
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനാരോഗ്യ നിയമം നടപ്പിലാക്കാൻ ഓർഡിനൻസ് ഇറക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1939 ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ടും 1955ലെ ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ടും ഏകീകരിച്ചുകൊണ്ടാകും പൊതുജനാരോഗ്യ നിയമം.
1953ലെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷ്‌ണേഴ്‌സ് ആക്ടും 1914ലെ മദ്രാസ് മെഡിക്കൽ രജിസ്‌ട്രേഷൻ ആക്ടും ഏകീകരിച്ച് കേരള മെഡിക്കൽ പ്രാക്ടീഷ്‌ണേഴ്‌സ് ആക്ട് നടപ്പാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാനും ശുപാർശ ചെയ്യും.ദുരന്താഘാത സാധ്യത സംബന്ധിച്ച വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി 2016ലെ നഗര ഗ്രാമാസൂത്രണ നിയമം ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.
കേരള അഡ്വക്കേറ്റ് ക്ലാർക്ക് ക്ഷേമനിധിയിൽ അംഗമായ അഭിഭാഷക ക്ലാർക്കുമാരുടെ പ്രതിമാസ പെൻഷൻ 600 രൂപയിൽ നിന്ന് 2000 രൂപയായി വർദ്ധിപ്പിക്കും. വിരമിക്കൽ ആനുകൂല്യം മൂന്നു ലക്ഷം രൂപയിൽ നിന്ന് നാല് ലക്ഷമായി ഉയർത്തും.
കാളപൂട്ട് മത്സരങ്ങൾ നടത്താം
കാർഷിക സംസ്കാരത്തിന്റെ ഭാഗമായ കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ തുടർന്ന് നടത്തുന്നതിന് കേന്ദ്രനിയമമായ പ്രിവൻഷൻ ഒഫ് ക്രുവൽറ്റി ടു ആനിമൽസ് ആക്ടിൽ ഭേദഗതി വരുത്തിയ ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇത് ഓർഡിനൻസായി വിളംബരം ചെയ്യാൻ ഗവർണറോട് ശുപാർശ ചെയ്യും. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്റ കാലാവധി മാർച്ച് 28 മുതൽ ആറു മാസത്തേക്ക് ദീർഘിപ്പിക്കും.
ശമ്പള പരിഷ്കരണം
ട്രാക്കോ കേബിൾ കമ്പനിയിലെ മാനേജീരിയൽ ഉദ്യോഗസ്ഥർ, സംസ്ഥാന വികലാംഗ ക്ഷേമകോർപ്പറേഷനിലെ ജീവനക്കാർ, കെ.എസ്.എഫ്.ഇ ജീവനക്കാർ എന്നിവരുടെ ശമ്പളം പരിഷ്കരിക്കാൻ തീരുമാനിച്ചു. 2017 ആഗസ്റ്റ് ഒന്നു മുതൽ പ്രാബല്യമുണ്ടാകും.