
തിരുവനന്തപുരം:കാഴ്ചവൈകല്യമുള്ള മധുവിനും മുരളിക്കും സ്വന്തമായി ഉപജീവന മാർഗം തുടങ്ങാൻ വഴിതുറന്ന് സാന്ത്വന സ്പർശം അദാലത്ത്. ഇരുവർക്കും ഉപജീവനമാർഗത്തിനായി ലോട്ടറി വിൽപ്പനയ്ക്കും പെട്ടിക്കട തുടങ്ങുന്നതിനുമായി 20,000 രൂപ വീതം അനുവദിച്ചു.ഉപജീവന മാർഗത്തിന് സർക്കാരിന്റെ സഹായംതേടി അപേക്ഷ നൽകിയ ഇരുവരേയും ഇന്നലെ അദാലത്ത് വേദിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടു കേട്ടു.വരുമാനമാർഗം കണ്ടെത്താനായാൽ തങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന് ഇരുവരും മന്ത്രിയോടു പറഞ്ഞു.തുടർന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഇവർക്ക് 20,000 രൂപ വീതം അനുവദിച്ചത്.കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡിലെ അംഗങ്ങളാണ് ഇരുവരും.നെടുമങ്ങാട് സ്വദേശിയാണ് മുരളി. വീട്ടിൽ ഭാര്യയും രണ്ട് പെൺ മക്കളുമാണുള്ളത്. ബാലരാമപുരം സ്വദേശി മധുവിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.