തിരുവനന്തപുരം: ജില്ലാ മെഡിക്കൽ ഒാഫീസർ ആയിരുന്ന ഡോ. കെ.എം. സിറാബുദ്ദീനെ അദ്ദേഹത്തിന്റെ ചേംബറിൽ ഘെരോവ ചെയ്ത് ഭീഷണിപ്പെടുത്തിയ കേസിലെ എൻ.ജി.ഒ അസോസിയേഷൻ നേതാക്കളായ അഞ്ചുപേരെ കോടതി ആറ് മാസം കഠിന തടവിനും ഇരുപതിനായിരം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുമാസം അധിക തടവ് അനുഭവിക്കണമെന്ന് ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. ബിജു മേനോൻ വിധിച്ചു.

അതിയന്നൂർ മോഹന വിലാസത്തിൽ സനൽ രാജ്, കുര്യാത്തി ഇന്ദിര നിലയത്തിൽ സുരേഷ് ബാബു, വീരണക്കാവ് ചന്ദ്ര ഭവനിൽ ഗോപകുമാർ, തൃക്കണ്ണാ പുരം രേവതിയിൽ മനു.യു.കെ, മാറനല്ലൂർ സർക്കാർ ക്വാർട്ടേഴ്സിൽ വിജയൻ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾ തങ്ങളുടെ സഹപ്രവർത്തകനും വിഴിഞ്ഞം പബ്ളിക് ഹെൽത്ത് സെന്ററിലെ ക്ളർക്കുമായിരുന്ന സുരേന്ദ്രനെ വിഴിഞ്ഞത്ത് നിന്ന് മാറ്റരുതെന്ന ആവശ്യവുമായാണ് ഡി.എം.ഒ യെ അദ്ദേഹത്തിന്റെ ചേംബറിൽ തടഞ്ഞ് വച്ച് ഭീഷണിപ്പെടുത്തിയത്. ഡി.എം.ഒ യുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ മജിസ്ട്രേട്ട് കോടതി പ്രതികളെ വെറുതെ വിട്ടു. ഇതിനെതിരെ മുൻ ഡി.എം.ഒ നൽകിയ അപ്പീലിലാണ് വിധി.