തിരുവനന്തപുരം: സ്വയംഭരണ കോളേജ് നടത്തിപ്പിനായി സർക്കാർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, സർവകലാശാല, വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികളുൾപ്പെട്ട ഗവേണിംഗ് ബോഡിയെ നിർദ്ദേശിക്കുന്ന ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കോളേജുകൾക്ക് അക്കാഡമിക് സ്വാതന്ത്ര്യവും സർവകലാശാലകൾക്ക് അക്കാഡമിക് നിലവാരവും ഉറപ്പാക്കാൻ സാഹചര്യമൊരുക്കുന്നതാണ് നിയമഭേദഗതി. കോളേജ് യൂണിയൻ ചെയർമാനാണ് വിദ്യാർത്ഥി പ്രതിനിധി.

അക്കാഡമിക് നിലവാരം എല്ലാവർഷവും വിലയിരുത്തുന്നതിന് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും അതിന് കീഴിൽ അക്കാഡമിക് വിദഗ്ദ്ധസമിതിയും സ്വയംഭരണ പദവിക്കുള്ള യോഗ്യത പരിശോധിനുള്ള സമിതിയും രൂപീകരിക്കണം. പ്രവേശനം, ഫീസ് എന്നിവ സംബന്ധിച്ച പരാതിയും വിദ്യാർത്ഥികളുടെ പരാതിയും പരിഹരിക്കാനും സമിതിയുണ്ടാകണം. ആന്റി റാഗിംഗ് കമ്മിറ്റി, വനിതകളുടെ പരാതികൾ പരിഹരിക്കാൻ സമിതി എന്നിവയും വേണം.

വിദ്യാർത്ഥി പരാതി പരിഹാരസമിതിയിൽ കോളേജ് പ്രിൻസിപ്പലും കോളേജ് യൂണിയൻ ചെയർമാനും അദ്ധ്യാപക രക്ഷാകർത്തൃസമിതിയിലെ ഒരംഗവും ഉണ്ടാകണം. പരാതി ലഭിച്ചാൽ 14 ദിവസത്തിനകം പരിഹാരമുണ്ടാക്കണം. സമിതിയുടെ തീരുമാനത്തിനെതിരെ വിദ്യാർത്ഥിക്ക് വൈസ് ചാൻസലർക്ക് അപ്പീൽ നൽകാം. വൈസ് ചാൻസലർ 60 ദിവസത്തിനകം തീരുമാനമെടുക്കണം.

അഫിലിയേറ്റ് ചെയ്ത സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ടുകളും റഗുലേഷനുകളും ഓർഡിനൻസുകളും സ്വയംഭരണ കോളേജിനും ബാധകമായിരിക്കും. വർഷത്തിൽ ഏത് സമയത്തും സ്വയംഭരണ പദവിക്കായി അപേക്ഷ നൽകാം. അപേക്ഷ ഏഴ് ദിവസത്തിനകം സർവകലാശാലാ സിൻഡിക്കേറ്റിൽ വിദഗ്ദ്ധസമിതിയുടെ അഞ്ച് പേരടങ്ങുന്ന സമിതിയെ ഏല്പിക്കണം. ഈ സമിതി വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിക്കും. അത് യു.ജി.സിക്ക് കൈമാറും. വൈസ് ചാൻസലർ അപേക്ഷ നിരസിച്ചാൽ അക്കാര്യം ബന്ധപ്പെട്ട കോളേജിനെയും സർക്കാരിനെയും അറിയിക്കണം. അടുത്ത വർഷം വീണ്ടും അപേക്ഷിക്കാം.

സ്വയംഭരണ പദവി അപേക്ഷ പരിശോധിക്കാനും കരിക്കുലം മാറ്റാനും പ്രോ വൈസ് ചാൻസലർ അദ്ധ്യക്ഷനായ സമിതിയെ നിയോഗിക്കണം. അതിൽ സിൻഡിക്കേറ്റംഗങ്ങളും വൈസ് ചാൻസലർ നിർദ്ദേശിക്കുന്ന അക്കാഡമിക് വിദഗ്ദ്ധരും കോളേജ് നിർദ്ദേശിക്കുന്ന മൂന്ന് വിദഗ്ദ്ധരുമുണ്ടാകും. പദവി ലഭിച്ച കോളേജിന്റെ നിലവാരവും പഠന പുരോഗതിയും പരീക്ഷാനടത്തിപ്പും എല്ലാ വർഷവും പരിശോധിച്ച് സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടും യു.ജി.സിക്ക് കൈമാറും.