
എൽ.ഡി.എഫ് വീണ്ടും വന്നാൽ സ്ഥിരപ്പെടുത്തും
ലൈഫ് വീടിന് നാലു ലക്ഷം വരെ ഇൻഷ്വറൻസ്
തിരുവനന്തപുരം: ജോലിക്കായി സെക്രട്ടേറിയറ്റ് പടിക്കൽ പി.എസ്.സി റാങ്ക് ജേതാക്കൾ തുടരുന്ന സമരം കോൺഗ്രസും ബി.ജെ.പിയും ഏറ്റെടുത്ത് രാഷ്ട്രീയ രൂപം നൽകിയത് തിരഞ്ഞെടുപ്പിൽ വികസന മുന്നേറ്റവും ക്ഷേമപ്രവൃത്തികളും പ്രചാരണ വിഷയമാക്കി മുന്നേറുമ്പോൾ കരടാകുമെന്ന തിരിച്ചറിവിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിറുത്തിവയ്ക്കാൻ സർക്കാർ തീരുമാനം. പി.എസ്.സി റാങ്ക് ജേതാക്കൾക്ക് കൂടുതൽ തൊഴിലവസരം ഉറപ്പാക്കാൻ വിവിധ വകുപ്പുകളിലായി 3,823 തസ്തികകൾ സൃഷ്ടിക്കാനും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 2,799 തസ്തികകളും ആരോഗ്യ വകുപ്പിലാണ്. ഈ സർക്കാർ സൃഷ്ടിച്ച തസ്തികകൾ ഇതോടെ മുപ്പതിനായിരം കടന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ചയൊടുവിലെത്താൻ സാദ്ധ്യത നിലനിൽക്കെ മന്ത്രിസഭായോഗം മറ്റു ചില ജനപ്രിയ തീരുമാനങ്ങളിലേക്കും കടന്നു. ലൈഫ് ഗുണഭോക്താക്കൾക്ക് ഇൻഷ്വറൻസ്, ബസിനും ഐ.ടി സ്ഥാപനങ്ങൾക്കും നികുതി ഇളവ്, പൊതുജനാരോഗ്യ നയം എന്നിവ ഇതിൽപ്പെടുന്നു.
ലൈഫിലുൾപ്പെട്ട ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ആദ്യ മൂന്നുവർഷ പ്രീമിയം സർക്കാർ അടയ്ക്കും. 2,50,547 വീടുകൾക്ക് ഇതിനായി 8.74 കോടി രൂപയാണ് വേണ്ടിവരുക. മൂന്നു വർഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇൻഷ്വറൻസ് പുതുക്കാം.
അതേസമയം, താത്കാലിക, കരാർ ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ മരവിപ്പിച്ചെങ്കിലും വേണ്ടെന്നു വയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ തുറന്നു പറഞ്ഞു. എൽ.ഡി.എഫ് വീണ്ടും വന്നാൽ സ്ഥിരപ്പെടുത്തൽ തുടരും. ഇതിനെ തെറ്റായി ഉപയോഗിക്കുന്നവർക്ക് ആയുധമാക്കാൻ അവസരം കൊടുക്കേണ്ടെന്നതിനാലാണ് ഇപ്പോഴത്തെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട്ടിൽ നടക്കാൻ പാടില്ലാത്തതെന്തോ ചെയ്യുന്നെന്ന പ്രതീതിയുണ്ടാക്കാൻ നോക്കുകയാണ്. ബോധപൂർവം സർക്കാരിനെ കരിവാരിത്തേയ്ക്കാൻ ഒരു വിഭാഗം പ്രവർത്തിക്കുന്നു. അവർക്ക് അതിന് അവസരം കൊടുക്കേണ്ടതില്ല. ജനങ്ങൾ എൽ.ഡി.എഫ് സർക്കാരിനൊപ്പം തന്നെയാണ്
പിണറായി വിജയൻ, മുഖ്യമന്ത്രി
പുതിയ തസ്തികകൾ (കൂടുതലുള്ളവ)
ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിൽ: 1200
മെഡി.വിദ്യാഭ്യാസ ഡയറക്ടർക്കു കീഴിൽ 527
ആയുഷ് വകുപ്പിനു കീഴിൽ: 300
കണ്ണൂർ മെഡിക്കൽ കോളേജ്: 772
മലബാർ കാൻസർ സെന്റർ: 33
പുനലൂർ താലൂക്കാശുപത്രി: 17
വിവിധ ഫയർ സ്റ്റഷനുകളിൽ: 65
35 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ: 151
തവനൂർ സെൻട്രൽ ജയിലിലേക്ക്: 161
28 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ്:100
വിവിധ അറബിക് എയ്ഡഡ് കോളേജുകൾ: 54
മുൻസിഫ് മജിസ്ട്രേട്ട് കോടതികളിൽ മലയാളം പരിഭാഷകർ: 50