naufal

തിരുവനന്തപുരം: മണക്കാട് കല്ലാട്ട് മുക്കിന് സമീപം മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മണക്കാട് കമലേശ്വരം സ്വദേശി ഷമീൽ കെ.ആർ (25), മണക്കാട് മാണിക്യവിളാകം നൗഫൽ (26) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീലിന്റെ സുഹൃത്ത് ഷാഹിദിനെ (26) മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി 12ഓടെ മണക്കാട് കല്ലാട്ടുമുക്കിലെ ഗ്രാൻഡ് ബേക്കറിക്ക് സമീപത്താണ് അപകടം നടന്നത്. ഓവർബ്രിഡ്ജിൽ കട നടത്തുകയാണ് ഷമീൽ. കട അടച്ച് സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടെ അമിതവേഗത്തിൽ എതിരെ വന്ന ബൈക്ക് ഷമീലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിൽ തലയടിച്ച് വീണു. പൂന്തുറ പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഷമീൽ മരിച്ചിരുന്നു. ബൈക്കുകൾ തകർന്നിട്ടുണ്ട്. ഷമീലിന്റെയും നൗഫലിന്റെയും സംസ്കാരം ഇന്നലെ വൈകിട്ട് നടന്നു.