തിരുവനന്തപുരം: എസ്.എം.വി സ്കൂളിൽ ഇന്നലെ നടന്ന സ്വാന്തനസ്പർശം അദാലത്തിനെത്തിയ മന്ത്രിമാർക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഇന്നലെ ഉച്ചയോടെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ,ജെ. മേഴ്സിക്കുട്ടിഅമ്മ, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവർ സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി പ്രവർത്തകരെത്തിയത്. വാഹനം തടയാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റിജി റഷീദ്, നേതാക്കളായ വീണ എസ് നായർ, അരുൺ രാജൻ, അരുൺ അരുമാനൂർ, ഷാജി മലയിൻകീഴ്, ഹാഷിം റഷീദ്, ശ്രീദേവ് സോമൻ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെയും കരിങ്കൊടി
മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ വഴുതക്കാട് വച്ച് യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ പൊലീസ് ഇടപെട്ട് തടഞ്ഞു. പിന്നാലെ അറസ്റ്റ് ചെയ്‌ത് മാറ്റി. ചിത്രദാസ്, ബിന്ദു.ജെ.എസ്, ബിസ്മി എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.