tomj-jose-

തിരുവനന്തപുരം: ടെന്നീസ് ക്ലബിന് റവന്യൂവകുപ്പ് നിശ്ചയിച്ച 11 കോടി രൂപയുടെ പാട്ടക്കുടിശ്ശിക വെറും ഒരു കോടിയാക്കി കുറയ്ക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഫയലിൽ തീരുമാനമെടുക്കാതെ മന്ത്രിസഭായോഗം. ഇന്നലെ ഇതുസംബന്ധിച്ച ചർച്ച നടന്നപ്പോൾ ചീഫ് സെക്രട്ടറിയുടെ നീക്കത്തിനെതിരെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ രൂക്ഷ വിമർശനമുയർത്തി. ചില ഘടകകക്ഷി മന്ത്രിമാർ പിന്തുണച്ചു. ബാക്കിയുള്ളവർ മൗനം പാലിച്ചു. തുടർന്ന് ഫയൽ മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മന്ത്രിതല ഉപസമിതി നിശ്ചയിച്ച പാട്ടക്കുടിശ്ശികയിൽ ഇളവനുവദിക്കാനുള്ള നീക്കം തോന്ന്യാസമാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിതലത്തിലെടുക്കുന്ന തീരുമാനങ്ങൾ വ്യക്തി താത്പര്യം വച്ച് അട്ടിമറിക്കാൻ അനുവദിക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് മറ്റുചില മന്ത്രിമാരും ചൂണ്ടിക്കാട്ടി.

പാട്ടക്കുടിശ്ശിക വരുത്തിയതിന് സർക്കാർ തിരിച്ചെടുക്കാൻ തീരുമാനിച്ച ടെന്നിസ് ക്ലബ്ബ് 11 കോടി രൂപ അടച്ചാൽ നടപടി ഒഴിവാക്കാമെന്ന് തീരുമാനിച്ചിരുന്നു. കവടിയാറിലെ 4.27 ഏക്കറാണ് കുത്തകപ്പാട്ടത്തിന് ക്ലബിന് കൈമാറിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പാട്ടക്കുടിശ്ശിക ആറ് കോടിയിൽ നിന്ന് പകുതിയാക്കി കുറയ്ക്കുകയും പാട്ടക്കാലാവധി 30 വർഷത്തേക്ക് നീട്ടുകയും ചെയ്തിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ വിവാദ ഉത്തരവുകൾ പരിശോധിക്കാനായി രൂപീകരിച്ച എ.കെ. ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി കുടിശ്ശിക കുറച്ച തീരുമാനം റദ്ദാക്കാൻ ശുപാർശ ചെയ്തു. തുടർന്ന് ഹിയറിംഗുകൾക്കൊടുവിലാണ് 11 കോടി രൂപ കുടിശ്ശികയടയ്ക്കാൻ നിർദ്ദേശിച്ചത്. എന്നാൽ, കഴിഞ്ഞ ഏപ്രിലിൽ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ഇടപെട്ട് പൊതുതാത്പര്യമുള്ള കായിക പരിശീലനം നടക്കുന്ന കേന്ദ്രമെന്ന് ചൂണ്ടിക്കാട്ടി പാട്ടക്കുടിശ്ശിക വീണ്ടും കുറയ്ക്കാൻ നിർദ്ദേശിച്ചു. എന്നാൽ ക്ലബിൽ സൗജന്യ പരിശീലനമില്ലെന്നും ഭൂമിയേറ്റെടുക്കണമെന്നും റവന്യൂ സെക്രട്ടറി എ. ജയതിലക് നിർദ്ദേശിച്ചു. ഇതു തള്ളിയാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പാട്ടക്കുടിശ്ശിക ഒരു കോടി അടച്ചാൽ മതിയെന്ന് ഫയലിൽ കുറിച്ചത്. മുഖ്യമന്ത്രി ഫയൽ കണ്ടതിന്റെ കൂടി അടിസ്ഥാനത്തിലാണിതെന്നും രേഖപ്പെടുത്തി. റവന്യൂ വകുപ്പ് എതിർത്തതോടെയാണ് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കെത്തിയത്.