൽ നിന്നും ഫയർഫോഴ്സിന് വെള്ളറടയിൽ എത്തണമെങ്കിൽ 22 കിലോമീറ്റർ ദൂരമുണ്ട്. പാറശാലയിൽ നിന്ന് 16 കിലോമീറ്ററും ഇവർ എത്തുമ്പോഴേക്കും ഹെക്ടർ കണക്കിന് പുരയിടം കത്തിനശിച്ചിരിക്കും. വെള്ളറടയിൽ ഫയർ സ്റ്റേഷൻ സ്ഥാപിച്ചാൽ കുന്നത്തുകാൽ, ആര്യങ്കോട്, അമ്പൂരി, ഒറ്റശേഖരമംഗലം, പഞ്ചായത്തുകൾക്ക് ഇതിന്റെ സേവനം ലഭിക്കുമായിരുന്നു. ഇതാണ് അധികൃതരുടെ അവഗണനയിൽ ഇല്ലാതെയായത്.
പ്രധാന്യമേറെ....
വെള്ളറടയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കുരിശുമലയിലടക്കം പുറത്തുനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളുടെ സഹായമാണ് ലഭിക്കുന്നത്. വേനൽ കടുത്തതോടെ മലയോര മേഖലയിൽ തീപിടിത്തവും വ്യാപകമാകുന്നുണ്ട്.
ഒരാഴ്ചയ്ക്ക് മുമ്പാണ് കുരിശുമല അടിവാരത്ത് ഹെക്ടർ കണക്ക് കൃഷി സ്ഥലങ്ങളിൽ അഗ്നിബാധ ഉണ്ടായത്. അടിക്കാടുകൾ പൂർണമായും കത്തി നശിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെയാണ് ഫയർ സ്റ്റേഷനെന്ന ആവശ്യത്തിന് പ്രധാന്യമേറുന്നത്.
ആശ്രയിക്കുന്ന ഫയർ സ്റ്റേഷനുകൾ
പാറശാല
നെയ്യാറ്രിൻകര
നെയ്യാർഡാം
വെള്ളറടയിലേക്കുള്ള ദൂരം
പാറശാല: 22 കിലോമീറ്റർ
നെയ്യാറ്രിൻകര: 16 കി.മീ
നെയ്യാർഡാം: : 16 കി.മീ
"വെള്ളറടയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. സർക്കാരിന് ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്. മലയോരമേഖലയിലെ അപകടങ്ങൾ കണക്കിലെടുത്ത് ഫയർയൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം."
എം. രാജ്മോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്