1

നെയ്യാറ്റിൻകര: പെരുങ്കടവിളയിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത സനിലിന്റെ മൃതദേഹവുമായി മാരായമുട്ടം കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. തഹസിൽദാറെത്തി ചർച്ച നടത്തിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സനിൽകുമാറിന്റെ മരണത്തെ തുടർന്ന് അനാഥമായ കുടുംബത്തിന് ധനസഹായം നൽകുക, ഭാര്യയ്ക്ക് ജോലി നൽകുക എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കോൺഗ്രസ് നേതാക്കളായ എം.എസ്. അനിൽ, മാരായമുട്ടം രാജേഷ്, നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ ജോസ് ഫ്രാങ്ക്ളിൻ, ബി.ജെ.പി നേതാക്കളായ കരമന ജയൻ, ആലത്തൂർ പ്രസന്നൻ, മഞ്ചവിളാകം പ്രദീപ് തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നെയ്യാറ്റിൻകര തഹസിൽദാർ അൻസാർ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി ആർ. ബിനു എന്നിവരുമായി സമരക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വിഷയം അടിയന്തരമായി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെടുത്തി നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. തുടർന്ന് മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പിൽ അടക്കം ചെയ്തു.