
തിരുവനന്തപുരം: ലൈഫ് മിഷനിൽ മൂന്നാം ഘട്ടത്തിലേയും അഡീഷണൽ ലിസ്റ്റിലേയും ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കുന്നതിന് ഹഡ്‌കോയിൽ നിന്ന് 1500 കോടി രൂപ വായ്പയ്ക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലൈഫ് വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നത് പൊതുമേഖലാ കമ്പനിയായ യുണൈറ്റഡ് ഇൻഷ്വറൻസുമായി ചേർന്നാണ്.
പുനരുപയോഗ ഊർജം സംബന്ധിച്ച ദേശീയ, സംസ്ഥാന നയങ്ങൾക്കനുസൃതമായി അനർട്ട് പുനഃസംഘടിപ്പിക്കാനുള്ള നിർദ്ദേശവും അംഗീകരിച്ചു. ഇതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കും.വനിതാവികസന കോർപറേഷനിൽ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആയി ഉയർത്തും. സ്വച്ച് ഭാരത് മിഷൻ രണ്ടാംഘട്ടം വിഹിതം സമയബന്ധിതമായി ലഭിക്കുമെന്ന് ഉറപ്പാക്കും.
ഐ.ടി കമ്പനികൾക്ക്
വാടക ഇളവ്
കൊവിഡ് മൂലം പ്രതിസന്ധിയിലായ ഐ.ടി കമ്പനികളെ സഹായിക്കാൻ, സർക്കാർ ഐ.ടി പാർക്കുകളിൽ 25,000 ചതുരശ്ര അടി വരെ സ്ഥലം ഉപയോഗിക്കുന്നവർക്ക് 2020 ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ വാടകയിൽ 10,000 ചതുരശ്ര അടി വരെ ഒഴിവാക്കും. ബാക്കി സ്ഥലത്തിന്റെ വാടകയ്ക്ക് 2020 ഏപ്രിലിലെ ഉത്തരവ് പ്രകാരമുള്ള മോറട്ടോറിയം ബാധകമായിരിക്കും. വാടക അടച്ചിട്ടുണ്ടെങ്കിൽ 2020- 21ലെ തുടർന്നുള്ള മാസങ്ങളിൽ ക്രമീകരിച്ച് കൊടുക്കും. 10,000 ചതുരശ്ര അടി വരെ സ്ഥലത്തെ എല്ലാ സ്ഥാപനങ്ങൾക്കും 2020 ജൂലായ് മുതൽ ഡിസംബർ വരെയുള്ള വാടക എഴുതിത്തള്ളും.