psc-rank-holders-

തിരുവനന്തപുരം: താത്കാലിക നിയമനങ്ങളിൽ നിന്ന് പിന്തിരിയാൻ ഇന്നലെ സർക്കാർ തീരുമാനിച്ചെങ്കിലും, സെക്രട്ടേറിയറ്റിന് മുന്നിലെ സമരപരമ്പരയ്ക്ക് വിരാമമില്ല.തങ്ങളുടെ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടുംവരെ സമരം തുടരുമെന്നാണ് റാങ്ക് ഹോൾഡേഴ്സ് സംഘടനകളുടെ നിലപാട്.

11 ദിവസം സമരം പിന്നിട്ട സി.പി.ഒ ഉദ്യോഗാർത്ഥികൾ ഇന്നലെയും ശവമഞ്ചവുമായി പ്രതീകാത്മക വിലാപ യാത്ര നടത്തി.സമരപ്പന്തലിൽ നിന്ന് തുടങ്ങിയ വിലാപ യാത്ര സമരഗേറ്റിന് മുന്നിലെത്തിയപ്പോൾ ശവമഞ്ചത്തിൽ റീത്ത് വച്ചു.സമരക്കാർക്ക് അനുഭാവം പ്രകടിപ്പിച്ച് ആർ.വൈ.എഫ് നേതൃത്വത്തിൽ പിച്ചച്ചട്ടിയുമായി പ്രകടനം നടത്തി.

ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും കെ.എസ്.ശബരീനാഥും തുടങ്ങിയ നിരാഹാര സമരം നാലു ദിവസം പിന്നിട്ടു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,പി.കെ.ബഷീർ എം.എൽ.എ , കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ സമരക്കാരെ സന്ദർശിച്ചു.പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും അനുസ്മരണ ദിനമായതിനാൽ സമരപ്പന്തലിന് മുന്നിൽ ഇരുവരുടെയും ചിത്രങ്ങൾ വച്ച് പുഷ്പാർച്ചന നടത്തി. .

23-ാം ദിവസത്തിലേക്ക് കടന്ന എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനുമെത്തി.48 മണിക്കൂർ സമരക്കാർക്കൊപ്പം താനും സെക്രട്ടേറിയറ്റിന് മുന്നിലിരിക്കുമെന്ന് അവർ പറഞ്ഞു.