
തിരുവനന്തപുരം: സ്വകാര്യ പങ്കാളിത്തം കൂടി ഉൾപ്പെടുത്തി (പി.പി.പി മോഡൽ) കേന്ദ്ര സർക്കാർ പുതുക്കിയ പദ്ധതിരേഖ അംഗീകരിച്ച് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകൾക്ക് അപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചു. 2017ൽ ഡി.എം.ആർ.സി സമർപ്പിച്ച പദ്ധതിരേഖയ്ക്കാണ് ഭരണാനുമതി നൽകിയത്. ഇതോടെ, പത്തുവർഷത്തോളം ഫയലിൽ കുരുങ്ങിയ ലൈറ്റ്മെട്രോയ്ക്ക് ജീവൻവയ്ക്കുകയാണ്. വേഗത്തിൽ കേന്ദ്രാനുമതി നേടിയെടുക്കുകയാണ് ഇനി വേണ്ടത്.അതേസമയം ലൈറ്റ് മെട്രോയല്ല, ചെലവ് കുറഞ്ഞ മെട്രോ നിയോയാണ് കേന്ദ്രം ഇപ്പോൾ അനുവദിക്കുന്നത്. തൂണുകൾക്ക് മുകളിലും റോഡുകളിലൂടെയും ഓടുന്ന ചെറുട്രെയിനാണിത്. ഇരുമ്പു ചക്രത്തിനു പകരം നിയോയ്ക്ക് ടയറാണുള്ളത്. വൈദ്യുതിയാണ് ഇന്ധനം. 12 മീറ്റർ എ.സി കോച്ചുകൾ മൂന്നെണ്ണമുണ്ടാവും. ഒരെണ്ണത്തിൽ 70 യാത്രക്കാർ. അഞ്ചര മീറ്റർ ഉയരമുള്ള തൂണിനു മുകളിലൂടെയാവും ഓടുക.
പുതുക്കിയ രേഖയിൽ തിരുവനന്തപുരത്ത് - 4673കോടി, കോഴിക്കോട് ട്- 2773 കോടി വീതമാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂമിയേറ്റെടുക്കലിനടക്കം സർക്കാർ മുടക്കേണ്ടത് 2178 കോടി. ആഗോള വായ്പയും കേന്ദ്രസഹായവും കിട്ടും. 213കോടിക്ക് മാത്രമാണ് സ്വകാര്യ പങ്കാളിത്തം. അതും ഓട്ടോമാറ്റിക് ടിക്കറ്റിംഗ്, സ്റ്റേഷനുകളിലേക്കുള്ള ലിഫ്‌റ്റ്, എസ്കലേറ്റർ എന്നിവയിൽ മാത്രം.
മെട്രോ സർവീസിന്റെ നഷ്ടം നികത്താൻ പാതയ്ക്കിരുവശത്തുമുള്ള ഇടനാഴിയിലെ ഭൂമിയുടെ രജിസ്ട്രേഷൻ നിരക്ക് രണ്ട് ശതമാനവും പ്രോപ്പർട്ടി ടാക്സ് 50 ശതമാനവും ഉയർത്തും. വളവുകളിൽ സ്വയം തിരിയുന്ന ലീനിയർ ഇൻഡക്‌ഷൻ മോട്ടോർ സാങ്കേതിക വിദ്യയിലെ കോച്ചുകളാവും ഉപയോഗിക്കുക. പൊതുഗതാഗതസംവിധാനങ്ങൾ മെട്രോയ്ക്കൊപ്പം ചേർക്കാൻ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടിയും രൂപീകരിക്കും.
ചെലവ്
നിയോ: കിലോ മീറ്ററിന് 170 കോടി. മെട്രോ: 300 കോടി
റോഡിലൂടെയെങ്കിൽ നിയോയ്ക്ക് 25 കോടി മതി
റോഡിന് വീതിയില്ലാത്തതിനാൽ ഇവിടെ നടക്കില്ല
ശ്രീധരന്റെ ഉറപ്പ്
മെട്രോ പദ്ധതികളുടെ നിലവാരം നിശ്ചയിക്കാനുള്ള കേന്ദ്ര സമിതിയുടെ അദ്ധ്യക്ഷൻ ഇ. ശ്രീധരനാണ്. മാനദണ്ഡങ്ങളെല്ലാം പാലിച്ച് അപേക്ഷിച്ചാൽ കേന്ദ്രാനുമതി നേടിയെടുക്കാമെന്ന് ശ്രീധരൻ സർക്കാരിന് ഉറപ്പു നൽകിയിട്ടുണ്ട്.
നിരക്ക്
0-2കി.മീ വരെ: 13
2-5കി.മീ വരെ: 25
5-12കി.മി വരെ: 38
12-21കി.മീ വരെ: 51
21കി.മീക്ക് മുകളിൽ: 63
തിരുവനന്തപുരം
ടെക്നോസിറ്റി -കരമന
21.48 കി.മീ
കോഴിക്കോട്
മെഡി.കോളേജ് -മീഞ്ചന്ത
13.3 കി.മീ