aradhana

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിർമ്മിക്കാനും നവീകരിക്കാനും ജില്ലാകളക്ടറുടെ മുൻകൂർ അനുമതി വേണമെന്ന മുൻവ്യവസ്ഥ ഒഴിവാക്കിയ സർക്കാർ തീരുമാനത്തിൽ കൂടുതൽ വ്യക്തത വരുത്തി പുതിയ ഉത്തരവ് പുറത്തിറക്കി. രണ്ടാഴ്ച മുമ്പ് മന്ത്രിസഭായോഗമാണ് ആരാധനാലയങ്ങൾ നിർമ്മിക്കാൻ കളക്ടർമാരുടെ ഉത്തരവ് വേണമെന്ന നിബന്ധന ഒഴിവാക്കാൻ തീരുമാനിച്ചത്. പകരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് വ്യവസ്ഥ കൊണ്ടുവന്നു.

വിവിധ മതസംഘടനകളും സ്ഥാപനങ്ങളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തുകയും ചെയ്തു. എന്നാൽ തദ്ദേശസ്ഥാപനങ്ങളെ സ്വാധീനിച്ച് തോന്നിയപടി ആരാധനാലയങ്ങൾ നിർമ്മിക്കാൻ പുതിയ വ്യവസ്ഥ ഇടവരുത്തുമെന്ന ആശങ്കയുയർന്നതിനെ തുടർന്നാണ് സർക്കാർ തീരുമാനത്തിൽ കൂടുതൽ വ്യക്തതവരുത്തി കഴിഞ്ഞദിവസം പുതിയ ഉത്തരവ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയത്.

സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും കർശന വ്യവസ്ഥകളാണ് പുതിയ ഉത്തരവിലുള്ളത്. ഒരു ആരാധനാലയം സ്ഥാപിച്ചാൽ അവിടെ നിലനിൽക്കുന്ന മതസൗഹാർദവും ക്രമസമാധാനവും തകരാൻ ഇടയാകുമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ ആ നിർമാണം തടയണം. പകരം മറ്റേതെങ്കിലും ഇടങ്ങളിലേക്ക് ആരാധനാലയം മാറ്റാൻ നിർദ്ദേശിക്കണം.

മുൻകൂർ അനുമതിയില്ലാതെ ആരാധനാലയങ്ങൾ സ്ഥാപിക്കാനും നവീകരിക്കാനും തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കരുത്. ഇതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.ആരാധനാലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടാകരുത്. റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം മാറ്റിവച്ച ശേഷമേ നിർമാണവും നവീകരണവും പാടുള്ളൂ എന്നും പുതിയ ഉത്തരവിലുണ്ട്.